വെനിസ്വേലൻ എണ്ണ വരുമാനം സംരക്ഷിക്കാൻ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ സർക്കാരിന്റെ കൈവശമുള്ള വെനിസ്വേലൻ എണ്ണ വരുമാനം സ്വകാര്യ കടക്കാർ പിടിച്ചെടുക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‘അമേരിക്കൻ, വെനിസ്വേലൻ ജനതയുടെ നന്മക്കായി വെനിസ്വേലൻ എണ്ണ വരുമാനം സംരക്ഷിക്കൽ’ എന്ന പ്രഖ്യാപനത്തിലൂടെയാണ് ഇത് നടപ്പിലാക്കിയത്.

വെനിസ്വേലൻ എണ്ണ വരുമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് വെനിസ്വേലയെ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും യു.എസിന്റെ ദേശീയ സുരക്ഷയെയും വിദേശനയത്തെയും സാരമായും ദോഷകരമായും ബാധിക്കുമെന്നും വെള്ളിയാഴ്ച വൈകുന്നേരം ഒപ്പുവച്ച ഉത്തരവിൽ ട്രംപ് പറഞ്ഞു.

അതനുസരിച്ച്, വിദേശ ഗവൺമെന്റ് ഡെപ്പോസിറ്റ് ഫണ്ടുകളുടെ സംരക്ഷണം അമേരിക്കക്ക് അത്യന്താപേക്ഷിതമാണ്. അതിനാൽ വിദേശ ഗവൺമെന്റ് ഡെപ്പോസിറ്റ് ഫണ്ടുകൾ കണ്ടുകെട്ടാനോ ജുഡീഷ്യൽ നടപടിക്രമങ്ങൾ ഏർപ്പെടുത്താനോ ഉള്ള സാധ്യത അമേരിക്കയുടെ ദേശീയ സുരക്ഷക്കും വിദേശനയത്തിനും അസാധാരണമായ ഭീഷണിയായി ഞാൻ കാണുന്നു. അതിന്റെ ഉറവിടം പൂർണമായോ അല്ലെങ്കിൽ ഭാഗികമായോ യുനൈറ്റഡ് സ്റ്റേറ്റ്സിന് പുറത്താണ്. ആ ഭീഷണിയെ നേരിടാൻ ഞാൻ ഇതിനാൽ ഒരു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു’ എന്ന് ട്രംപ് ഉത്തരവിൽ പറയുന്നു.

ഡോണൾഡ് ട്രംപിന്റെ ഉത്തരവിൽ പറയുന്നത്: 

വൈറ്റ് ഹൗസ് ഉത്തരവിൽ ട്രംപ് രാജ്യത്തിന്റെ ഈ നീക്കത്തെ ‘അനധികൃത’ കുടിയേറ്റക്കാരുടെ അപകടകരമായ ഒഴുക്കും ‘നിയമവിരുദ്ധ’ മയക്കുമരുന്നുകളുടെ പ്രളയവും അവസാനിപ്പിക്കുന്നതിനും ഇറാൻ, ഹിസ്ബുല്ല തുടങ്ങിയ ‘ദുഷ്ട ശക്തികളെ’ ചെറുക്കുന്നതുമായും ബന്ധിപ്പിച്ചിരിക്കുന്നു.

‘വിദേശ ഗവൺമെന്റ് ഡെപ്പോസിറ്റ് ഫണ്ടുകൾ’ എന്ന ഉത്തരവിൽ  പ്രകൃതിവിഭവങ്ങളുടെയോ അവ നേർപ്പിക്കലിന്റെയോ വിൽപനയിൽ നിന്ന് വരുന്ന വെനിസ്വേലൻ ഗവൺമെന്റ് ഫണ്ടുകൾ, നിയുക്ത ട്രഷറി അക്കൗണ്ടുകളിലാണുള്ളത്. ആ ഫണ്ടുകൾക്കെതിരായ ഏതൊരു വിധി, ഉത്തരവ്, അവകാശം, കൂട്ടി​ച്ചേർക്കൽ, അല്ലെങ്കിൽ മറ്റ് ജുഡീഷ്യൽ നടപടിക്രമങ്ങൾ എന്നിവ നിരോധിച്ചിരിക്കുന്നുവെന്നും അതിനായി പ്രത്യേകമായ അനുമതി നേടിയിട്ടില്ല എങ്കിൽ ആ നീക്കങ്ങൾ അസാധുവായി കണക്കാക്കുമെന്നും ട്രംപ് ഉത്തരവിട്ടു.

ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വാർത്ത സൈബർ ലോകത്ത് വ്യാപകമായി പ്രചരിച്ചു. പ്രസിഡന്റിന്റെ ഉത്തരവനുസരിച്ച് യു.എസ് സേന, വെനിസ്വേലൻ രാഷ്ട്രത്തലവൻ നിക്കോളാസ് മദൂറോയെയും ഭാര്യയെയും പിടികൂടി യു.എസിലേക്ക് എത്തിച്ചശേഷവും വെനിസ്വേലയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.

250 കോടി ഡോളർ മൂല്യമുള്ള വെനിസ്വേലൻ എണ്ണയുടെ നിയന്ത്രണം ഇപ്പോൾ പടിഞ്ഞാറൻ അർധഗോളത്തിലെ യു.എസ് തന്ത്രത്തിന്റെ മൂലക്കല്ലായാണ് കരുതുന്നത്. കൂടാതെ നിക്കോളാസ് മദൂറോയുടെ തട്ടിക്കൊണ്ടുപോവലിനു പിന്നാലെ യു.എസ് കമ്പനികൾക്ക് ഒരു തുറന്ന അവസരവുമാണ്.

അതിനിടെ, ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ലാറ്റിനമേരിക്കൻ രാജ്യത്ത് ദ്രുതഗതിയിലുള്ള നിക്ഷേപം നടത്തുന്നതിൽനിന്ന് യു.എസ് എണ്ണ ഭീമന്മാർ പിൻവാങ്ങുന്നതായാണ് റി​പ്പോർട്ട്. രാജ്യത്ത് അതിനുള്ള അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തതയും രാഷ്ട്രീയ അനിശ്ചിതത്വവും ചൂണ്ടിക്കാണിച്ചാണിത്.

Tags:    
News Summary - Trump declares national emergency to protect Venezuelan oil revenues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 08:57 GMT