ഹമാസ്
തെൽ അവീവ്: ഗസ്സയിലെ തങ്ങളുടെ ഭരണസമിതി പിരിച്ചുവിടുകയാണെന്ന ഹമാസിന്റെ പ്രഖ്യാപനത്തെ തള്ളി ഇസ്രായേൽ. ഹമാസ് ആയുധം ഉപേക്ഷിക്കാത്തതും, ഗസ്സക്കായുള്ള ട്രംപ് പദ്ധതി നടപ്പിലാക്കാൻ തയാറാകാത്തതും മറച്ചുവെക്കാനുള്ള തന്ത്രപരമായ നീക്കമാണിതെന്നാണ് ഇസ്രായേൽ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഹമാസിന്റെ നിലവിലെ പ്രഖ്യാപനം വെറുമൊരു വഴിതിരിച്ചുവിടൽ മാത്രമാണെന്നും, ഇസ്രായേലിന്റെ അധിനിവേശത്തെയും സൈനിക നടപടികളെയും കുറിച്ച് ഉയരുന്ന ആഗോള വിമർശനങ്ങളെ പ്രതിരോധിക്കാനാണ് ഹമാസ് ശ്രമിക്കുന്നതെന്നുമാണ് ഇസ്രായേൽ വാദം. ഇതിനിടെ വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷവും കഴിഞ്ഞ മാസങ്ങളിലായി ഗസ്സയിലെ 70 ശതമാനത്തിലധികം പ്രദേശങ്ങളും ഇസ്രായേൽ തങ്ങളുടെ നിയന്ത്രണത്തിലാക്കി കഴിഞ്ഞിട്ടുണ്ട്.
ഹമാസ് പൂർണമായും നിരായുധീകരിക്കപ്പെടാതെ ഗസ്സയുടെ പുനർനിർമാണത്തെക്കുറിച്ചോ ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റത്തെക്കുറിച്ചോ യാതൊരു ചർച്ചയും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവർത്തിച്ചു വ്യക്തമാക്കി. അതേസമയം, ഹമാസ് പിരിച്ചുവിട്ട ഭരണസമിതിക്ക് പകരമായി ചുമതലയേൽക്കുന്ന 'ബോർഡ് ഓഫ് പീസ്' സജ്ജമാക്കിയ പുതിയ പ്രാദേശിക ഭരണസമിതിയെ എങ്ങനെയാണ് ഇസ്രായേൽ നോക്കിക്കാണുന്നത് എന്നതിൽ അവ്യക്തത തുടരുകയാണ്. പുതിയ സമിതി ഹമാസിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
ഇസ്രായേലിന്റെ അധിനിവേശത്തിന് നൽകുന്ന എല്ലാ ഒഴികഴിവുകളും ഇല്ലാതാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയാണ് ഹമാസ് ഗസ്സയിലെ ഭരണം അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഗസ്സയിൽ ഭരണ നേതൃത്വം വഹിച്ചിരുന്ന ഹമാസിന്റെ ഗവൺമെന്റൽ എമർജൻസി കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. അതേസമയം സുരക്ഷ ഉറാപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ എല്ലാ ജീവനക്കാരും നിലവിലെ ജോലികളിൽ തുടരും.
ഹമാസിന്റെ പ്രഖ്യാപനം വഴി വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട കൂടുതൽ ബാധ്യതകൾ നിറവേറ്റാൻ ഇസ്രായേലിന് മേൽ സമ്മർദം വർധിക്കുമോ എന്ന ആശങ്കയും ഇസ്രായേൽ ഭരണകൂടത്തിലുണ്ട്. നിലവിൽ ഹമാസിന്റെ നിരായുധീകരണം ചൂണ്ടിക്കാട്ടി ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും ഉപരോധവും നിർത്തലാക്കാൻ ഇസ്രായേൽ നിർബന്ധിതരാവും. കൂടാതെ കരാർ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കാൻ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെ നിർബന്ധിച്ചേക്കാം എന്ന ഭയമാണ് നിലവിൽ ഇസ്രായേലിനെ അലട്ടുന്നത്.
ഇരുപക്ഷവും തമ്മിലുള്ള ഈ തർക്കങ്ങൾ ഗസ്സയിലെ സമാധാന ചർച്ചകളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മേഖലയിൽ തുടരുന്ന സൈനിക സാന്നിധ്യവും ഹമാസിന്റെ നിരായുധീകരണത്തെ ചൊല്ലിയുള്ള തർക്കങ്ങളും ഗസ്സയുടെ പുനർനിർമാണമെന്ന ലക്ഷ്യത്തെ വിദൂരത്താണെന്ന് ഉറപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.