വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ അതിക്രമം: അധിനിവിഷ്ട തെൽ അവീവിൽ പ്രതിഷേധിച്ചവരെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു

തെൽ അവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങൾക്കും സൈനിക ഭരണത്തിനുമെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് നടപടി. പ്രകടനത്തിൽ പങ്കെടുത്ത ഒമ്പതുപേരെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച തെൽ അവീവിലെ കപ്ലാൻ സ്ട്രീറ്റിൽ ഇടത് പാർട്ടിയായ ഹദാഷിന്റെയും സഖ്യകക്ഷികളുടെയും നേതൃത്വത്തിലാണ് നൂറുകണക്കിന് ആളുകൾ അണിനിരന്ന പ്രതിഷേധം സംഘടിപ്പിച്ചത്.

കുടിയേറ്റക്കാരുടെ അക്രമങ്ങളിൽ പ്രതിഷേധിച്ച് ഇരുനൂറിലധികം പേർ തെരുവിലിറങ്ങിയതായി ‘മദേഴ്സ് എഗെയ്ൻസ്റ്റ് വയലൻസ്’ എന്ന സംഘടന വ്യക്തമാക്കി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയതായും അവർ ആരോപിച്ചു. എന്നാൽ മുൻകൂർ അനുമതിയില്ലാതെയാണ് പ്രകടനം നടന്നതെന്നും ഗതാഗതം തടസ്സപ്പെടുത്തുകയും പൊതുജനജീവിതം അസ്വസ്ഥമാക്കുകയും ചെയ്തതിനാണ് നടപടിയെന്നുമാണ് ഇസ്രായേൽ പൊലീസിന്റെ വിശദീകരണം.

വെസ്റ്റ് ബാങ്കിലെ നബ്ലസിന് സമീപമുള്ള താൽ ഗ്രാമത്തിൽ കുടിയേറ്റക്കാരും സൈന്യവും ചേർന്ന് നാല് ഫലസ്തീനികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു തെൽ അവീവിലെ പ്രകടനം. ഏറ്റുമുട്ടലിൽ രണ്ട് ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു.

അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രമായ ഹവത് ഗിലാദിന് അടുത്തുള്ള താൽ ഗ്രാമത്തിലേക്ക് വെള്ളിയാഴ്ച മുപ്പതോളം കുടിയേറ്റക്കാർ അതിക്രമിച്ച് കയറുകയും വീടുകൾ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പ്രാദേശിക ഫതഹ് നേതാവ് ഈസാം സൈഫി പറഞ്ഞു. ഗ്രാമവാസികൾ ഇത് ചെറുത്തതോടെ കുടിയേറ്റക്കാർ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഫലസ്തീനി കുടിയേറ്റക്കാരനിൽനിന്ന് തോക്ക് പിടിച്ചെടുത്ത് തിരിച്ചടിച്ചെങ്കിലും ഇയാളെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു. സംഭവത്തിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെനമ്യൻ നെതന്യാഹു വെസ്റ്റ് ബാങ്കിലുടനീളം വ്യാപക സൈനിക നടപടിക്ക് ഉത്തരവിട്ടു. താൽ ഗ്രാമത്തിലെ എഴുപതോളം വീടുകൾ റെയ്ഡ് ചെയ്ത ഇസ്രായേൽ സേന അമ്പതോളം ഫലസ്തീനികളെ തടവിലാക്കി. സംഭവം നടന്ന് അടുത്ത ദിവസം മാത്രം വെസ്റ്റ് ബാങ്കിലുടനീളം 80 ഓളം ഫലസ്തീനികളെ ഇസ്രായേൽ പിടിച്ചുകൊണ്ടുപോയതായി ഫലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റി വ്യക്തമാക്കി. ഇത് ഇസ്രായേലിന്റെ കൂട്ടശിക്ഷാ നടപടിയാണെന്നും അവർ കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട നാല് ഫലസ്തീനികളുടെയും സംസ്കാര ചടങ്ങുകൾ കർശന നിയന്ത്രണങ്ങളോടെ പുലർച്ചെ നടന്നു.

താൽ ഗ്രാമത്തിലെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇസ്രായേൽ പൊതുസമൂഹത്തിന് സത്യം നിഷേധിക്കാനാവാത്ത അവസ്ഥയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ഒറി ഗോൾഡ്ബെർഗ് വിലയിരുത്തി. ഇസ്രായേലികൾ ഇതുവരെ കുടിയേറ്റക്കാരുടെ അതിക്രമങ്ങളെ തങ്ങളിൽ നിന്ന് അകറ്റിനിർത്താനാണ് ശ്രമിച്ചിരുന്നതെന്നും എന്നാൽ ഈ സംഭവം വലിയൊരു മാറ്റത്തിന് വഴിവെച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2023 ഒക്ടോബറിൽ ഗസ്സയിൽ ഇസ്രായേൽ വംശഹത്യ ആരംഭിച്ചതിനുശേഷം അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ മാത്രം കുറഞ്ഞത് 1,182 ഫലസ്തീനികൾ കൊല്ലപ്പെടുകയും 13,000 പേർക്ക് പരിക്കേൽക്കുകയും 24,000ത്തോളം പേരെ ഇസ്രായേൽ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക ഫലസ്തീൻ കണക്കുകൾ വ്യക്തമാക്കുന്നു.

Tags:    
News Summary - Israel Police Arrest 9 Protesters In Tel Aviv Over West Bank Settler Violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.