ട്രംപ് ഫ്ലോറിഡയിൽ വാർത്താ സമ്മേളനത്തിൽ
‘ഓപറേഷൻ എപിക് ഫ്യൂരി’ എന്ന പേരിൽ ഫെബ്രുവരി 28ന് യു.എസും ഇസ്രായേലും ഇറാനിൽ സംയുക്താക്രമണം നടത്തുമ്പോൾ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത് യുദ്ധം നാല് ആഴ്ചയെങ്കിലും തുടരുമെന്നായിരുന്നു. എന്നാൽ, കഴിഞ്ഞദിവസം, സി.ബി.എസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം യുദ്ധം ‘ഉടൻ അവസാനിപ്പിക്കു’മെന്ന് പറഞ്ഞത് ലോകം അൽപം ഞെട്ടലോടെയാണ് ശ്രവിച്ചത്. പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും യാഥാർഥ്യമാക്കാതെ ട്രംപ് മടങ്ങുകയാണോ എന്നാണ് ചേദ്യം.
ഇറാന്റെ അനൗദ്യോഗിക സഖ്യകക്ഷിയെന്ന് വിശേഷിപ്പിക്കാവുന്ന റഷ്യയുടെ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി സംസാരിച്ചശേഷമാണ് ട്രംപിന്റെ മനംമാറ്റം എന്നത് ശ്രദ്ധേയമാണ്. ഇതിന് പുറമെ, യുദ്ധം അവസാനിപ്പിക്കാനുള്ള കൃത്യമായ തന്ത്രം ആവിഷ്‌കരിക്കാൻ ട്രംപിനോട് അദ്ദേഹത്തിന്റെ ഉപദേശകർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. യുദ്ധത്തിന് ലഭിക്കുന്ന പൊതുജന പിന്തുണ കുറയുന്നതും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഉണ്ടായേക്കാവുന്ന രാഷ്ട്രീയ തിരിച്ചടിയും ഭയന്നാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്കൻ സൈന്യം തങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ കൈവരിച്ചുവെന്നും അതിനാൽ ഇതൊരു വിജയകരമായ ഓപറേഷനായി അവതരിപ്പിച്ച് യുദ്ധം അവസാനിപ്പിക്കണമെന്നുമാണ് ഉപദേശകർ ട്രംപിനെ അറിയിച്ചത്. യുദ്ധത്തിന്റെ ഭാഗമായി യു.എസ് സൈനികർ കൊല്ലപ്പെട്ടതും ഇസ്രായേലിന് വേണ്ടിയാണ് യുദ്ധം ചെയ്യുന്നതെന്ന വികാരവും തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന് റിപ്പബ്ലിക്കൻ പാർട്ടിയും ഭയക്കുന്നുണ്ട്. ഇറാനുമായുള്ള യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവന ഇത്തരം പ്രശ്‌നങ്ങളെ തുടർന്നാണെന്നാണ് വിലയിരുത്തുന്നത്. ആഗോള വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ ഉയർന്നത് യു.എസ് ഭരണകൂടത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാൽ, യുദ്ധം എപ്പോൾ അവസാനിക്കണമെന്ന് ഇറാൻ തീരുമാനിക്കുമെന്നാണ് റെവലൂഷനറി ഗാർഡ് വ്യക്തമാക്കിയിരിക്കുന്നത്. നേരിട്ടുള്ള ആക്രമണത്തിൽനിന്ന് യു.എസ് പിന്മാറിയാലും യു.എസ് കേന്ദ്രങ്ങൾക്കെതിരെ ആക്രമണം തുടരുമെന്ന സൂചനയാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
ഇറാൻ യുദ്ധത്തിന്റെ ഏക വിജയി റഷ്യയാണെന്ന് യൂറോപ്യൻ യൂനിയൻ മേധാവി അന്റോണിയോ കോസ്റ്റയുടെ പ്രസ്താവന വലിയ ചർച്ചയായിരിക്കുന്നു. പശ്ചിമേഷ്യ സംഘർഷത്തെ തുടർന്നുണ്ടായ ഊർജ പ്രതിസന്ധിയിൽ റഷ്യക്ക് വൻ സാമ്പത്തിക ലാഭം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ, യുക്രെയ്നിൽനിന്ന് ശ്രദ്ധയും സൈനിക ശേഷികളും പശ്ചിമേഷ്യയിലേക്ക് തിരിച്ചുവിട്ടത് റഷ്യക്ക് ഗുണം ചെയ്തുവെന്നും അദ്ദേഹം നിരീക്ഷിച്ചു. ബ്രസൽസിൽ യൂറോപ്യൻ യൂനിയൻ അംബാസഡർമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞദിവസം, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ട്രംപ് ഫോൺ സംഭാഷണം നടത്തിയതിനു തൊട്ടുടനെയാണ് കോസ്റ്റയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ടെലിഫോൺ സംഭാഷണത്തിനുശേഷം ചില രാജ്യങ്ങൾക്കുമേലുള്ള ഉപരോധങ്ങൾ താൽക്കാലികമായി ഒഴിവാക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇത് റഷ്യയെ ഉദ്ദേശിച്ചാണെന്നാണ് കരുതുന്നത്. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യക്കുമേൽ യു.എസും പാശ്ചാത്യ രാജ്യങ്ങളും ഉപരോധമേർപ്പെടുത്തിയിരുന്നു. യുക്രെയ്ൻ യുദ്ധത്തിനുള്ള ധനസഹായം പരിമിതപ്പെടുത്തുന്നതിനായുള്ള ഉപരോധങ്ങളുടെ പ്രധാന ലക്ഷ്യം റഷ്യയുടെ എണ്ണ വരുമാനം തടയുക എന്നതായിരുന്നു. എന്നാൽ, ഹുർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം നിലച്ചതിനെ തുടർന്ന് ആഗോളതലത്തിലുണ്ടായ വലിയ ഊർജ പ്രതിസന്ധിയിൽ യു.എസിന് ഉൾപ്പെടെ റഷ്യക്ക് വഴങ്ങേണ്ടിവന്നിരിക്കുന്നു. നേരത്തേ, റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യക്കെതിരെ പിഴത്തീരുവ ഏർപ്പെടുത്തിയ റഷ്യ, പ്രതിസന്ധികാലത്ത് ഇക്കാര്യത്തിൽ ഒരുമാസത്തേക്ക് കഴിഞ്ഞദിവസം ഇളവ് നൽകിയിരുന്നു. ഏറ്റവും ഒടുവിൽ, യു.എസ് ഏർപ്പെടുത്തിയ ഉപരോധംതന്നെയും പിൻവലിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
മോസ്കോ: ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മുജ്തബ അലി ഖാംനഈക്ക് ഔദ്യോഗികമായി അഭിനന്ദനങ്ങൾ അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. നേതൃമാറ്റത്തെ ‘നിർണായക ഘട്ടം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം റഷ്യൻ ഭരണകൂടത്തിന്റെ പൂർണ പിന്തുണയും വാഗ്ദാനം ചെയ്തു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സന്ദേശത്തിൽ, ആയത്തുല്ല അലി ഖാംനഇൗയുടെ പ്രവർത്തനങ്ങൾ ആദരപൂർവം തുടരാനുള്ള മകൻ മുജ്തബ ഖാംനഇയുടെ കഴിവിൽ പുടിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘താങ്കളുടെ പിതാവിന്റെ പ്രവർത്തനങ്ങൾ അന്തസ്സോടെ മുന്നോട്ട് കൊണ്ടുപോകാനും വെല്ലുവിളികളെ നേരിടാൻ ഇറാനിയൻ ജനതയെ ഒന്നിപ്പിക്കാനും താങ്കൾ പ്രാപ്തരാണെന്ന് എനിക്ക് ഉറപ്പുണ്ട്’ -പുടിൻ പറഞ്ഞു. പാശ്ചാത്യ കൂട്ടു മുന്നണി ഉയർത്തുന്ന രാഷ്ട്രീയ-സൈനിക വെല്ലുവിളികൾക്കിടയിൽ റഷ്യയും ഇറാനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയാണ് പുടിന്റെ സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.