പാകിസ്താനിൽ സൈനിക വിമാനം പറന്നിറങ്ങി, അഞ്ച് ലക്ഷം ഡോസ് ചൈനീസ് വാക്സിനുമായി
ഇസ്ലാമാബാദ്: ചൈനയിൽ നിന്നുള്ള സിനോഫാമിെൻറ അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിൻ പാകിസ്താനിലെത്തി. പാകിസ്താൻ സൈനിക വിമാനത്തിൽ തിങ്കളാഴ്ച്ച രാജ്യത്തിന് വേണ്ടിയുള്ള ആദ്യത്തെ കോവിഡ് വാക്സിൻ കൊണ്ടുവന്നതായി ആരോഗ്യ ഉപദേഷ്ടാവ് ഫൈസൽ സുൽത്താൻ അറിയിച്ചു. "ദൈവത്തിന് നന്ദി, സിനോഫാം വാക്സിൻ ആദ്യ ബാച്ച് എത്തി! ചൈനയ്ക്കും ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും നന്ദിയുണ്ട്," അദ്ദേഹം ട്വിറ്ററിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അതോടെ ഇൗയാഴ്ച്ച തന്നെ പാകിസ്താൻ വാക്സിനേഷനും ആരംഭിച്ചേക്കും. ആരോഗ്യ രംഗത്തുള്ളവർക്കായിരിക്കും ആദ്യം വാക്സിൻ നൽകുകയെന്നും ഫൈസൽ സുൽത്താൻ അറിയിച്ചു.
"ഇത് പാകിസ്ഥാനും ചൈനയും തമ്മിലുള്ള സൗഹൃദത്തെ പ്രതിഫലിപ്പിക്കുന്ന പ്രായോഗിക തെളിവാണെന്ന് വാക്സിൻ കൈമാറ്റച്ചടങ്ങിൽ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു, ചൈനീസ് സർക്കാർ സംഭാവനയായി നൽകുന്ന വാക്സിൻ സ്വീകരിച്ച ആദ്യ രാജ്യം പാകിസ്ഥാനാണെന്ന് പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കുന്നതായി പാകിസ്ഥാനിലെ ചൈനീസ് അംബാസഡർ നോങ് റോംഗ് ട്വീറ്റ് ചെയ്തു.
അതേസമയം, ഒരു മില്യൺ ഡോസ് സിനോഫാം വാക്സിൻ കൂടി പാകിസ്താൻ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വികസ്വര രാജ്യങ്ങൾക്ക് കൊറോണ വൈറസ് ചികിത്സ നൽകുന്നതിനുള്ള ആഗോള പദ്ധതി പ്രകാരം ആസ്ട്രസെനേക്കയുടെ 17 മില്യൺ വാക്സിനും പാകിസ്താന് ലഭിച്ചേക്കും. 22 കോടി ജനങ്ങളുള്ള പാകിസ്താനിൽ തിങ്കളാഴ്ച്ച 1615 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 26 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ 546,428 കേസുകളായി. മരണസംഖ്യ 11,683 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.