കറാച്ചി: സിന്ധു നദിയിൽ ജലം തടസ്സപ്പെടുത്തി ഇന്ത്യ നിർമിക്കുന്ന ഏതുതരം നിർമിതിയും ആക്രമിക്കുമെന്ന ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്.
‘ഇത്തരം നിർമിതികൾ സിന്ധു ജല കരാറിന്റെ ലംഘനവും പാകിസ്താനെതിരായ കടന്നുകയറ്റവുമാണ്. വെടിയുണ്ട പായിക്കൽ മാത്രമല്ല അതിക്രമം. അതിലൊന്നാണ് ജലം തടസ്സപ്പെടുത്തൽ. അത് ദാഹവും വിശപ്പും മൂലം മരണത്തിനിടയാക്കും. കരാർ ലംഘിക്കൽ ഇന്ത്യക്ക് എളുപ്പമാകില്ല. വിഷയത്തിൽ പാകിസ്താൻ ബന്ധപ്പെട്ട കക്ഷികളെ സമീപിക്കും. പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ ഇന്ത്യ അക്രമിച്ചാൽ സമ്പൂർണ തിരിച്ചടി നടത്തും’-ഖ്വാജ ആസിഫ് കൂട്ടിച്ചേർത്തു.
‘പാകിസ്താനിൽ ചില മേഖലകൾ ആക്രമിക്കാൻ തീരുമാനമെടുത്തതായി ചില ചോർന്നുകിട്ടിയ രേഖകൾ സൂചിപ്പിക്കുന്നു. ആക്രമണം സംഭവിക്കുമെന്നും ആസന്നമാണെന്നും തോന്നുന്നു. പാകിസ്താൻ ഇതിനെതിരെ പൂർണ ശക്തിയുപയോഗിച്ച് തിരിച്ചടിക്കും. പരമ്പരാഗത ആയുധങ്ങളും അണവായുധങ്ങളും പ്രയോഗിക്കും’- മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താന് തക്കതായ തിരിച്ചടി നൽകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പ്രതിരോധ മന്ത്രിയെന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണ് ഇന്ത്യയെ ആക്രമിക്കുന്നവർക്ക് ശക്തമായ തിരിച്ചടി നൽകുകയെന്നത്. അതിർത്തി കാക്കുന്ന സൈനികർക്ക് പൂർണ്ണ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ പ്രധാനമന്ത്രിയെ നിങ്ങള്‍ക്ക് നന്നായി അറിയാം, അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി, ദൃഢനിശ്ചയം എന്നിവ നിങ്ങള്‍ക്ക് പരിചിതമാണ്. മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് തീര്‍ച്ചയായും സംഭവിക്കും - സംസ്കൃതി ജാഗരണ്‍ മഹോത്സവത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ പ്രതിരോധ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.