പർവേസ് മുഷർറഫ്

പർവേസ് മുഷർറഫിന് പാകിസ്താനിലേക്ക് മടങ്ങാൻ തടസ്സങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്

ഇസ്ലമാബാദ്: രോഗബാധിതനായി യു.എ.ഇയിലെ ആശുപത്രിയിൽ കഴിയുന്ന പാക് മുൻ പ്രസിഡന്‍റ് പർവേസ് മുഷർറഫിന് തന്‍റെ ശേഷിക്കുന്ന ജീവിതം അന്തസ്സോടെ ജീവിക്കുന്നതിന് രാജ്യത്തേക്ക് മടങ്ങാൻ ഒരു തടസ്സവും നേരിടേണ്ടി വരില്ലെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. അദ്ദേഹത്തിന് തിരികെ പാകിസ്താനിലേക്ക് മടങ്ങുന്നതിന് മുൻകാല സംഭവങ്ങൾ ഒരു തടസ്സമാകില്ലെന്ന് മന്ത്രി പറഞ്ഞു. മുഷർറഫിന് അപൂർവ്വ രോഗമായ അമിലോയിഡോസിസ് ഉണ്ടെന്നും അദ്ദേഹത്തിന്‍റെ നില വളരെ ഗുരുതരമാണെന്നും കുടുംബം അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

1999 മുതൽ 2008 വരെ പാകിസ്താൻ ഭരിച്ച മുഷർറഫിനെതിരെ ഭരണഘടന സസ്പെൻഡ് ചെയ്തതിന് 2019 ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷക്ക് വിധിച്ചിരുന്നു. ജനറൽ മുഷർറഫിന്റെ അനാരോഗ്യം കണക്കിലെടുത്ത് അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങുന്നതിന് ഒരു തടസ്സവും ഉണ്ടാകരുത്. മുൻകാല സംഭവങ്ങൾ ഇക്കാര്യത്തിൽ സ്വാധീനം ചെലുത്താൻ അനുവദിക്കരുതെന്നും ആസിഫ് പറഞ്ഞു. അല്ലാഹു അദ്ദേഹത്തിന് ആരോഗ്യം നൽകട്ടെയെന്നും അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ശേഷിക്കുന്ന ഭാഗം പാകിസ്താനിൽ ജീവിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും ആസിഫ് ട്വീറ്റ് ചെയ്തു.

മുഷർറഫ് മരിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ അദ്ദേഹം വെന്‍റിലേറ്ററിലല്ലെന്നും എന്നാൽ കഴിഞ്ഞ മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും മുഷറഫിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.

2019 ഡിസംബർ 17 ന് പ്രത്യേക കോടതി മുഷർറഫിന് എതിരായ രാജ്യദ്രോഹ കേസിൽ വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് വധശിക്ഷ റദ്ദാക്കി. 2016 മാർച്ചിൽ ചികിത്സ തേടി ദുബായിലേക്ക് പോയ മുഷർറഫ് പിന്നീട് പാകിസ്താനിലേക്ക് മടങ്ങിയിട്ടില്ല.

Tags:    
News Summary - Pervez Musharraf should face 'no obstacle' in his return to Pakistan: Defence Minister Khawaja Asif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.