യു.എൻ സെക്രട്ടറി ജനറൽ രാജിവെക്കണമെന്ന ഇസ്രായേൽ ആവശ്യം; അപലപിച്ച് ഫലസ്തീൻ

ഗസ്സ: യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് രാജിവെക്കണമെന്ന ഇസ്രായേൽ ആവശ്യത്തിനെതിരെ ഫലസ്തീൻ. വിദേശകാര്യമന്ത്രാലയമാണ് ആവശ്യത്തിനെതിരെ രംഗത്തെത്തിയത്. പ്രകോപനമില്ലാത്ത ആക്രമണമെന്നാണ് ഇസ്രായേൽ ആവശ്യത്തെ ഫലസ്തീൻ വിശേഷിപ്പിച്ചത്.

എക്സിലെ പോസ്റ്റിലായിരുന്നു ഫലസ്തീൻ വിദേശകാര്യമന്ത്രാലയത്തിന്റെ വിമർശനം. ഫലസ്തീനുമായി ബന്ധപ്പെട്ട യു.എൻ പ്രമേയങ്ങളിൽ തുടരുന്ന ബഹുമാനക്കുറവും പ്രതിബദ്ധതയില്ലായ്മയും ഇസ്രായേൽ ഇപ്പോഴും തുടരുകയാണെന്ന് ഫലസ്തീൻ കുറ്റപ്പെടുത്തി. ഇസ്രായേലിന്റെ യു.എൻ അംബാസിഡർ ഗിലാദ് എർദനാണ് സെക്രട്ടറി ജനറൽ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഫലസ്തീനെ അുനകൂലിച്ച് യു.എൻ സെക്രട്ടറി ജനറൽ സംസാരിച്ചതിന് പിന്നാലെയായിരുന്നു രാജി ആവശ്യം.

ഹമാസിന്റെ ഇസ്രായേൽ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്നായിരുന്നു യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ പ്രസ്താവന. കഴിഞ്ഞ 56 വർഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശമാണ് ഫലസ്തീൻ ജനത അനുഭവിക്കുന്നതെന്നും ഗുട്ടറസ് പറഞ്ഞു. യു.എൻ സുരക്ഷ സമിതിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഗസ്സയിലുണ്ടായത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്ക് മുകളിൽ ആയുധങ്ങൾ ഉപയോഗിച്ച് പോരാട്ടം നടത്താൻ ഒരാൾക്കും അവകാശമില്ലെന്നും ഗുട്ടറസ് ഓർമിപ്പിച്ചു.

ഗസ്സയിലെ യു.എന്നിന്റെ ഇന്ധനം ദിവസങ്ങൾക്കുള്ളിൽ തീരും. അത് മറ്റൊരു ദുരത്തിന് കാരണമാകും. ദുരന്തങ്ങൾ ലഘൂകരിക്കുന്നതിനും സഹായം വിതരണം ചെയ്യുന്നതിനും ബന്ദികളെ വിട്ടയക്കുന്നതിനുമുള്ള തന്റെ അഭ്യർഥന ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Palestine ‘condemns’ Israel’s call for UN chief to resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.