കിയവ്: യുക്രെയ്‌ൻ തലസ്ഥാനമായ കിയവിലും പരിസര പ്രദേശങ്ങളിലും റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ മരണം 23 ആയി. തലസ്ഥാന നഗരിയിൽ മാത്രം 15 പേരാണ് കൊല്ലപ്പെട്ടത്. ആയുധക്ഷാമം രൂക്ഷമായതോടെ, റഷ്യ തൊടുത്തുവിട്ട 23 ബാലിസ്റ്റിക് മിസൈലുകളിൽ ഒന്നുപോലും തകർക്കാൻ കഴിഞ്ഞില്ലെന്ന് യുക്രെയ്‌ൻ വ്യോമസേന അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചക്കിടെ റഷ്യ നടത്തുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. ആക്രമണത്തിൽ 100ലധികം പേർക്ക് പരിക്കേറ്റു. കിയവിൽ 56 പേർക്കും പരിസര പ്രദേശങ്ങളിൽ 48 പേർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഏഴ് കുട്ടികളും ഉൾപ്പെടുന്നു. നിരവധി പാർപ്പിട സമുച്ചയങ്ങൾ തകർന്നു. പലയിടത്തും കെട്ടിടങ്ങൾ ഭാഗികമായി തകർന്നു വീണു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ തുടരുകയാണ്.
ഞായറാഴ്ച രാത്രി റഷ്യ നടത്തിയ ആക്രമണത്തിൽ 68 മിസൈലുകളും 351 ഡ്രോണുകളുമാണ് പ്രയോഗിച്ചത്. ഇതിൽ 37 മിസൈലുകളും 326 ഡ്രോണുകളും തകർക്കാൻ കഴിഞ്ഞതായി സൈന്യം വ്യക്തമാക്കി. എന്നാൽ, ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ ആവശ്യമായ ഇന്റർസെപ്റ്റർ മിസൈലുകളുടെ കടുത്ത ക്ഷാമം തിരിച്ചടിയായി. ക്രൂയിസ് മിസൈലുകളെയും ഡ്രോണുകളെയും നേരിടാൻ സാധിച്ചെങ്കിലും ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിക്കാനാവാതെ പോയത് ജനവാസ കേന്ദ്രങ്ങളിൽ വലിയ നാശം വിതച്ചു.
ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ ആവശ്യമായ പാട്രിയറ്റ് മിസൈലുകൾ സഖ്യകക്ഷികളുടെ പക്കൽ കെട്ടിക്കിടക്കുമ്പോഴാണ് തങ്ങൾ ആക്രമണത്തിന് ഇരയാകുന്നതെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് േവ്ലാദിമിർ സെലൻസ്‌കി കുറ്റപ്പെടുത്തി. ഈ ആഴ്ച നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയിൽ ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് അദ്ദേഹം സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു. ‘യുഎസിനും യൂറോപ്പിനും ഈ ഭീകരത തടയാൻ ആവശ്യമായ കരുത്തുണ്ട്. അടിയന്തരമായി വ്യോമ പ്രതിരോധ സംവിധാനങ്ങൾ ലഭ്യമാക്കണം’ -സെലൻസ്‌കി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
നാറ്റോ ഉച്ചകോടിക്കിടയിൽ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി സെലൻസ്‌കി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. യുക്രെയ്‌നിന്റെ അടിയന്തര ആവശ്യങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും അറിയിച്ചിട്ടുണ്ട്.
റഷ്യൻ ആക്രമണത്തിന് മറുപടിയായി യുക്രെയ്‌ൻ തിരിച്ചടിക്കുന്നുണ്ട്. റഷ്യയുടെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയായ ഓംസ്ക് ഉൾപ്പെടെ മൂന്ന് എണ്ണ കേന്ദ്രങ്ങൾക്ക് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം നടത്തി. ഏകദേശം 2,414 കിലോമീറ്റർ അകലെയുള്ള റഷ്യൻ പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്. ആകെ 625 ഡ്രോണുകൾ അയച്ചതായും അതിൽ 613 എണ്ണം റഷ്യ തകർത്തതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യൻ അധിനിവേശം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ, തങ്ങളുടെ അഞ്ചിലൊന്ന് ഭൂപ്രദേശവും റഷ്യയുടെ നിയന്ത്രണത്തിലാണെന്ന് യുക്രെയ്‌ൻ സ്ഥിരീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.