ഫയൽ ഫോട്ടോ

ഹുർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിൽ വൻ സ്ഫോടനം; ഗതാഗത നിയന്ത്രണത്തിൽ ഇറാൻ-ഒമാൻ ചർച്ച പുരോഗമിക്കുന്നു

തെഹ്റാൻ/മസ്കത്ത്: തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിൽ മൈനിൽ തട്ടി എണ്ണക്കപ്പൽ തകർന്നു. തെഹ്റാൻ അംഗീകരിച്ച പാതയിൽ നിന്ന് മാറി സഞ്ചരിച്ചതിനെ തുടർന്ന് കപ്പൽ മൈനിൽ തട്ടുകയായിരുന്നുവെന്ന് വാർത്ത ഏജൻസിയായ ‘തസ്നീം’ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, ഹുർമുസ് കടലിടുക്കിലെ സമുദ്ര ഗതാഗതം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ ആരംഭിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ പലഘട്ടങ്ങളിലായി നടന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായിൽ ബഖാഈ അറിയിച്ചു. ഇരുരാജ്യങ്ങളുടെയും പരമാധികാരത്തെ മാനിച്ചുകൊണ്ട് കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനും ഭാവി ഭരണസംവിധാനങ്ങൾക്കുമായി നിർദ്ദേശങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ഇറാനും ഒമാനും തമ്മിൽ മാത്രമുള്ള ഒരു സംവിധാനമാണ് ഉണ്ടാകുന്നതെങ്കിൽ, മേഖലയിലെ മറ്റ് തീരദേശ രാജ്യങ്ങളും അമേരിക്കയും ഇത് പൂർണ്മയും നിരസിക്കും.

ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം ആർക്ക് എന്ന കാര്യത്തിലും അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. കപ്പൽ ഗതാഗതം കൈകാര്യം ചെയ്യുന്നതിനേക്കാൾ, ഹുർമുസിന്റെ നിയന്ത്രണം ആരുടെ കൈകളിലായിരിക്കും എന്നതാണ് പ്രധാന തർക്കവിഷയം. ഹുർമുസ് കടലിടുക്കിന്മേൽ തങ്ങൾക്ക് പരമാധികാരമുണ്ടെന്ന് ഇറാൻ അവകാശപ്പെടുമ്പോൾ, ഇറാന്റെ നിയന്ത്രണത്തിന് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് അമേരിക്കയും മേഖലയിലെ മറ്റ് രാജ്യങ്ങളും.

അതേസമയം, ഇറാനിൽ തുടരെത്തുടരെ നടത്തിയ ആക്രമണങ്ങൾ അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളും ഊർജിതമാക്കി. മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും തങ്ങളുടെ ഇടപെടൽ സജീവമാക്കിയിട്ടുണ്ട്. ഏകദേശം രണ്ടാഴ്ചയോളം ദിവസേനയുണ്ടായ വ്യോമാക്രമണങ്ങൾ നിർത്തിവെക്കാൻ ഡോണൾഡ് ട്രംപ് ആവശ്യപ്പെടുകയായിരുന്നു. ഇരുവിഭാഗവും ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ട്രംപ് സൂചിപ്പിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയായി ട്രംപ് ദിവസേനയുള്ള വ്യോമാക്രമണങ്ങൾക്ക് അനുമതി നൽകിവരികയായിരുന്നു. ഒമാനി പ്രതിനിധി സംഘം ഇറാൻ സന്ദർശിക്കുകയും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഒരു കരാറിൽ വാരാന്ത്യത്തോടെ എത്തിയേക്കാമെന്നും രണ്ട് പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായി ഈജിപ്ത് വിദേശകാര്യ മന്ത്രി ചർച്ച നടത്തി.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് അയവു വന്നെങ്കിലും പശ്ചിമേഷ്യയിൽ പൂർണമായി സമാധാനം വന്നിട്ടില്ല. സൗദി അറേബ്യക്ക് നേരെ ഹൂതികളുടെ ആക്രമണം തുടരുന്നതായി റിപ്പോർട്ടുണ്ട്. ചെങ്കടലിലെ ഗതാഗതവും താറുമാറായിരിക്കുകയാണ്. ഇത് സമാധാനത്തിലേക്ക് തിരികെവരാൻ അമേരിക്കക്കുമേൽ സമ്മർദ്ദം ഏൽപ്പിക്കുന്നുണ്ട്. ഇറാനെതിരെ വൻ യുദ്ധത്തിനുള്ള ഒരുക്കത്തിലാണ് അമേരിക്കൻ സേനയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags:    
News Summary - Oil Tanker Explodes In Strait Of Hormuz As Iran And Oman Hold Talks On Shipping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.