ലണ്ടൻ: ഇസ്രായേലിന് ആയുധം വിൽക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ലേബർ പാർട്ടി നേതാവായ ബ്രിട്ടീഷ് എം.പി ജെറമി കോർബിൻ. പട്ടിണിയിലായ ഫലസ്തീനികളെ സഹായകേന്ദ്രങ്ങളിലെത്തിച്ച് വെടിവെച്ച് കൊല്ലുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തെ രൂക്ഷമായി എതിര്‍ക്കുന്ന ബ്രിട്ടീഷ് രാഷ്ട്രീയ നേതാവാണ് കോര്‍ബിന്‍.
'ഇന്ന്, കൂടുതൽ പട്ടിണിയിലായ ഫലസ്തീനികളെ 'സഹായ വിതരണ' കേന്ദ്രങ്ങളിലേക്ക് ആകർഷിച്ച് കൊണ്ടുവരികയാണ്. ഒരു സഞ്ചിയിൽ മാവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് അവർ വരുന്നത്. എന്നാൽ, അവരെ വെടിവെച്ച് കൊല്ലുന്നു. എന്തൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയാണിത്. ഇസ്രായേലിന് ആയുധം വിൽക്കുന്നത് ഉടൻ അവസാനിപ്പിക്കണം' -ജെറമി കോർബിൻ ആവശ്യപ്പെട്ടു.
ഇറാനെ ആക്രമിക്കാൻ ബ്രിട്ടീഷ് ആയുധങ്ങൾ ഇസ്രായേൽ ഉപയോഗിക്കുന്നുണ്ടോയെന്ന് വെളിപ്പെടുത്താൻ താൻ വിദേശകാര്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കോർബിൻ ചൂണ്ടിക്കാട്ടി. തന്‍റെ ചോദ്യത്തിന് ഉത്തരം നൽകാൻ വിദേശകാര്യ സെക്രട്ടറി തയാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗസ്സയിൽ ഭക്ഷ്യ കേന്ദ്രങ്ങളിൽ ഭക്ഷണപ്പൊതികൾക്ക് വരിനിന്നവരെ വീണ്ടും വീണ്ടും കൂട്ടക്കൊല നടത്തുകയാണ് ഇസ്രായേൽ സേന. ഇന്നലെ ഖാൻ യൂനുസിലും റഫയിലുമാണ് ഭക്ഷണത്തിനായി കാത്തുനിന്നവർക്കു മേൽ മിസൈലുകളും ഷെല്ലുകളും വർഷിച്ചത്. 80ലേറെ പേർ കൊല്ലപ്പെട്ടു. 200ലേറെ പേർക്ക് പരിക്കേറ്റു. ഇത്തരം കേന്ദ്രങ്ങളിൽ മുമ്പും കൂട്ടക്കൊല പതിവാണെങ്കിലും സമീപനാളുകളിലെ ഏറ്റവും ക്രൂരമായ അറുകൊലയാണിത്.
ഖാൻ യൂനുസിലെ ബനീ സുഹൈലയിൽ യു.എന്നിനു കീഴിലെ ലോക ഭക്ഷ്യ പ്രോഗ്രാം നടത്തുന്ന കേന്ദ്രത്തിനു സമീപം ആയിരക്കണക്കിന് ഫലസ്തീനികളാണ് ഭക്ഷണം കാത്ത് വരിനിന്നിരുന്നത്. ഇവർക്കു നേരെ ഡ്രോണുകൾ രണ്ട് മിസൈൽ വർഷിച്ചതിന് പിറകെ 300 മീറ്റർ ദൂരെയുണ്ടായിരുന്ന ടാങ്കുകളിൽനിന്ന് ഷെല്ലുകളും പതിച്ചു. 56 പേർ ഇവിടെ മരണത്തിന് കീഴടങ്ങി. റഫയിലെ അൽആലം ഭാഗത്ത് സമീപ ആക്രമണത്തിൽ 30ഓളം പേരും മരിച്ചു.
ഇത്തരം ഭക്ഷ്യ കേന്ദ്രങ്ങളിലെ കൂട്ടക്കൊല അന്വേഷണ വിധേയമാക്കണമെന്ന് കഴിഞ്ഞ ദിവസം യു.എൻ മനുഷ്യാവകാശ മേധാവി വോൾകർ ടർക് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.