‘സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലാൻ പട്ടാളത്തിന് അനുമതി നൽകിയ രാജ്യം’; യു.എന്നിൽ പാകിസ്താനെ വിമർശിച്ച് ഇന്ത്യ

ന്യൂയോർക്ക്: യു.എൻ രക്ഷാസമിതി ചർച്ചക്കിടെ, കശ്മീരി വനിതകൾ ലൈംഗികാതിക്രമങ്ങൾ നേരിടുന്നുവെന്ന പാകിസ്താൻ പ്രതിനിധിയുടെ പരാമർശത്തിൽ രൂക്ഷമായ വിമർശനവുമായി ഇന്ത്യ. പാകിസ്താൻ തെറ്റായ വിവരങ്ങളും അതിശയോക്തിയും കലർന്ന പരാമർശങ്ങളിലൂടെ ലോകത്തെ വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്ന’ രാജ്യമാണ് പാകിസ്താനെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് തിരിച്ചടിച്ചു. വനിതകൾ, സമാധാനം, സുരക്ഷ എന്നീ വിഷയങ്ങളിലായിരുന്നു ചർച്ച.

“ഇന്ത്യക്കെതിരെ, പ്രത്യേകിച്ച് ജമ്മു കശ്മീരിനെതിരെ എല്ലാ വർഷവും പാകിസ്താൻ അധിക്ഷേപം നടത്തുകയാണ്. സ്ത്രീ സുരക്ഷ, സമാധാനം, സുരക്ഷാ അജണ്ട എന്നിവയിൽ ഇന്ത്യയുടെ പ്രവർത്തനം കളങ്കരഹിതമാണ്. 1971ൽ ഓപറേഷൻ സെർച്ച് ലൈറ്റിലൂടെ, സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലാനും പീഡിപ്പിക്കാനും വംശഹത്യ നടത്താനും പട്ടാളത്തിന് അനുമതി നൽകിയ ഒരു രാജ്യത്തിന്, തെറ്റായ വിവരങ്ങൾ പങ്കുവച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമേ കഴിയൂ” -പർവതനേനി ഹരീഷ് പറഞ്ഞു.

നേരത്തെ, യു.എന്നിലെ പാകിസ്താൻ പ്രതിനിധി സൈമ സലീമാണ് ഇന്ത്യയെ വിമർശിച്ച് രംഗത്തെത്തിയത്. കശ്മീരിലെ സ്ത്രീകൾക്കു നേരെ പതിറ്റാണ്ടുകളായി ലൈംഗികാതിക്രമം നടക്കുകയാണ്. യു.എന്നിന്‍റെ മനുഷ്യാവകാശ കമീഷണറും ആംനെസ്റ്റി ഇന്‍റർനാഷനലും ഹ്യൂമൻ റൈറ്റ്സ് വാച്ചും ഉൾപ്പെടെയുള്ള സംഘടനകളും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കു നേരയും അവിടെ അതിക്രമം നടക്കുകയാണെന്നും അവർ യു.എന്നിൽ പറഞ്ഞു. ഇതിനു മറുപടി നൽകിയ പർവതനേനി ഹരീഷ്, 1971ൽ ബംഗ്ലാദേശ് പ്രസ്ഥാനം അവസാനിപ്പിക്കാനായി അന്നത്തെ കിഴക്കൻ പാകിസ്താനിൽ സൈന്യം നടത്തിയ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടുകയായിരുന്നു.

Tags:    
News Summary - Pak's remarks on Kashmiri women security gets big reply from India at UNSC: ‘Delusional tirade’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.