‘അമേരിക്കയും ഇസ്രായേലും ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യങ്ങൾ; ആക്രമിച്ചാൽ യു.എസിന്റെ സൈനിക-ഷിപ്പിങ് കേന്ദ്രങ്ങളിൽ തിരിച്ചടി’; ട്രംപിന്റെ ഭീഷണിക്കു പിന്നാലെ ഇറാന്റെ മുന്നറിയിപ്പ്

തെഹ്റാൻ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതുപോലെ, ഇറാനിൽ സൈനിക ആക്രമണം നടത്തിയാൽ ഇരു രാജ്യങ്ങളും ‘നിയമപരമായ ലക്ഷ്യങ്ങളായി’ മാറുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് അമേരിക്കക്കും ഇസ്രായേലിനും കർശനമായ മുന്നറിയിപ്പ് നൽകി. അമേരിക്ക ഇറാനെ ആക്രമിച്ചാൽ ഇസ്രായേലും യു.എസ് സൈനിക, ഷിപ്പിങ് സൗകര്യങ്ങളും ലക്ഷ്യമിടുന്നതായി ഗാലിബാഫ് പറഞ്ഞതായി ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.

ഇറാൻ പാർലമെന്റിലെ ബഹളമയമായ സമ്മേളനത്തിനിടെ ‘അമേരിക്കക്ക് മരണം’ എന്ന് ആക്രോശിച്ചുകൊണ്ട് നിയമസഭാംഗങ്ങൾ വേദിയിലേക്ക് ഓടിക്കയറി മുന്നറിയിപ്പ് നൽകിയതായും റി​പ്പോർട്ടുണ്ട്. പാർലമെന്റ് കോലാഹലത്തിന്റെ സ്ഥിരീകരിക്കാത്ത വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. നിയമനിർമാതാക്കൾ ഒരേ സ്വരത്തിൽ മുദ്രാവാക്യം വിളിക്കുന്നതായി ദൃശ്യങ്ങളിൽ കാണപ്പെടുന്നു.

ഇറാന്റേത് പ്രതികാര നടപടികളിൽ മാത്രം ഒതുങ്ങില്ലെന്നും ഗാലിബാഫ് മുന്നറിയിപ്പ് നൽകി. ‘നിയമാനുസൃതമായ പ്രതിരോധത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രതികരിക്കുന്നതിൽ മാത്രം ഞങ്ങൾ പരിമിതപ്പെടുത്തുകയില്ല. തെറ്റായ കണക്കുകൂട്ടലുകൾ നടത്തരുതെന്ന് ഞങ്ങൾ ട്രംപിനോടും മേഖലയിലെ അദ്ദേഹത്തിന്റെ സഖ്യകക്ഷികളോടും പറയുന്നുവെന്നും’ അദ്ദേഹം പറഞ്ഞു. ട്രംപിനെ ‘വിഭ്രാന്തിയുള്ളയാൾ’ എന്നും വിളിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

അതേ സെഷനിൽ തന്നെ അദ്ദേഹം ഭീഷണി ശക്തമായി ആവർത്തിച്ചു. ഇറാനെതിരെ ഒരു ആക്രമണം ഉണ്ടായാൽ അധിനിവേശ പ്രദേശവും മേഖലയിലെ എല്ലാ അമേരിക്കൻ സൈനിക കേന്ദ്രങ്ങളും, താവളങ്ങളും, കപ്പലുകളും ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യങ്ങളായിരിക്കും എന്നായിരുന്നു അത്.

ഇറാന്റെ ദിവ്യാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന പ്രതിഷേധങ്ങൾ മൂന്നാം ആഴ്ചയിലേക്ക് കടന്നപ്പോഴാണ് മുന്നറിയിപ്പ്. തെഹ്‌റാനിലും മഷ്ഹാദിലും ഞായറാഴ്ച വരെയും പ്രകടനങ്ങൾ തുടർന്നതായാണ് റി​പ്പോർട്ട്. അശാന്തിയുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ കുറഞ്ഞത് 116 പേർ കൊല്ലപ്പെട്ടതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുകയും ഫോൺ ലൈനുകൾ വിച്ഛേദിക്കപ്പെടുകയും ചെയ്തതോടെ, ഇറാന് പുറത്തുനിന്നുള്ള പ്രതിഷേധങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറി. ഇതുവരെ ഏകദേശം 2,600 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് യു.എസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി പറഞ്ഞു.

ട്രംപ് പ്രതിഷേധക്കാർക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ഇറാൻ സ്വാതന്ത്ര്യത്തിലേക്ക് നോക്കുകയാണ്. ഒരുപക്ഷേ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം. യു.എസ് സഹായിക്കാൻ തയ്യാറാണ്’ എന്നായിരുന്നു സമൂഹ മാധ്യമത്തിൽ എഴുതിയത്. കാര്യങ്ങൾ വ്യക്തമല്ലെങ്കിലും, ഇറാനെ ആക്രമിക്കാൻ ട്രംപിന് സൈനിക ഓപ്ഷനുകൾ നൽകിയിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസും വാൾസ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - America and Israel are legitimate targets Iran warns after Trump’s threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 08:57 GMT