ട്രംപ്, മദൂറോ
വെനിേസ്വലക്ക് നേരെയുണ്ടായ കൈയേറ്റം ട്രംപിന്റെ ഭ്രാന്തല്ല, സാമ്രാജ്യത്വ നയമാണ്. എണ്ണസമ്പത്ത് സ്വന്തമാക്കുന്നതിനൊപ്പം, പുതിയ ലോകത്തെക്കുറിച്ചുള്ള സാമ്രാജ്യത്വവിരുദ്ധ ബദൽ കാഴ്ചപ്പാടുകൾ സംഹരിക്കുക എന്നതുകൂടിയാണ് അവർ ലക്ഷ്യംവെക്കുന്നത്
രണ്ട് ലോകയുദ്ധങ്ങളുടെ രുധിര സ്മരണകളിൽ സംഭ്രാന്തമാവുന്ന ഏതു സമൂഹവും രാഷ്ട്രവും ഒരു മൂന്നാം ലോകയുദ്ധത്തിന്റെ അവ്യക്തമായ കാലൊച്ചകൾ കേൾക്കുമ്പോൾ കിടുങ്ങും. അത്രയേറെ പ്രാണനാണ് പൊലിഞ്ഞുപോയത്. അളവിൽ കൊള്ളാത്തത്ര എത്രയോ ചോരയാണ് ഒഴുകിപ്പോയത്. അതുണ്ടാക്കിയ ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും തീ ഇന്നും അണഞ്ഞിട്ടില്ല. ജപ്പാനിലെ ഹിബാക്കുഷുകളും വിയറ്റ്നാമിലെ ഏജന്റ് ഓറഞ്ച് വിഷബാധയുടെ അവശിഷ്ടങ്ങളും, ഇന്നും ഭൂതകാല യുദ്ധഭീകരതയുടെ ബാക്കിവന്ന ചുരുക്കെഴുത്താണ്. ലോകം എത്രമേൽ സമാധാനം ആഗ്രഹിച്ചാലും, സാമ്രാജ്യത്വം ഒരിക്കലുമതിനെ സ്വാഗതം ചെയ്യില്ല. ലെനിൻ വ്യക്തമാക്കിയപോലെ എവിടെ സാമ്രാജ്യത്വമുണ്ടോ അവിടെ യുദ്ധമുണ്ടാകും. അല്ലെങ്കിൽ ആസന്നമായ യുദ്ധഭീഷണിയുടെ മുൾമുനയിൽ നിർത്തി അവർ മനുഷ്യസമൂഹത്തെ വട്ടംകറക്കും. 1930കളിൽതന്നെ അമേരിക്കൻ സമ്പദ്ഘടനയുടെ നേതൃത്വം ആയുധവ്യവസായ ശക്തികൾ കൈയടക്കി കഴിഞ്ഞിരുന്നു. ക്ഷേമരാഷ്ട്രം എന്ന കാഴ്ചപ്പാടിനു പകരം സൈനികക്ഷേമ രാഷ്ട്രം എന്ന വിചിത്രമായ ആശയവും അതോടൊപ്പം രൂപംകൊണ്ടു. യുദ്ധം നഷ്ടമാണ്, കഷ്ടമാണ്, ക്ഷാമമാണ്, വിലക്കയറ്റമാണ് എന്നതെല്ലാം അപ്പോഴേക്കും തിരുത്തിയെഴുതപ്പെട്ട് കഴിഞ്ഞിരുന്നു. ജനങ്ങൾക്കുവേണ്ടി ജനങ്ങളാലുള്ള ഭരണമെന്നതിനു പകരം, ആയുധകമ്പനികളുടെ അജണ്ടകൾക്കു പിറകിൽ രാഷ്ട്രത്തെ അണിനിരത്തുന്ന കോർപറേറ്റ് ഭരണമെന്ന ആശയം അതോടെ പൂർവാധികം ശക്തിപ്പെട്ടു. ജനായത്തത്തിന്റെ ജാഗ്രത നഷ്ടപ്പെട്ടാൽ റിപ്പബ്ലിക്കിന്റെ സിംഹാസനത്തിൽ കോർപറേറ്റുകൾ കയറിയിരിക്കുമെന്ന് ഒന്നര നൂറ്റാണ്ടിനും മുമ്പ് എബ്രഹാം ലിങ്കൺ മുന്നറിയിപ്പ് നൽകിയത് ഇന്നും സ്മരണകളിൽ എരിയണം.
വെനിസ്വേലക്ക് നേരെയുണ്ടായ കൈയേറ്റം ട്രംപിന്റെ ഭ്രാന്തല്ല, സാമ്രാജ്യത്വ നയമാണ്. എണ്ണസമ്പത്ത് സ്വന്തമാക്കുന്നതിനൊപ്പം, പുതിയ ലോകത്തെക്കുറിച്ചുള്ള സാമ്രാജ്യത്വവിരുദ്ധ ബദൽ കാഴ്ചപ്പാടുകൾ സംഹരിക്കുക എന്നതുകൂടിയാണ് നിരന്തരം നടത്തുന്ന ശീതയുദ്ധത്തിനൊപ്പം, ഇടക്കിടെ രാജ്യാതിർത്തികൾ കടന്നുള്ള കടന്നാക്രമണങ്ങൾകൊണ്ടവർ ലക്ഷ്യംവെക്കുന്നത്. ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രത്തിന്റെ പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ പങ്കാളിയെയുമാണ്, സർവ സാർവദേശീയ നിയമങ്ങളും ലംഘിച്ചുകൊണ്ട് സാമ്രാജ്യത്വ ഭരണകൂടം തടവിലിട്ടിരിക്കുന്നത്. ഇറാഖിൽ കൂട്ടനശീകരണ ആയുധമുണ്ടെന്ന് പ്രചരിപ്പിച്ചാണ് മുമ്പ് അവർ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയത്! കോർപറേറ്റ് താൽപര്യങ്ങൾക്ക് കീഴ്പ്പെടാത്ത രാഷ്ട്രങ്ങൾക്കും ഭരണാധികാരികൾക്കും മേൽ മയക്കുമരുന്നിന്റെയും ഭീകരവാദത്തിന്റെയും ചാപ്പകുത്തി ആക്രമിക്കുന്ന സാമ്രാജ്യത്വ പതിവിന് സാമ്രാജ്യത്വത്തിന്റെ ആവിർഭാവകാലത്തോളം പഴക്കമുണ്ട്.
സമാധാനപരമായി വിശ്രമിക്കൂ, ഇനിയെങ്കിലും തെറ്റ് ആവർത്തിക്കാതിരിക്കട്ടെ എന്ന ഹിരോഷിമ സ്മാരകത്തിലെ എന്നും ജീവിക്കേണ്ട വാക്കുകളെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടാണ് ഭീകരസാമ്രാജ്യത്വം ഇന്നും വളർന്നുകൊണ്ടിരിക്കുന്നത്. മുമ്പ് കമ്യൂണിസ്റ്റ് ഭീകരതയെക്കുറിച്ചായിരുന്നു പ്രചാരണം. ആ പ്രചാരണം തുടരുമ്പോൾതന്നെ, ഇസ്‍ലാമിക തീവ്രവാദത്തെക്കുറിച്ചായി പിന്നീടുള്ള പളപള കഥനിർമാണം. എണ്ണയാണ് ഞങ്ങളുടെ സംസ്കാരം, അതിനു മുകളിലിരിക്കാൻ ഒരു രാക്ഷസനെയും ഞങ്ങൾ അനുവദിക്കുകയില്ലെന്നാണ്, ഇറാഖ് അധിനിവേശ കാലത്ത്, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജെയിംസ് ബേക്കർ പ്രഖ്യാപിച്ചത്. രാക്ഷസർ എന്നതുകൊണ്ട് പരമാധികാര സ്വതന്ത്രരാഷ്ട്രത്തിലെ കോർപറേറ്റ് താൽപര്യങ്ങൾക്ക് കീഴടങ്ങാത്ത ഭരണാധികാരികളെയാണ് ജെയിംസ് ബേക്കർ ആക്ഷേപിച്ചത്. എന്തുകൊണ്ട് ഇസ്‍ലാമിക തീവ്രവാദം? മറ്റൊന്നുമല്ല; ഇസ്‍ലാമിന് മുൻതൂക്കമുള്ള രാഷ്ട്രങ്ങളിലെല്ലാം എണ്ണയുണ്ട്. അമേരിക്കക്ക് അതിന്മേൽ ആധിപത്യവുമാവശ്യമുണ്ട് (താരീഖ് അലി).
പ്രകൃതിസമ്പത്തിന്, രാഷ്ട്രാതിർത്തികൾ ബാധകമല്ല എന്ന വിചിത്രവിശാല കാഴ്ചപ്പാടാണ് സാമ്രാജ്യത്വം ലോകത്തിനു മുന്നിൽവെക്കുന്നത്! അതുകൊണ്ട് ഇറാഖിലും ഇറാനിലും വെനിേസ്വലയിലുമടക്കം മറ്റെവിടെയുമുള്ള എണ്ണയടക്കം സർവ ധാതുവിഭവങ്ങളും ഞങ്ങൾക്കവകാശപ്പെട്ടതാണ്. ഇതാണവരുടെ വാദം! ഇതിനെതിരെ ഉയരുന്ന ജനായത്ത ശബ്ദങ്ങളെ ശല്യമായാണ് സാമ്രാജ്യത്വം കാണുന്നത്. നീതിയുടെ ശബ്ദത്തെ ആയുധത്തിന്റെ മൂർച്ചകൊണ്ടും, മാധ്യമമണ്ഡലത്തിലുള്ള മേൽക്കോയ്മകൊണ്ടുമാണവർ മരവിപ്പിക്കുന്നത്. അരുന്ധതി റോയി എഴുതി: ഒരു ബാങ്ക് അക്കൗണ്ട് ഹൃദയമാണ് അവർക്കുള്ളത്. അതിൽ വരവു ചെലവ് കണക്കുകളേയുള്ളൂ. ടെലിവിഷൻ കണ്ണുകളും ഒരു ന്യൂസ്പേപ്പർ മൂക്കും അവർക്കുണ്ട്. ശബ്ദസമ്പൂർണമായ ഒരു സ്റ്റീരിയോസെറ്റാണ് അവരുടെ വായ. അത് അവരുടെ ശബ്ദം മാത്രം മുഴക്കി കേൾപ്പിക്കുകയും പുറംലോകത്തിലെ മറ്റ് ശബ്ദങ്ങളെ അരിച്ചുമാറ്റുകയും ചെയ്യുന്നു. അതുകൊണ്ട് പുറംലോകം അലറിയാൽ, അല്ലെങ്കിൽ പട്ടിണികിടന്ന് ചത്താൽപോലും നിങ്ങൾക്കത് കേൾക്കാൻ കഴിയില്ല.
വെനിസ്വേല ട്രംപിന്റെ ആേക്രാശത്തിനു മുന്നിൽ പോരാട്ടത്തിന്റെ കൊടി ഒരിക്കലും താഴ്ത്തിക്കെട്ടുകയില്ല. ഊഗോ ചാവെസിനെ അട്ടിമറിക്കാൻ ശ്രമിച്ചപ്പോഴുള്ള അനുഭവംതന്നെയാണ് അമേരിക്കൻ സാമ്രാജ്യത്വത്തെ ഇപ്പോഴും കാത്തിരിക്കുന്നത്. നമ്മൾ സൈമൺ ബൊളീവറുടെ ആൺമക്കളും പെൺമക്കളുമാണ്. നമുക്ക് പൊരുതാനേ അറിയൂ; പരാജയപ്പെടാൻ അറിയില്ല എന്ന് ഊഗോ ചാവെസ് സാമ്രാജ്യത്തെ ഓർമിപ്പിച്ചു! അതേ ആത്മബോധത്തിന്റെ തീപ്പന്തമാണ് വെനിേസ്വലയിൽ ഇപ്പോഴും ആളിക്കത്തുന്നത്.
അധിനിവേശ അധിപനായ ട്രംപിനെ സന്തോഷിപ്പിക്കാനല്ല, നീതിയെ ശക്തിപ്പെടുത്താനാണ് കാലം ആവശ്യപ്പെടുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയോട് അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ് എന്ന് കൽപിക്കാൻ ഈ ട്രംപ് ആര്? സാമ്രാജ്യത്വവിരുദ്ധ സമരത്തിലൂടെ സ്വതന്ത്രമായ ഒരു രാഷ്ട്രത്തിന്റെ ആത്മാഭിമാനം ട്രംപിനു മുന്നിൽ അടിയറവെക്കാൻ ഇന്ത്യൻ ജനത ഒരധികാരിയെയും അനുവദിക്കുകയില്ല. പൊരുതുന്ന വെനിേസ്വലക്കൊപ്പം സകല അർഥത്തിലും, സർവരും മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങൾക്കുമപ്പുറം ഒന്നിച്ചുനിന്നാൽ, അതെ ഒന്നിച്ചുനിന്നാൽ മാത്രം സാമ്രാജ്യത്വം പത്തി താഴ്ത്തും.
വെനിസ്വേലയിലേക്ക് അതിക്രമിച്ച് കടന്ന് ആ രാഷ്ട്രത്തിന്റെ പരമോന്നത നേതാവിനെ പിടിച്ചുകൊണ്ടുപോയത്, ഏറ്റവും വലിയ നിയമലംഘനവും കുറ്റകൃത്യവുമാണ്. പകൽപോലെ തെളിഞ്ഞ ഇത്തരം ഭീകരതകളെ കാണാതെ, ഹാ അമേരിക്കയില്ലെങ്കിൽ, ലോകം ഭീകരതകളുടെ പിടിയിലാകുമായിരുന്നു എന്ന സാമ്രാജ്യത്വസ്തുതി, സാമ്രാജ്യത്വ പ്രചാരകർ സൃഷ്ടിച്ച ജഗജില്ലി നുണയാണെന്നെങ്കിലും ഇപ്പോൾ തിരിച്ചറിയാനാവുന്നില്ലെങ്കിൽ, ഹാ കഷ്ടം എന്നല്ലാതെ ആ വിധേയ അശ്ലീല മാനസികാവസ്ഥയെ മറ്റെന്ത് വിശേഷിപ്പിക്കും!
മുമ്പൊക്കെ ഞങ്ങളുടെ നാട്ടിലെ വമ്പന്മാർ എത്ര പാരിതോഷികം കൊടുക്കാമെന്ന് പറഞ്ഞാലും, ശക്തിയിൽ തങ്ങളിൽ കുറഞ്ഞവരോട് ഏറ്റുമുട്ടുമായിരുന്നില്ല. എന്നാൽ, ഇന്ന് സാമ്രാജ്യത്വ ഭീകരവാദം അതിനെ ചോദ്യംചെയ്യുന്ന ഒരു വ്യക്തിക്കെതിരെപ്പോലും യുദ്ധകാഹളം മുഴക്കും. ആ ജാള്യത മറക്കാൻ ആദ്യം അവർ പൂച്ചയെ പുലിയാക്കും. നരഭോജിയാക്കും, ഹിറ്റ്ലറാക്കും, ഏത് കളറും അവരുടെമേൽ അടിക്കും. ഞങ്ങളുടെ നാട്ടിൽപോലും ലാദൻ കടുപ്പംകൂടിയ ചായയുടെ പേരും, ബ്ലയറും ബുഷും തീരേ പൊടിയിടാത്ത ചായരൂക്ഷതയേയില്ലാത്ത വെള്ളച്ചായയുടെ പേരുമായി തീർന്നത് മറക്കാനാവില്ല. പലരും കരുതുന്നതുപോലെ ആദ്യം മാത്രമല്ല; ആദ്യത്തിലും ഇടയിലും അധിനിവേശത്തിന് ശേഷവും ആയുധശക്തിക്കൊപ്പം പ്രചാരണശക്തിയും സാമ്രാജ്യത്വം എന്നും പ്രയോഗിച്ച് പോന്നിട്ടുണ്ട്. ഒരു രാജ്യമാകെ സാമ്രാജ്യത്വം പിടിച്ചെടുക്കുമ്പോൾ, മറ്റു രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണ് ഇതെന്ന് ട്രംപ് പ്രഖ്യാപിക്കുമ്പോൾ വെനിേസ്വലയിലെ മദൂറോ ഭരണത്തിന്റെ പരിമിതികൾ മാത്രം ചികഞ്ഞെടുത്തുള്ള അവതരണത്തിന് അടിയിലും ആ സാമ്രാജ്യത്വ പ്രചാരണയുദ്ധ വിജയത്തിന്റെ മന്ദസ്മിതമാണ് തെളിയുന്നത്. ഡസൻ കണക്കിന് ചെറിയ കഷണങ്ങളായി ലാറ്റിനമേരിക്കൻ ഭൂഭാഗത്തെ വിഭജിച്ച് നിർത്താനാണ് യു.എസ് ആഗ്രഹിക്കുന്നത്. എന്നിട്ട് ഓരോ രാഷ്ട്രത്തെയും അവരുടെ സമ്പദ് വ്യവസ്ഥയിലേക്ക് വലിച്ചെടുക്കാനും യു.എസ് ആഗ്രഹിക്കുന്നു. ചുരുക്കത്തിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളെയാകെ വിഴുങ്ങാനാണ് യു.എസ് സമ്പദ് വ്യവസ്ഥ ശ്രമിക്കുന്നത്. അവരുടെ സ്വത്തായിട്ടാണ് ലാറ്റിനമേരിക്കയെ അവർ കാണുന്നത് (കാസ്േട്രാ).
സൂക്ഷ്മതലത്തിൽ വീക്ഷിക്കുമ്പോൾ, ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ സമരം ശക്തമാകണമെങ്കിൽ ഒരു സോഷ്യലിസ്റ്റ് കോമൺവെൽത്ത് എന്ന ചെഗുവേരയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടണം. ലാറ്റിൻ അമേരിക്കൻ വിപ്ലവത്തിന്റെ പ്രതീകമായി മാറിയ ചെഗുവേര 1964 ലെ യു.എൻ ജനറൽ അസംബ്ലിയുടെ സമ്മേളനവേദിയിൽനിന്നും പ്രഖ്യാപിച്ചു. ഞാൻ ജനിച്ചത് അർജന്റീനയിലാണ്. അതിലൊരു രഹസ്യവുമില്ല. ഞാനൊരു ക്യൂബക്കാരനും അർജന്റീനക്കാരനുമാണ്. ഏതൊരു ലാറ്റിനമേരിക്കൻ രാജ്യത്തിന്റെയും വിമോചനത്തിനുവേണ്ടി ആരോടും ചോദിക്കാതെ, ഒന്നും ആവശ്യപ്പെടാതെ സ്വന്തം ജീവിതം എവിടെവെച്ച് സമർപ്പിക്കാനും ഞാനെന്നും സദാ സന്നദ്ധനായിരിക്കും. സാമ്രാജ്യത്വ സാമ്പത്തിക നയങ്ങളോട് വിട്ടുവീഴ്ചകൾ ചെയ്യുമ്പോഴും ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കിടയിൽ ശക്തിപ്പെടുന്ന ഐക്യമാണ് ഇപ്പോൾ സാമ്രാജ്യത്വത്തെ ഏറെ സംഭ്രാന്തമാക്കുന്നത്. ചെഗുവേരയടക്കമുള്ള അനശ്വരവിപ്ലവകാരികൾ ആവിഷ്കരിച്ചതും വികസിപ്പിക്കാൻ ശ്രമിച്ചതും, ഹിംസാത്മകംകൂടിയായ ആഗോള സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ അനിവാര്യമായും ഉയർന്നുവരേണ്ട സാഹോദര്യ സമാധാന കാഴ്ചപ്പാടുകളിലധിഷ്ഠിതമായ സാർവദേശീയ സമര ഐക്യത്തിന്റെ വഴിയാണ്.
ചെഗുവേര, ഫിദൽ കാസ്ട്രോ
ഫലസ്തീൻ ദേശീയ വിമോചന സമരത്തെ പിന്തുണക്കുന്നതിൽ കാലം ആവശ്യപ്പെടും വിധമുള്ള സാർവ ദേശീയ പ്രതിരോധം ഉയർന്നുവന്നില്ല. വെനിേസ്വലയുടെ കാര്യത്തിലും ആവിധം സംഭവിച്ചാൽ ലാറ്റിനമേരിക്ക പ്രതിസന്ധിയിലാകും. വൻശക്തികളെന്ന് വിളിക്കപ്പെടുന്ന ലോകരാജ്യങ്ങൾ വാചാഐക്യത്തിനു പകരം, സമരോത്സുക ഐക്യവഴിയിലേക്ക് കടന്നുവരുന്നില്ലെങ്കിൽ, സാമ്രാജ്യത്വ കാര്യപരിപാടി മുന്നോട്ടുപോകും! അങ്ങനെയെങ്ങാൻ സംഭവിച്ചാൽ ലോകം ഇപ്പോൾ നേരിടുന്ന മൂലധന ഭീകരത ഇരട്ടിക്കും. ഭീകരത മുമ്പും ഇപ്പോഴും അമേരിക്കൻ കോലത്തിൽ മുന്നിൽ വന്നുനിന്നിട്ടും, അത് കാണാതെ മറ്റെവിടെയോ ഭീകരത തിരയുന്നവരെ, കാലം കവിളിൽ മാത്രമല്ല ശരീരം മുഴുവൻ ആ അധിനിവേശ വെള്ളകളറിൽ കുളിപ്പിച്ച് പരമ േദ്രാഹിയെന്ന് വിളിക്കും.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.