ന്യൂയോർക്ക്: ലുക്ക്ഔട്ട് നോട്ടീസിൽ പ്രതിയുടെ ചിത്രം തെറ്റായി നൽകി പൊല്ലാപ്പിലായിരിക്കുകയാണ് ന്യൂയോർക്ക് പൊലീസ്. പ്രതിയുടേതെന്ന് തെറ്റിദ്ധരിച്ച് പൊലീസുകാർ നൽകിയത് ഇൻസ്റ്റഗ്രാമിൽ 8.4 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇവ ലോപ്പസിന്‍റെ ചിത്രമാണ്. ലുക്ക് ഔട്ട് നോട്ടീസ് തന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തിയെന്നും ഫോളോവേഴ്സിന്‍റെ ഇടയിൽ സംശയമുയർത്തിയെന്നും ആരോപിച്ച് പൊലീസ് വകുപ്പിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് ലോപ്പസ്. 23 മില്യൺ പൗണ്ട് (220 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
2021 ആഗസ്റ്റിൽ ഫ്ലോറിഡയിൽ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് ഇവ ലോപ്പസ് തന്റെ ഫോട്ടോ സഹിതമുള്ള ലുക്ക്ഔട്ട് നോട്ടീസ് കാണുന്നത്. നിരപരാധിയായ തന്നെ നോട്ടീസ് കാരണം പലരും സംശയിച്ചെന്നും ഇത് മാനസികമായി തളർത്തിയെന്നും ലോപ്പസ് പറഞ്ഞു. തെറ്റ് മനസ്സിലാക്കിയ ഉടന്‍ പൊലീസ് വകുപ്പ് നോട്ടീസ് പിൻവലിച്ചിരുന്നു. എന്നാൽ, സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും നോട്ടീസ് പ്രചരിക്കുന്നുണ്ടെന്ന് ലോപ്പസ് ചൂണ്ടിക്കാട്ടി.
ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ലുക്ക്ഔട്ട് നോട്ടീസിൽ തന്‍റെ ചിത്രമുള്ളതിനാൽ ഇപ്പോഴും ആളുകൾ തന്നെ കള്ളിയായും വേശ്യയായും കണക്കാക്കുന്നതായി ലോപ്പസ് പറഞ്ഞു. പൊലീസിന് ഇത്തരത്തിൽ ഒരു അബദ്ധം സംഭവിച്ചെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും തനിക്കേറ്റ മാനസികാഘാതങ്ങൾ കൊണ്ടാണ് നിയമപരമായി മുന്നോട്ട് പോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.