കാസ്പിയൻ കടലിലെ ആക്രമണത്തിന് തിരിച്ചടി നൽകും -യുക്രെയ്നിന് മുന്നറിയിപ്പുമായി ഇറാൻ

തെഹ്റാൻ: കാസ്പിയൻ കടലിൽ ഇറാൻ കപ്പലിനു നേരെയുണ്ടായ യുക്രെയ്ൻ ആക്രമണത്തിൽ രാജ്യം തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. യൂറോപ്പിനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ ഇസ്രായേലിന്റെ നിർദ്ദേശപ്രകാരമാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ആക്രമണം നടത്തിയതെന്നും ആരോപിച്ചു. യുഎൻ ചാർട്ടറിന്റെ നഗ്നമായ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ യുഎസ്–ഇറാൻ സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണെന്ന ആശങ്ക ഉയർന്നു.

കീവിന്റെ ആക്രമണത്തിന് മറുപടി നൽകാതെ മുന്നോട്ടുപോകാനാകില്ലെന്ന്, യൂറോപ്യൻ യൂണിയന്റെ കാജ കല്ലാസ്, റഷ്യൻ ഉന്നത നയതന്ത്രജ്ഞൻ സെർജി ലാവ്‌റോവ് എന്നിവരുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കിയതായിട്ടുണ്ട്. റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷത്തിൽ ഇസ്ലാമിക് റിപ്പബ്ലിക് ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ആക്രമണത്തിൽ കപ്പൽ പൊട്ടിത്തെറിക്കുകയും ഒരു നാവികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇറാനിലേക്ക് റഷ്യയിൽ നിന്ന് ആയുധം കടത്തിയ കപ്പലിന് നേരെ ആക്രമണം നടത്തിയതായും കാസ്പിയൻ കടലിലെ ദീർഘദൂര ആക്രമണങ്ങളിലൂടെ സായുധ സേന നേട്ടം കൈവരിച്ചതായും യുക്രെയ്നിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്റെ പ്രതികരണം.

അതേസമയം, ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി എണ്ണ ടാങ്കർ തകർന്നു. ഇറാൻ നിശ്ചയിച്ചു നൽകിയ പാത വിട്ടു സഞ്ചരിച്ച കപ്പലാണ് തകർന്നതെന്ന് ഇറാനിലെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ചെങ്കടലിൽ രണ്ട് സൗദി എണ്ണ ടാങ്കറുകൾക്ക് നേരെ വീണ്ടും ഹൂതി വിമതരെന്നു കരുതുന്നവരുടെ ആക്രമണമുണ്ടായി.

13 ദിവസം നീണ്ട വ്യോമാക്രമണം നിർത്തിവെക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുഎസ് വെടിനിർത്തൽ തുടരുന്നിടത്തോളം തങ്ങളും സമാധാനം പാലിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ചർച്ചകളിലേക്ക് തിരികെ മടങ്ങാനാണ് ഇതെന്നു യു.എസ് അവകാശപ്പെടുമ്പോൾ, യു.എസിന്റെ ആയുധക്ഷാമമാണ് ആക്രമണം നിർത്തിവെക്കാൻ കാരണമെന്നും റിപ്പോർട്ടുണ്ട്.

Tags:    
News Summary - iran warns ukraine caspian sea ship attack response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.