ഇസ്രായേൽ തടവറകളിൽ ഫലസ്തീനികൾക്ക് ക്രൂരമായ ലൈംഗികാതിക്രമം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

തെൽഅവീവ്: ഇസ്രായേൽ തടവറകളിൽ ഫലസ്തീനി തടവുകാർക്ക് നേരെ ക്രൂരവും വ്യവസ്ഥാപിതവുമായ ലൈംഗിക അതിക്രമങ്ങളും ബലാത്സംഗങ്ങളും നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ തടവുകാർ.

അൽ ജസീറ തയ്യാറാക്കിയ ‘ബോഡീസ് ഓഫ് എവിഡൻസ്: ഇസ്രായേൽസ് ഡാർക്കസ്റ്റ് വെപ്പൺ’ എന്ന ഡോക്യുമെന്ററി അന്വേഷണത്തിലാണ് മുൻ തടവുകാരുടെ ദൃക്‌സാക്ഷി വിവരണങ്ങൾ പുറത്തുവന്നത്. ഇസ്രായേൽ സൈന്യം ഫലസ്തീനികൾക്കെതിരെ വ്യാപകമായി ലൈംഗിക പീഡനവും ബലാത്സംഗവും ആയുധമാക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) ജഡ്ജിമാർ, യു.എൻ, ഫലസ്തീനിലെ യു.എൻ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക അൽബനീസ്, ഫലസ്തീനിയൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് (പി.സി.എച്ച്.ആർ), യൂറോ-മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ തുടങ്ങിയ മനുഷ്യാവകാശ സംഘടനകൾ  സ്ഥിരീകരിക്കുന്നു.

താൻ നേരിട്ട ക്രൂരമായ ബലാത്സംഗത്തിന്റെ തീയതി ഗസ്സയിലെ സിവിൽ സർവന്റായ മുഹമ്മദ് അൽ ബക്രി കൃത്യമായി ഓർക്കുന്നു —2024 ഏപ്രിൽ 10, വിശുദ്ധ റമദാൻ മാസത്തിനൊടുവിലെ ഈദുൽ ഫിത്ർ ദിനം. അറസ്റ്റ് ചെയ്യപ്പെട്ട് ഒരു മാസത്തോളമായി ക്രൂരമായ മർദനത്തിനും പീഡനത്തിനും ഇരയായി സ്വന്തം മലമൂത്രവിസർജനം നടത്താൻ പോലും നിർബന്ധിതനായ അവസ്ഥയിലായിരുന്നു അദ്ദേഹം.

‘അന്ന് ആറ് സൈനികർ വലതുഭാഗത്തും ആറ് പേർ ഇടതുഭാഗത്തുമായി എന്നെയും കാവൽനായകളെയും വളഞ്ഞു. അവർ പേര് ചോദിച്ചു. ‘മുഹമ്മദ്’ എന്ന് പറഞ്ഞപ്പോൾ, ‘അല്ല, നിന്റെ പേര് വേശ്യയെന്ന് പറയണം’ എന്ന് അവർ ആവശ്യപ്പെട്ടു’ -അൽ ബക്രി ഓർക്കുന്നു.

തന്നോടൊപ്പം മറ്റ് ഏഴ് തടവുകാരെയും വസ്ത്രങ്ങൾ പൂർണമായി അഴിച്ചുമാറ്റി, കണ്ണുകൾ കെട്ടി, കൈവിലങ്ങിട്ടാണ് നിർത്തിയിരുന്നത്. ‘വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റിയ ശേഷം ഞങ്ങളെ ബലാത്സംഗം ചെയ്തു. ‘എന്റെ ദൈവമേ, എന്റെ നാഥാ’ എന്ന് ഞങ്ങൾ നിലവിളിച്ചപ്പോൾ അവർ ചിരിക്കുകയും അത് കാമമറയിൽ പകർത്തുകയുമായിരുന്നു.

‘ഓഫിസർമാരുടെ നിർദ്ദേശപ്രകാരം കാവൽനാകളെളെ ഉപയോഗിച്ചും തടവുകാരെ ലൈംഗികമായി ആക്രമിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഏകദേശം 20 മിനിറ്റോളം നീണ്ട പീഡനത്തിനൊടുവിലാണ് വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ട് തങ്ങളെ വീണ്ടും ജയിലിലേക്ക് മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.

പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു തടവുകാരനായ മധ്യവയസ്‌കനും അനുഭവം പങ്കുവെച്ചു. തങ്ങളെ നിലത്തു കിടത്തി ബൂട്ടിട്ടുകാലുകൾ കൊണ്ട് കഴുത്തിലും പുറത്തും ചവിട്ടിപ്പിടിച്ചാണ് വനിതാ സൈനികർ കൃത്രിമ വസ്തുക്കൾ ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ചുറ്റും നിന്ന സൈനികർ കൈയടിക്കുകയും ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തെക്കുറിച്ച് യാതൊരു അറിവുമില്ലാതിരുന്നിട്ടും അതിനെക്കുറിച്ച് ചോദിച്ചായിരുന്നു പീഡനം.

തടവുകാരുടെ കൈകൾ പിന്നോട്ട് കെട്ടി, കണ്ണുകൾ മൂടി, നിലത്തു കിടത്തി അവർക്ക് മുകളിലൂടെ നായകളെ നടത്തുകയും ചവിട്ടുകയും ചെയ്യുമായിരുന്നു. പേരിന് പകരം നമ്പറുകൾ നൽകിയാണ് തടവുകാരെ വിളിച്ചിരുന്നത്.

ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം ഇസ്രായേലിന്റെ ക്രൂരത അഭൂതപൂർവമായ തലത്തിലെത്തിയെന്നും അത് തികച്ചും പ്രതികാരബുദ്ധിയോടെയുള്ളതാണെന്നും യു.എൻ പ്രതിനിധി ഫ്രാൻസെസ്ക അൽബനീസ് വ്യക്തമാക്കുന്നു. തല്ലി ചതക്കൽ, കരിക്കൽ, പല്ലും അസ്ഥികളും ഒടിക്കൽ എന്നിവക്ക് പുറമെ ഇരുമ്പ് വടികൾ, കത്തികൾ, മെറ്റൽ ഡിറ്റക്ടറുകൾ, കുപ്പികൾ എന്നിവ ഉപയോഗിച്ചുള്ള ലൈംഗിക പീഡനങ്ങളും സാധാരണയായി മാറിയിരിക്കുന്നു. ഇരയുടെ വ്യക്തിത്വത്തെയും ആത്മാഭിമാനത്തെയും പൂർണമായി തകർക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഫലസ്തീനികളെ മനുഷ്യരായി പരിഗണിക്കാത്ത ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് ഇസ്രായേൽ സൈനികർ വളരുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

ഫലസ്തീനികൾ മൊത്തത്തിൽ ‘മനുഷ്യ മൃഗങ്ങളും’ ഭീകരരുമാണെന്ന് ചിത്രീകരിക്കുന്നതിലൂടെ ഒരു ജനതയെ മുഴുവൻ ഇല്ലാതാക്കാനുള്ള ലൈസൻസാണ് ഇസ്രായേൽ ഭരണകൂടം സൈന്യത്തിന് നൽകുന്നത്. മുഴുവൻ ഫലസ്തീനികളും കുറ്റക്കാരാണെന്ന തരത്തിലാണ് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സംസാരിച്ചത്.

മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ‘മനുഷ്യ മൃഗങ്ങൾ’ എന്ന് ഫലസ്തീനികളെ വിശേഷിപ്പിച്ചപ്പോൾ, തീവ്രവലതുപക്ഷ മന്ത്രിമാരായ ബെസാലൽ സ്മോട്രിച്ച്, ഇതാമർ ബെൻ-ഗ്വീർ തുടങ്ങിയവർ ഫലസ്തീനികളെ നിരന്തരമായി വംശീയ അധിക്ഷേപങ്ങൾക്കും അമാനവീകരണത്തിനും ഇരയാക്കുന്നു.

2025 ഒക്ടോബറിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ വെറും പേപ്പറിലൊതുങ്ങുന്ന വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ ഗാസയിൽ വംശഹത്യ തുടരുകയാണെന്ന് നിരീക്ഷകർ പറയുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ വൻതോതിൽ കുടിയിറക്കാനും ഭൂമി കയ്യേറാനും ശ്രമം നടക്കുന്നു.

ഇതിനെതിരെ പ്രതിരോധിക്കുന്ന കർഷകരും ഭൂവുടമകളും സൈന്യത്തിന്റെയും സെറ്റിലർമാരുടെയും ക്രൂരമായ മർദ്ദനങ്ങൾക്കും തടവിലാക്കലിനും ബലാത്സംഗങ്ങൾക്കും ഇരയാകുന്നു.

Tags:    
News Summary - Palestinian Prisoners Allege Systematic Rape in Israeli Jails

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.