മുശർറഫ്, കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരൻ

സൈനിക ​മേധാവിയായി തനിക്ക് അനധികൃത നിയമനം നൽകിയ പ്രസിഡന്റിനെ തന്നെ അട്ടിമറിച്ച് രാജ്യത്തിന്റെ ഭരണം തന്നെ ഏറ്റെടുത്തയാളായിരുന്നു അന്തരിച്ച മുൻ പാകിസ്താൻ പ്രസിഡന്റ് പർവേസ് മുശർറഫ്. യുദ്ധത്തിലും ഭരണത്തിലും കൂർമ ബുദ്ധികാട്ടിയ മുശർറഫ് കാർഗിൽ യുദ്ധത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു.

1943 ആഗസ്ത് 11ന് ഡൽഹിയിലാണ് മുശർറഫ് ജനിച്ചത്. ബ്രിട്ടീഷ് ഭരണ ശേഷം ഇന്ത്യ വിഭജന സമയത്ത് കുടുംബത്തോടൊപ്പം കറാച്ചിയിലേക്ക് കുടിയേറി.

1964ൽ പാക് സൈന്യത്തിൽ ചേർന്ന മുശർറഫ് സൈനിക കോളജിൽ തന്നെ പഠിച്ച് ബുരുദം നേടി. തുടർ പഠനം ലണ്ടനിലെ റോയൽ കോളജ് ഓഫ് ഡിഫൻസ് സ്റ്റഡീസിലാണ് പൂർത്തിയാക്കിയത്.

1998ൽ പാക് പ്രധാനമന്ത്രി നവാസ് ശെരീഫാണ് മുശർറഫിനെ സൈനിക തലവനായി നിയമിച്ചത്. രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്നായിരുന്നു മുശർറഫിനെ സൈനിക തലവനാക്കിയത്. ഇത് വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.

1999ൽ ഇന്ത്യയുമായുണ്ടായ കാർഗിൽ യുദ്ധത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു മുശർറഫ്. ഇന്ത്യയുടെ ഭാഗമായ കാർഗിലിലെ ത​ന്ത്രപ്രധാനമായ പോസ്റ്റുകൾ പിടിച്ചെടുക്കാൻ വേണ്ടി ഇന്ത്യൻ സൈന്യത്തിൽ നുഴഞ്ഞുകയറാണ് ​പാക് സൈന്യത്തിന് മുശർറഫ് നിർദേശം നൽകി.

മാർച്ച് മുതൽ മെയ് വരെ ആയിരുന്നു ഇതിന് സമയം നൽകിയത്. എന്നാൽ നുഴഞ്ഞു കയറ്റം തിരിച്ചറിഞ്ഞ ഇന്ത്യ ​പോസ്റ്റുകൾ തിരിച്ചു പിടിക്കാൻ ഓപ്പറേഷൻ വിജയ് എന്ന പേരിൽ പ്രതിരോധം തീർത്തു.

ഒടുവിൽ അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് നവാസ് ശെരീഫിന് പാക് ​സൈന്യത്തെ കാർഗിലിൽ നിന്ന് പിൻവലിക്കേണ്ടി വന്നു. ഇത് സൈനികർക്കിടയിൽ അമർഷത്തിനിടയാക്കി.

1999 ഒക്ടോബർ 12ന് മുശർറഫ് പാകിസ്താനിൽ വിമാനമിറങ്ങാനിരിക്കെ സൈനിക മേധാവി സ്ഥാനത്തു നിന്ന് ശെരീഫ് അദ്ദേഹത്തെ പുറത്താക്കി. എന്നാൽ മുശർറഫിന്റെ നേതൃത്വത്തിൽ സൈന്യം വിമാനത്താവളവും റേഡിയോ സ്റ്റേഷനും പിടിച്ചടക്കുകയും രക്ത രഹിതമായ പട്ടാള അട്ടിമറിയിലൂടെ ശെരീഫിനെ പുറത്താക്കി പാകിസ്താന്റെ ചീഫ് എക്സിക്യൂട്ടീവായി ചുമതലയേൽക്കുകയും ചെയ്തു.

2001ൽ റഫീഖ് തരാറിന്റെ രാജിയെ തുടർന്ന് പാകിസതാന്റെ പ്രസിഡന്റായി സ്വയം അവരോധിതനായ മുശർറഫ് 2008 വരെ ഭരിക്കുകയും ചെയ്തു.

ഭരണകാലത്ത് പുരോഗമന ആശയക്കാരനാണെന്ന് വരുത്താൻ മുശർറഫ് പല മാർഗങ്ങളും സ്വീകരിച്ചിരുന്നു. സ്വകാര്യ ചാനലുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ അനുമതി നൽകി. സിഗരറ്ററ്, വിസ്കി തുടങ്ങിയവ ഇറക്കുമതി ചെയ്തു. ഇത്തരം നടപടികളെല്ലാം പാശ്ചാത്യ രാജ്യങ്ങളുടെ പ്രീതി പിടിച്ചു പറ്റാൻ മുശർറഫിനെ സഹായിച്ചു. അൽ ഖ്വയ്ദക്കെതിരായ പോരാട്ടത്തിന് യു.എസിനെ സഹായിക്കുകയും പാക് മണ്ണിൽ യു.എസ് ഡ്രോണുകൾ പ്രവർത്തിക്കാൻ ചരിത്രത്തിലാദ്യമായി അനുമതി നൽകുകയും ചെയ്തുകൊണ്ട് യു.എസിന്റെ അടുത്ത അനുയായി ആയി.

ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും മുശർറഫ് ശ്രമിച്ചു. കാർഗിൽ യുദ്ധം കഴിഞ്ഞ മൂന്ന് വർഷങ്ങൾക്ക് ശേഷം ഒരു ചടങ്ങിൽ ​വെച്ച് പ്രസംഗം കഴിഞ്ഞ ഉടൻ അദ്ദേഹം അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയെ കണ്ട് കൈ കൊടുത്ത് ലോകത്തെ ഞെട്ടിച്ചു. പിന്നാലെ സമാധാന സംഭാഷണത്തിന് താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. കശ്മീർ ​പ്രശ്നം മുശർറഫിന്റെ കാലത്ത് പരിഹാരത്തിന് അടുത്തെത്തിയിരു​ന്നുവെന്ന് വിദേശ കാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഭരണ ശേഷം പ്രശ്നം വീണ്ടും വഷളാവുകയായിരുന്നു.

2007ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുശർറഫ് പിന്നീട് ഇംപീച്ച് മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് ഉറപ്പായതോടെ 2008 ആസ്ത് 18ന് രാജിവെക്കുകയായിരുന്നു.

Tags:    
News Summary - Pervez Musharraf, the Kargil war mastermind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.