ഇസ്ലാമാബാദ്: തങ്ങളുടെ മണ്ണിൽ ഇറാൻ നടത്തിയ ആക്രമണത്തിന് പാകിസ്താെന്റ തിരിച്ചടി. ഇറാനിലെ സിസ്താൻ-ബലൂചിസ്താൻ പ്രവിശ്യയിൽ ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് പാക് സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ജെയ്ശ് അൽ അദൽ ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണമാണ് പ്രകോപനത്തിന് കാരണമായത്.
ഇറാെന്റ പരമാധികാരത്തെ ബഹുമാനിക്കുന്നുവെന്നും അതേസമയം, പാകിസ്താെന്റ സുരക്ഷയും ദേശീയ താൽപര്യവും കണക്കിലെടുത്താണ് ‘മാർഗ് ബർ സർമചാർ’(പോരാളിക്ക് മരണം) എന്ന് പേരിട്ട ആക്രമണം നടത്തിയതെന്നും പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കൊലയാളി ഡ്രോണുകൾ, റോക്കറ്റുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ച 4.05ന് ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ), ബലൂചിസ്താൻ ലിബറേഷൻ ഫ്രണ്ട് (ബി.എൽ.എഫ്) എന്നീ ഭീകര സംഘടനകളുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.
കുപ്രസിദ്ധ ഭീകരരായ ചെയർമാൻ എന്ന് വിളിക്കപ്പെടുന്ന ദോസ്ത, സോഗട്ട് എന്ന ബജ്ജാർ, ഷഫാഖ് എന്ന സഹീൽ, ബഷാം എന്ന അസ്ഗർ, വസി എന്ന വസീർ എന്നിവരുടെ ഒളിത്താവളങ്ങളാണ് ഇവിടെയുണ്ടായിരുന്നതെന്നും സൈന്യം പറഞ്ഞു.
രണ്ട് പുരുഷൻമാരും മൂന്ന് സ്ത്രീകളും നാല് കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന് പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവർണറെ ഉദ്ധരിച്ച് ഇറാനിലെ പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി ആക്രമണത്തെ അപലപിച്ചു. പാക് ഷർഷെ ദഫെയെ വിളിച്ചുവരുത്തി ഇറാെന്റ പ്രതിഷേധം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചത്തെ ഇറാൻ ആക്രമണത്തിന് പിന്നാലെ പാകിസ്താൻ തെഹ്റാനിൽനിന്ന് തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചിരുന്നു. നേരത്തേ നിശ്ചയിച്ച എല്ലാ ഉഭയകക്ഷി ഉന്നതതല സന്ദർശനങ്ങളും റദ്ദാക്കുകയും ചെയ്തു.
അതിനിടെ, പാകിസ്താനും ഇറാനും തമ്മിൽ ഉടലെടുത്ത സംഘർഷം ലഘൂകരിക്കുന്നതിന് ഇടപെടൽ നടത്താൻ തയാറാണെന്ന് ചൈന അറിയിച്ചു. സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കാൻ സംയമനം പാലിക്കണമെന്ന് ഇരു രാജ്യങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.
അതിർത്തി കടന്ന് ആക്രമണം നടത്താൻ ഭീകര സംഘങ്ങളെ ഉപയോഗിക്കുന്നതായി പാകിസ്താനും ഇറാനും ദീർഘകാലമായി പരസ്പരം ആരോപണമുന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.