ദുരന്ത ഭൂമികൾ ബാക്കിയാക്കുന്നത്...

സിറിയയിലും തുർക്കിയിലും ഉണ്ടായ ഭൂചലനത്തിൽ മരണ നിരക്ക് 17,000 കടക്കുമ്പോൾ ദുരന്തഭൂമിയിൽ നിന്നുള്ള ചിത്രങ്ങൾ ലോകത്തിന്‍റെ കണ്ണ് നിറക്കുന്നതാണ്. അമ്മ നഷ്ടപ്പെട്ട കുഞ്ഞിനും കുടുംബത്തെ നഷ്ടമായ അച്ചനും ഗർഭിണിയായ ഭാര്യയെ നഷ്ടപ്പെട്ട ഭർത്താവിനുമെല്ലാം ഒരേ മുഖമാണ്. നഷ്ടത്തിന്‍റെ.. വേദനയുടെ... ഒറ്റപ്പെടലിന്‍റെ മുഖം...


ഒറ്റ രാത്രിയിൽ ജീവിതം തകർന്നടിഞ്ഞവർക്ക് ആ ദുരന്തഭൂമി ബാക്കിയാക്കുന്നത് കരളലിയിപ്പിക്കുന്ന ചിത്രങ്ങൾ മാത്രമാണ്. ഫെബ്രുവരി ആറിനാണ് തുർക്കിയിലും സിറിയയിലും 7.8 തീവ്രതയുള്ള ആദ്യത്തെ ഭൂചലനം ഉണ്ടാകുന്നത്. പുലർച്ചെ നാല് മണിക്ക് ശേഷമായിരുന്നു അത്. ദുരന്തവാർത്തകൾ അതിവേഗം ലോകത്തിന്‍റെ നാനാഭാഗത്തേക്കും പരന്നു. സഹായ ഹസ്തങ്ങളുമായി ലോക രാജ്യങ്ങൾ അവർക്ക് മുമ്പിൽ ഉണ്ടെങ്കിലും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഇനി എന്ത് എന്നറിയാതെ ഒരു ജനതമുഴുവൻ പകച്ച് നിൽക്കുകയാണ്.

ഒരായുസിന്‍റെ അധ്വാ​നം കൊണ്ട് കെട്ടിപ്പണിത സ്വപ്നഭവനങ്ങൾ. അത് മു​ഴുവൻ ഒറ്റ രാത്രിയിൽ നിലം പതിച്ചപ്പോൾ, കൊടും തണുപ്പിലും തകർന്നടിഞ്ഞ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിലും അഭയം പ്രാപിക്കുന്ന കുട്ടികളടക്കമുള്ളവരുടെ ഹൃദയം വിങ്ങുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങൾ പങ്കുവെക്കുന്നത്.


അത്തരത്തിൽ മനുഷ്യ മനസുകളെ പിടിച്ചുലക്കുന്ന ചിത്രമാണ് ദുരന്ത ഭൂമിയിൽ നിന്ന് ഫോട്ടോഗ്രാഫർ അഡെം ആൾട്ടൻ പകർത്തിയ ഈ ചിത്രം. ദുരന്തത്തിൽ തകർന്ന കെട്ടിടത്തിന്‍റെ അകത്ത് മരിച്ച് കിടക്കുന്ന മകളുടെ കൈയിൽ പിടിച്ചിരിക്കുന്ന നിസ്സഹായനായ പിതാവ്. പിന്നീട് പുറത്ത് വന്ന റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച് അദ്ദേഹത്തിന്റെ പേര് മെസ്യൂട്ട് ഹാൻസ് എന്നാണ്. അദ്ദേഹത്തിന്റെ 15 വയസ്സുള്ള മകൾ ഇർമാകാണ് തകർന്ന വീടിനടിയിൽ മരിച്ചുകിടക്കുന്നത്. ദുരന്ത ഭൂമികൾ ബാക്കിയാക്കുന്ന ചിലതുണ്ടിങ്ങിനെ....അഡെം ആൾട്ടന്‍റെ ചിത്രങ്ങൾ തുറന്ന് പറയുന്നത് പോലെ...

Tags:    
News Summary - Photo of Turkish man holding hand of dead daughter underlines earthquake despair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.