ഓൺലൈൻ ലോകത്ത് കുട്ടികളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങളേർപ്പെടുത്താൻ വിയറ്റ്നാം ഒരുങ്ങുന്നു. പുതിയ പ്രൊപ്പോസൽ അനുസരിച്ച് ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുന്നതിനോ കമന്റുകൾ ഇടുന്നതിനോ ലൈക്കുകളും മറ്റ് പ്രതികരണങ്ങളും രേഖപ്പെടുത്തുന്നതിനോ അനുമതിയുണ്ടായിരിക്കില്ല.
വിയറ്റ്നാമിലെ സാംസ്കാരിക, കായിക, വിനോദസഞ്ചാര മന്ത്രാലയം തയാറാക്കിയ കരട് ഉത്തരവ് അനുസരിച്ച് 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രജിസ്റ്റർ ചെയ്യേണ്ട ഉത്തരവാദിത്തം മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാക്കൾക്കോ ആയിരിക്കും. കുട്ടികൾ കാണുന്ന ഉള്ളടക്കങ്ങളും അവരുടെ ഡിജിറ്റൽ സ്ക്രീൻ ടൈമും കൃത്യമായി നിരീക്ഷിക്കേണ്ടത് രക്ഷിതാക്കളാണ്. അതോടൊപ്പം ഉപയോക്താക്കളായ കുട്ടികളെ കൃത്യമായി തിരിച്ചറിയാനും അവർക്ക് പ്രായത്തിന് അനുയോജ്യമായ വിവരങ്ങൾ മാത്രം കാണിക്കാനും ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നടപ്പിലാക്കേണ്ടി വരും.
ഡിജിറ്റൽ ലോകത്തെ അപകടകരമായ ഉള്ളടക്കങ്ങളിൽ നിന്നും സൈബർ ഭീഷണികളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഇത്തരം കർശന നിയമങ്ങളിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് വിയറ്റ്നാമിന്റെയും തീരുമാനം. അടുത്തിടെ ഫ്രാൻസ് 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. മലേഷ്യ ഉപയോക്താക്കളുടെ പ്രായപരിധി പരിശോധിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്ന് പൂർണമായി വിലക്കുകയല്ല മറിച്ച് അവർക്ക് സുരക്ഷിതവും പ്രായത്തിനനുയോജ്യവുമായ ഒരു ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് വിയറ്റ്നാം ഡെപ്യൂട്ടി സാംസ്കാരിക മന്ത്രി ഫാൻ താം വ്യക്തമാക്കി.
പുതിയ നിബന്ധനകൾ പ്രകാരം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോ ചൂഷണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ സോഷ്യൽ മീഡിയ കമ്പനികൾ അധികൃതരെ അറിയിക്കുകയും വിവരങ്ങൾ കൈമാറുകയും വേണം. കുട്ടികളുടെ അക്കൗണ്ടുകളിൽ ഉയർന്ന സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനൊപ്പം അക്രമം, അശ്ലീലം, ലഹരി ഉപയോഗം, ചൂതാട്ടം, ആത്മഹത്യാ പ്രേരണ എന്നിവ അടങ്ങിയ ഉള്ളടക്കങ്ങളിലേക്ക് കുട്ടികൾക്ക് ആക്സസ് ഉണ്ടാകരുത്. കൂടാതെ, ഓൺലൈൻ ഗെയിമിങിനും വിയറ്റ്നാം നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. കുട്ടികളുടെ ഗെയിമിങ് അക്കൗണ്ടുകൾ രക്ഷിതാക്കൾ രജിസ്റ്റർ ചെയ്യണമെന്നും പ്രതിദിന ഗെയിമിങ് സമയം പരമാവധി 60 മിനിറ്റായി ചുരുക്കണമെന്നും കരട് നിയമത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.