വടക്കൻ ഗസ്സയിലേക്ക് പോകാൻ നുസൈറാത്തിൽ കാത്തുനിൽക്കുന്നവർ
ദൈർ അൽ ബലാഹ്: വെടിനിർത്തൽ കരാറിന്റെ ഭാഗമായി നെത് സരിം ഇടനാഴിയിലൂടെയുള്ള വിലക്ക് ഇസ്രായേൽ നീക്കിയതോടെ പതിനായിരക്കണക്കിന് ഫലസ്തീനികൾ വടക്കൻ ഗസ്സയിലേക്ക് മടങ്ങി. ഇസ്രായേൽ ആക്രമണത്തിൽ ഏറ്റവും നാശനഷ്ടമുണ്ടായ ഇവിടെനിന്ന് കൂട്ടപ്പലായനം ചെയ്തവരാണ് തിരിച്ചുവന്നത്. ഒരു വർഷത്തിലേറെയായി അഭയാർഥി ക്യാമ്പുകളിൽ കഴിഞ്ഞ ഇവർ തകർക്കപ്പെട്ട വീടുകളിലേക്ക് കാൽനടയായും വാഹനങ്ങളിലും തിങ്കളാഴ്ച രാവിലെമുതലാണ് മടങ്ങിയത്. തിരിച്ചുവന്നവർ സന്തോഷക്കണ്ണീർ പൊഴിച്ച് ബന്ധുക്കളെ ആശ്ലേഷിച്ചു.
ഫലസ്തീനികളുടെ മടക്കം ജനങ്ങളുടെ വിജയവും അധിനിവേശകരുടെ പരാജയവുമാണെന്ന് ഹമാസ് പ്രതികരിച്ചു. വെടിനിർത്തൽ കരാർ ലംഘിക്കുകയോ സൈന്യത്തെ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. 2023 ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ ഭീഷണിയിൽ പത്തുലക്ഷത്തോളം പേരാണ് വടക്കൻ ഗസ്സയിൽനിന്ന് പലായനം ചെയ്തത്.
ഹമാസ് ബന്ദിയാക്കിയ വനിത അർബേൽ യെഹോദിയെ വിട്ടയക്കാത്തതിൽ പ്രതിഷേധിച്ച് വടക്കൻ ഗസ്സയിലേക്ക് ഫലസ്തീനികളെ മടങ്ങാൻ അനുവദിച്ചിരുന്നില്ല. എന്നാൽ, ഇത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഹമാസ് പ്രതികരിച്ചിരുന്നു. യെഹോദിയെയും മറ്റ് രണ്ടു ബന്ദികളെയും വെള്ളിയാഴ്ചക്ക് മുമ്പ് വിട്ടയക്കുമെന്ന് മധ്യസ്ഥരായ ഖത്തർ ഉറപ്പുനൽകിയതോടെയാണ് ഇസ്രായേൽ ഫലസ്തീനികളെ മടങ്ങാൻ അനുവദിച്ചത്.
മൂന്നുദിവസമായി വടക്കൻ ഗസ്സയിലേക്ക് പോകാൻ ആയിരങ്ങൾ കാത്തിരിക്കുകയായിരുന്നു. മാർച്ച് ആദ്യവാരം വരെയുള്ള ആദ്യഘട്ട വെടിനിർത്തൽ കരാറിന്റെ ഭാഗമായി 33 ബന്ദികളെ ഹമാസ് വിട്ടയക്കുമ്പോൾ 2,000 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കും. ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാതെ ബാക്കിയുള്ള 60 ഓളം ബന്ദികളെ വിട്ടയക്കില്ലെന്നാണ് ഹമാസ് നിലപാട്.
അതേസമയം, ഗസ്സ നിവാസികളെ ജോർഡനിലോ ഈജിപ്തിലോ പുനരധിവസിപ്പിക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം വൻ വിമർശനമുയർത്തി. ഇതിനിടെ, അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ നൂർശംസ് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണത്തിൽ രണ്ടു ഫലസ്തീനികൾ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.