ഡെൻമാർക്ക്: ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ പ്രതികരണവുമായി രാഷ്ട്രീയ പാർട്ടികൾ. ഡെൻമാർക്കിന് കീഴിലുള്ള സ്വയംഭരണ പ്രദേശം പിടിച്ചെടുക്കുമെന്ന ട്രംപിന്റെ നിരന്തര ഭീഷണിക്ക് പിന്നാലെയാണ് മറുപടി. പാർലമെന്റിലെ അഞ്ച് രാഷ്ട്രീയ പാർട്ടികളാണ് പരസ്യപ്രസ്താവനയുമായി രംഗത്ത് വന്നത്. ‘ഞങ്ങൾക്ക് അമേരിക്കക്കാരാവാൻ താൽപര്യമില്ല. ഞങ്ങൾക്ക് ഡാനിഷ് പൗരരും ആവണ്ട. ഞങ്ങൾക്ക് ഗ്രീൻലാന്റുകാരായാൽ മതി. ഞങ്ങളുടെ ഭാവി ഗ്രീന്‍ലാന്‍ഡ് തീരുമാനിക്കും’ എന്നായിരുന്നു പ്രസ്താവന.
ഡോണാൾഡ് ട്രംപ് ഗ്രീൻലാൻഡ് ഭരണകൂടത്തിനെതിരെ വെല്ലുവിളിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പ്രതികരണം. ഗ്രീൻലാൻഡിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തങ്ങൾ അവിടെ ഇടപെടാൻ പോവുകയാണെന്നും റഷ്യയോ ചൈനയോ ഭാവിയിൽ ഗ്രീൻലാൻഡ് കൈവശപ്പെടുത്തുന്നത് തടയാൻ അമേരിക്കക്ക് ഗ്രീൻലാൻഡ് സ്വന്തമാക്കേണ്ടതുണ്ടെന്ന് എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
1951ലെ നാറ്റോ സംയുക്ത കരാർ പ്രകാരം ദ്വീപിൽ യു.എസ് സൈനിക സാന്നിധ്യം നിലവിലുണ്ടെങ്കിലും, അത്തരം ക്രമീകരണങ്ങൾ അവരുടെ സുരക്ഷയും പ്രതിരോധവും ഉറപ്പാക്കാൻ പര്യാപ്തമല്ലെന്ന് വാദിച്ചുകൊണ്ടാണ് അമേരിക്ക ഗ്രീൻലാൻഡ് നേരിട്ട് ഏറ്റെടുക്കുമെന്ന് ട്രംപ് വാദിക്കുന്നത്. 57,000 ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഡെൻമാർക്കിന്റെ കീഴിലുള്ള സ്വയംഭരണ പ്രദേശമാണ്.
‘ഗ്രീന്‍ലാന്‍ഡ് അവിടുത്തെ മനുഷ്യരുടേതാണ്. അവരുടെ കാര്യങ്ങള്‍ ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡും മാത്രമേ തീരുമാനിക്കുകയുള്ളു’ എന്ന് യു.കെ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, പോളണ്ട്, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. മാത്രവുമല്ല അമേരിക്കയുടെ ഏതൊരു ആക്രമണവും നാറ്റോയുടെ അന്ത്യത്തിലേക്ക് നയിക്കുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സണ്‍ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.