ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയുമായി കൂടിക്കാഴ്ചക്കിടെ

ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ഗൾഫ് പര്യടനം; ഇന്ത്യ-ബഹ്‌റൈൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും

മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി മനാമയിൽ കൂടിക്കാഴ്ച നടത്തി. തങ്ങളുടെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിൽ ബഹ്‌റൈൻ ഭരണകൂടം നൽകുന്ന പിന്തുണയ്ക്ക് വിദേശകാര്യമന്ത്രി ജയ്ശങ്കർ നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. കൂടാതെ, നിലവിലെ പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും സുരക്ഷാ വിഷയങ്ങളെക്കുറിച്ചും ആശയവിനിമയം നടത്തി.

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള വിദേശകാര്യമന്ത്രിയുടെ ഔദ്യോഗക പര്യടനത്തിന്‍റെ ഭാഗമായാണ് ബഹ്റൈനിലുമെത്തിയത്. ഗൾഫ് മേഖലയിലെ ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നിവക്ക് പുറമെ യു.എസ്, ബെൽജിയം എന്നീ രാജ്യങ്ങളും ജയ്ശങ്കർ സന്ദർശിക്കും. ജൂലൈ 15 വരെയാണ് സന്ദർശനം. യു.എസ്-ഇറാൻ സമാധാന ചർച്ചകളുടെയും വെടിനിർത്തൽ ശ്രമങ്ങളുടെയും പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാണ് ജയ്ശങ്കറിന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങളുമായും വിദേശകാര്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. അടുത്തിടെ, ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിൽ യു.എസും ഇറാനും തമ്മിലുള്ള ചർച്ചകൾ പൂർത്തിയായിരുന്നു.

യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഖത്തർ തലസ്ഥാനമായ ദോഹയിൽ പരോക്ഷ ചർച്ചകൾ പുനരാരംഭിക്കാനിരിക്കുകയാണ്. ഹുർമുസ് കടലിടുക്കിലെ യുദ്ധസമാനമായ അന്തരീക്ഷം ഇന്ത്യയുടെ ഇന്ധനവിലയെ ബാധിച്ച സാഹചര്യത്തിൽ ഈ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ-സാമ്പത്തിക പ്രാധാന്യമുണ്ട്. ഈ പശ്ചാത്തലത്തിൽ, യു.എസ്-ഇറാൻ സമാധാന ചട്ടക്കൂടുമായി ബന്ധപ്പെട്ട നിലവിലെ അവസ്ഥ മനസ്സിലാക്കുന്നതിലായിരിക്കും ജയശങ്കറിന്റെ സന്ദർശനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളുമായെല്ലാം ഇന്ത്യക്ക് ശക്തമായ ഊർജ വ്യാപാര ബന്ധം നിലനിൽക്കുന്നുണ്ട്. ഗൾഫ് പര്യടനത്തിന് ശേഷം ജൂലൈ 13-ന് ജയ്ശങ്കർ ന്യൂയോർക്കിലെത്തും.

2028-29 കാലയളവിലേക്കുള്ള ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ (യു.എൻ.എസ്.സി) ഇന്ത്യയുടെ താൽക്കാലിക അംഗത്വത്തിനായുള്ള ഔദ്യോഗിക പ്രചാരണത്തിന് അദ്ദേഹം യു.എസിൽ തുടക്കം കുറിക്കും. സന്ദർശനത്തിന്റെ അവസാന ദിവസങ്ങളായ ജൂലൈ 14, 15 തീയതികളിൽ അദ്ദേഹം ബ്രസൽസ് സന്ദർശിക്കും. മൂന്നാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന അദ്ദേഹം, ബെൽജിയം വിദേശകാര്യമന്ത്രിയുമായും യൂറോപ്യൻ യൂനിയൻ പ്രതിനിധികളുമായും ചർച്ച നടത്തും. ഇന്ത്യ- യൂറോപ്യൻ യൂനിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പൂർത്തിയായ ശേഷമുള്ള പ്രധാന കൂടിക്കാഴ്ച കൂടിയാകുമിത്.

Tags:    
News Summary - Indian External Affairs Minister's Gulf tour; India-Bahrain bilateral ties to be strengthened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.