18 മണിക്കൂർ പാകിസ്താൻ 'ഇരുട്ടിൽ'; ഏഴ് പവർ പ്ലാൻറ്​ ജീവനക്കാർക്ക് സസ്പെൻഷൻ

കറാച്ചി : രാജ്യവ്യാപകമായി 18 മണിക്കൂറിലേറെ പവർകട്ട് ഉണ്ടായ സാഹചര്യത്തിൽ പാകിസ്താനിൽ ഏഴ് പവർ പ്ലാൻറ്​ ജീവനക്കാർക്ക് സസ്പെൻഷൻ. പാകിസ്താനിലെ ഏറ്റവും വലിയ വൈദ്യുത നിലയമായ ഗുഡ്ഡു തെർമൽ പവർ പ്ലാൻ്റിലെ മാനേജരെയും ആറ് ജൂനിയർ ജീവനക്കാരെയുമാണ് സസ്പെൻഡ് ചെയ്തത്.

സാങ്കേതിക തകരാറിനെത്തുടർന്നാണ് ശനിയാഴ്ച അർധരാത്രി വൻ ഗ്രിഡ് തകരാർ സംഭവിക്കുകയും രാജ്യം മുഴുവൻ ഇരുട്ടിലാകുകയുമായിരുന്നു.

തുടർന്ന് തലസ്ഥാനമായ ഇസ്ലാമാബാദ്, സാമ്പത്തിക കേന്ദ്രമായ കറാച്ചി, രണ്ടാമത്തെ വലിയ നഗരമായ ലാഹോർ എന്നിവയുൾപ്പെടെ പാകിസ്താനിലെ എല്ലാ പ്രധാന നഗരങ്ങളും പൂർണ്ണമായി ഇരുട്ടിലായി. മിക്ക പ്രദേശങ്ങളിലും 18 മണിക്കൂർ വരെ പവർകട്ട് നീണ്ടുനിന്നു.

സിന്ധ് പ്രവിശ്യയിലാണ് ഗുഡ്ഡു താപവൈദ്യുത നിലയം. ജോലിയിലെ അനാസ്ഥ ചൂണ്ടിക്കാണിച്ചാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തതെന്ന് സെൻട്രൽ പവർ ജനറേഷൻ കമ്പനി അറിയിച്ചു.

എൻജിനീയറിങ് തകരാറ് മൂലം വിതരണ ശൃംഖലയുടെ സംവിധാനം ട്രിപ്പ് ആകുകയും മറ്റ് പ്ലാൻറുകളുമായുള്ള ബന്ധം തകരാറിലാകുകയുമായിരുന്നു. 1980 കളിൽ നിർമ്മിച്ച ഗുഡ്ഡു താപവൈദ്യുത നിലയം രാജ്യത്തെ ഏറ്റവും വലിയ നിലയമാണ്. പ്രകൃതിവാതകത്തിൽ നിന്നും എണ്ണയിൽ നിന്നുമാണ് ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

ഗ്രിഡിലെ ഏതെങ്കിലും ഒരു സെക്ഷനിൽ തകരാറുണ്ടായാൽ അത് രാജ്യമാകെ വൈദ്യുതി തടസ്സത്തിന് ഇടയാകുന്ന വിധമാണ് പാകിസ്താനിലെ വൈദ്യുതി വിതരണ സംവിധാനം. അതുകൊണ്ടാണ് ദക്ഷിണ പാകിസ്താനിൽ ശനിയാഴ്ച രാത്രി 11.41നുണ്ടായ തകരാർ രാജ്യത്തെ 18 മണിക്കൂറോളം ഇരുട്ടിലാക്കിയത്. അതേസമയം, ഈ തകരാർ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

2018 മേയിലുണ്ടായ വൈദ്യുതി തകരാർ പാകിസ്താനെ എട്ട് മണിക്കൂറോളം ഇരുട്ടിലാക്കിയിരുന്നു. 2015ൽ പ്രധാന വിതരണ ശൃംഖലയിലുണ്ടായ റെബൽ ആക്രമണത്തെ തുടർന്ന് പാകിസ്താനിലെ 80 ശതമാനം പ്രദേശങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടിരുന്നു.

Tags:    
News Summary - Pakistan Suspends Power Plant Staff After Nationwide Blackout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.