ഇംറാൻ ഖാന്റെ അനുയായികൾ പ്രകടനം നടത്തുന്നു

പാകിസ്താനിൽ ഇംറാൻ തരംഗം: സഖ്യത്തിനില്ല, ഒറ്റക്ക് ഭരിക്കുമെന്ന് പി.ടി.ഐ

ഇസ്‍ലാമാബാദ്: പാകിസ്താൻ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ അമ്പരപ്പിച്ചത് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. അദ്ദേഹത്തെയും പ്രധാന നേതാക്കളെയും ജയിലിലടക്കുകയും തെരഞ്ഞെടുപ്പ് ചിഹ്നം നിഷേധിക്കുകയും ചെയ്തിട്ടും ഇംറാന്റെ പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടി മികച്ച മുന്നേറ്റം നടത്തി.

മുൻ ദേശീയ ക്രിക്കറ്റ് താരംകൂടിയായ ഇംറാന്റെ പരമ്പരാഗത തെരഞ്ഞെടുപ്പ് ചിഹ്നം ക്രിക്കറ്റ് ബാറ്റ് ആയിരുന്നു. ഉൾപ്പാർട്ടി തെരഞ്ഞെടുപ്പിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് ചിഹ്നം നിഷേധിച്ചതോടെ സ്വതന്ത്രരായി മത്സരിക്കേണ്ടിവന്നു.

മുതിർന്ന നേതാക്കൾ ജയിലിലാണ്. സൈന്യവും സർക്കാർ സംവിധാനങ്ങളും കോടതിയുമെല്ലാം ചേർന്ന് ഇംറാനെ തേജോവധം ചെയ്യുകയാണെന്ന വാദം ജനം അംഗീകരിച്ചെന്നാണ് ഫലം സൂചിപ്പിക്കുന്നത്.

അഴിമതിക്കേസിൽപെടുത്തി ഇംറാന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്ന് പാർട്ടി ആരോപിച്ചു.

നിക്കാഹ് അനിസ്‍ലാമികമാണെന്നു പറഞ്ഞ് ഇംറാനും ഭാര്യ ബുഷറ ബിബിക്കും കഴിഞ്ഞയാഴ്ച ഏഴു വർഷം തടവ് വിധിച്ചിരുന്നു. 2018ൽ നടന്ന വിവാഹത്തിന്റെ പേരിലാണ് ഇപ്പോൾ നടപടിയെടുത്തത്. തോഷഖാന കേസിൽ (ഔദ്യോഗിക പദവിയിലിരിക്കെ ലഭിച്ച സമ്മാനത്തിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കി) ഇരുവരും ജയിലിലാണുള്ളത്.

നാലുവർഷത്തെ ലണ്ടൻ പ്രവാസജീവിതം കഴിഞ്ഞ് സൈന്യത്തിന്റെ ആശീർവാദത്തോടെ തിരിച്ചെത്തിയ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് ഏകപക്ഷീയമായി ജയിച്ചുകയറുമെന്നായിരുന്നു പ്രവചനം. നവാസ് ശരീഫിന്റെ ജയം മുൻനിശ്ചയിക്കപ്പെട്ട തെരഞ്ഞെടുപ്പ് പ്രഹസനമാണ് നടക്കുന്നതെന്ന് മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോയുടെ മകനും പാകിസ്താൻ പീപ്ൾസ് പാർട്ടി നേതാവുമായ ബിലാവൽ ഭുട്ടോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് ഇംറാൻ ഖാന്റെ പാർട്ടിക്കാർ സ്വതന്ത്രരായി മത്സരിച്ച് മുന്നേറുകയായിരുന്നു.

Tags:    
News Summary - Pakistan Election Results Imran Khans Wave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.