ബീജിങ്: പസഫിക് സമുദ്രത്തിൽ ചൈന നടത്തിയ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം മേഖലയിൽ വലിയ ആശങ്കകൾക്ക് തിരികൊളുത്തിയിരിക്കുന്നു. ആണവവാഹകശേഷിയുള്ള അന്തർവാഹിനിയിൽനിന്ന് മിസൈൽ വിക്ഷേപിച്ച നടപടിയെ ‘പ്രകോപനപരവും അസ്ഥിരപ്പെടുത്തുന്നതും’ എന്നാണ് അമേരിക്കയും ഇന്തോ-പസഫിക് രാജ്യങ്ങളും വിശേഷിപ്പിച്ചത്.
ചൈനയുടെ ആണവായുധ ശേഖരത്തിന്റെ വേഗത്തിലുള്ള വികസനമാണ് ഈ പരീക്ഷണം തെളിയിക്കുന്നതെന്ന് വാഷിങ്‌ടൺ കുറ്റപ്പെടുത്തി. പ്രതിവർഷം നടത്തുന്ന പതിവ് സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് പരീക്ഷണമെന്നും, ഇത് അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണെന്നും ചൈന അവകാശപ്പെടുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചൈന നടത്തുന്ന രണ്ടാമത്തെ പരീക്ഷണമാണിതെന്നത് മേഖലയിലെ തന്ത്രപരമായ മത്സരത്തിന്റെ തീവ്രത വർധിപ്പിക്കുന്നു.
അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.ആഗോളതലത്തിൽ ആണവപ്രസരണം തടയാൻ ശ്രമിക്കുമ്പോൾ, ചൈന വിപരീത ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു. ചൈനയുടെ ആണവായുധ ശേഖരം വർധിപ്പിക്കുന്നതിലുള്ള ആശങ്ക അദ്ദേഹം പങ്കുവെച്ചു.ഇതൊരു ‘ഉത്തരവാദിത്തമില്ലാത്ത സൈനിക പ്രദർശന’മാണെന്ന് ഫിലിപ്പീൻസ് പ്രതികരിച്ചു. അയൽരാജ്യങ്ങളെ പ്രകോപിപ്പിക്കാനുള്ള കണക്കുകൂട്ടിയ നീക്കമാണിതെന്നും അവർ ആരോപിച്ചു.
വിക്ഷേപിച്ചത് ജെ.എൽ-2 മിസൈലാണെന്ന് തായ്‌വാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ജനറൽ ജോസഫ് വു പറഞ്ഞു. ഫിലിപ്പീൻസിന് മുകളിലൂടെ പറന്നാണ് മിസൈൽ പസിഫിക്കിൽ പതിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.ചൈനയുടെ സൈനിക പ്രവർത്തനങ്ങളിൽ ജപ്പാൻ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി. മേഖലയെ അസ്ഥിരപ്പെടുത്തുന്ന നടപടിയാണിതെന്ന് ആസ്‌ട്രേലിയയും വിമർശിച്ചു.
അതേസമയം, പരീക്ഷണം ചൈനയുടെ പരമാധികാര അവകാശമാണെന്നും ആർക്കും ഭീഷണിയല്ലെന്നും റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.ചൈനയുടെ ആണവ പ്രതിരോധ ശേഷിയിൽ വലിയൊരു കുതിച്ചുചാട്ടമായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ കാണുന്നത്. കരയിലൂന്നിയ മിസൈലുകളിൽനിന്ന് മാറി, കടലിൽനിന്ന് വിക്ഷേപിക്കാവുന്ന മിസൈലുകൾ ചൈനയുടെ ആണവ ശേഷിക്ക് കൂടുതൽ സുരക്ഷയും ദൂരപരിധിയും നൽകുന്നു.
ചൈനീസ് തീരത്തോട് ചേർന്നുള്ള കേന്ദ്രങ്ങളിൽനിന്ന് അമേരിക്കൻ ഭൂഖണ്ഡത്തെ ലക്ഷ്യംവെക്കാൻ ചൈനീസ് നാവികസേനക്ക് കഴിയുമെന്ന് ഏഷ്യാ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ ഫെലോ ലൈൽ മോറിസ് ചൂണ്ടിക്കാട്ടി. 2030ഓടെ ചൈനയുടെ ആണവ പോർമുനകളുടെ എണ്ണം 1,000 കവിയുമെന്നാണ് പെന്റഗണിന്റെ കണക്കുകൂട്ടൽ.
ഈ പരീക്ഷണം നടക്കുമ്പോൾ തന്നെ, ആസ്‌ട്രേലിയ പസിഫിക് ദ്വീപുരാജ്യങ്ങളുമായി ചേർന്ന് സുരക്ഷാ കരാറുകളിൽ ഏർപ്പെടാനുള്ള ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്. വാൻവാട്ടു, ഫിജി തുടങ്ങിയ രാജ്യങ്ങളുമായി ഓസ്‌ട്രേലിയ പുതിയ പ്രതിരോധ കരാറുകൾ ഒപ്പിട്ടത് ചൈനയുടെ സ്വാധീനത്തെ പ്രതിരോധിക്കാനുള്ള നീക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.