പൂർണ രാഷ്ട്ര പദവിക്കായി വീണ്ടും ഫലസ്തീൻ; വീറ്റോ ചെയ്യാൻ യു.എസും

യുനൈറ്റഡ് നാഷൻസ്: ഫലസ്തീന് പൂർണ രാഷ്ട്ര പദവി നൽകണമെന്ന ആവശ്യം വീണ്ടും യു.എന്നിൽ അവതരിപ്പിക്കാനൊരുങ്ങി അനുകൂലിക്കുന്ന രാജ്യങ്ങൾ. 2011ൽ ആദ്യമായി സമർപ്പിച്ച അപേക്ഷയാണ് വീണ്ടും സജീവമാക്കുന്നത്. എന്നാൽ, ഇസ്രായേൽ നിലപാടുകൾക്കായി യു.എന്നിനെ ഉപയോഗപ്പെടുത്തുന്ന യു.എസ്, നീക്കത്തെ എതിർക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.

ഫലസ്തീൻ രാജ്യത്തെ അംഗീകരിച്ച 140 രാഷ്ട്രങ്ങളുടെ പേരടങ്ങുന്ന കത്താണ് യു.എൻ രക്ഷാസമിതിക്കുമുന്നിൽ എത്തുന്നത്. 22 അംഗ അറബ് രാഷ്ട്ര സഖ്യം, 57 അംഗ ഇസ്‍ലാമിക സഹകരണ സംഘടന, 120 അംഗ ചേരിചേരാ കൂട്ടായ്മ എന്നിവയിലെ അംഗങ്ങളും പിന്തുണക്കുന്നവരാണ്. ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ ലോകം ഒറ്റക്കെട്ടായി രംഗത്തുള്ള സാഹചര്യത്തിലാണ് വീണ്ടും പൂർണ അംഗത്വ പദവിക്കായി ശ്രമം നടത്തുന്നത്.

യു.എൻ 194ാം അംഗമായി അംഗീകരിക്കാൻ 2011 സെപ്റ്റംബർ 23ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അന്നത്തെ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂണിന് കത്ത് നൽകിയിരുന്നു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ ഒമ്പതു പേരുടെ പിന്തുണയാർജിക്കാനാവാതെ നീക്കം പരാജയപ്പെട്ടു. അന്ന്, എല്ലാവരും പിന്തുണച്ചാലും നീക്കം പരാജയപ്പെടുത്തുമെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു. അന്നത്തെ നിലപാടിൽ മാറ്റമില്ലെന്ന് യു.എസ് ഉപ അംബാസഡർ റോബർട്ട് വുഡ് ചൊവ്വാഴ്ച വ്യക്തമാക്കി.

2011ൽ രക്ഷാസമിതിയിൽ പരാജയപ്പെട്ട ദൗത്യം യു.എൻ പൊതുസഭയിലെത്തിയതോടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസായിരുന്നു. അതോടെ, വെറും നിരീക്ഷക പദവിയിൽനിന്ന് അംഗമല്ലാത്ത നിരീക്ഷക പദവിയായി ഉയർത്തിയതായിരുന്നു മാറ്റം.

Tags:    
News Summary - Palestinians renew bid to join the UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.