പാര്‍ട്ടികള്‍ കൊഴുപ്പിക്കാന്‍ സിംഹവും പുലിയും; പാക് സെലബ്രിറ്റികളുടെ പുതിയ രീതികള്‍ വിവാദത്തില്‍

ലഹോര്‍: ആഘോഷ പാര്‍ട്ടികള്‍ കൊഴുപ്പിക്കാന്‍ ഒട്ടനവധി മാര്‍ഗങ്ങളുണ്ട്. വര്‍ണ ബലൂണുകളും പൂക്കളും ഉപയോഗിച്ചുള്ള അലങ്കാരങ്ങള്‍, ലൈറ്റുകളും സംഗീതവും സമന്വയിപ്പിച്ചുള്ള പരിപാടികള്‍, നൃത്തപരിപാടികള്‍ തുടങ്ങിയവയെല്ലാം പാര്‍ട്ടികള്‍ കൊഴുപ്പിക്കാനായി ഉപയോഗിക്കുന്നവയാണ്. എന്നാല്‍, പാകിസ്താനില്‍ സെലബ്രിറ്റികള്‍ക്കിടയില്‍ ഇപ്പോള്‍ പുതിയൊരു ട്രെന്‍ഡാണ്. സിംഹവും പുലിയും ഉള്‍പ്പെടെയുള്ള വന്യജീവികളെ പാര്‍ട്ടിക്കിടയിലേക്ക് കൊണ്ടുവരിക.

വന്യജീവികളെ പാര്‍ട്ടികള്‍ ആഘോമാക്കാന്‍ കൊണ്ടുവരുന്നത് സ്റ്റാറ്റസ് അടയാളം കൂടിയായതോടെ കൂടുതല്‍ പേര്‍ അപകടകരമായ ഈ രീതി അനുകരിക്കാനും തുടങ്ങി. പാക് സെലബ്രിറ്റിയായ സൂസന്‍ ഖാന്‍ ഈയിടെ ജന്മദിനാഘോഷം സംഘടിപ്പിച്ചപ്പോള്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് ഒരു പെണ്‍സിംഹത്തെയായിരുന്നു.

കാതടിപ്പിക്കുന്ന പാട്ടിന്റെയും ബഹളങ്ങളുടെയും ഇടയില്‍ സിംഹത്തെ ചങ്ങലക്കിട്ട് ഇരുത്തിയതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. സൂസന്‍ ഖാന്‍ തന്നെ ദൃശ്യങ്ങള്‍ പങ്കുവെച്ചുവെങ്കിലും വിവാദമായതോടെ ഒഴിവാക്കി.

മൃഗങ്ങളെ പാര്‍ട്ടിക്ക് കൊണ്ടുവരുന്നതിനെതിരെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രൊജക്റ്റ് സേവ് അനിമല്‍സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍. ആഘോഷങ്ങള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും വന്യമൃഗങ്ങളെ ഇതിനായി ഉപയോഗിക്കുന്നതിലാണ് പ്രതിഷേധമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

വിവിധ പാര്‍ട്ടികളില്‍ വന്യമൃഗങ്ങളെ പങ്കെടുപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. മൃഗങ്ങളെ വാടകയ്ക്ക് നല്‍കല്‍ നിയമപ്രകാരം തെറ്റാണ്. നിയമപരമല്ലാത്ത വഴിയിലൂടെയാണ് സെലബ്രിറ്റികള്‍ക്ക് വന്യമൃഗങ്ങളെ ലഭിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹ പാര്‍ട്ടികള്‍ക്ക് വരെ മൃഗങ്ങളെ ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും മരുന്നുകള്‍ കുത്തിവെച്ച് മയക്കിയാണ് ഇവയെ ഉപയോഗിക്കുന്നതെന്നും ഇത് അങ്ങേയറ്റത്തെ ക്രൂരതയാണെന്നും മൃഗസ്‌നേഹികള്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Pakistani influencer uses a lioness as a ‘party prop’, triggers outrage online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.