വാഷിങ്ടൺ: വെനസ്വേലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടില്ലെന്ന് അറിയിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ. വെനസ്വേലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ തങ്ങൾക്ക് ആഗ്രഹമില്ല. എന്നാൽ, നയപരമായ മാറ്റങ്ങൾ വരുത്താൻ വെനസ്വേലക്കുമേൽ സമ്മർദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത് വെനസ്വേലക്കെതിരായ യുദ്ധമല്ലെന്ന് എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ റുബിയോ പറഞ്ഞു. മയക്കുമരുന്ന് കച്ചവടക്കാരുമായിട്ടാണ് ഞങ്ങളുടെ യുദ്ധം. ഇതാണ് ഇപ്പോൾ രാജ്യത്തിന്റെ നയമെന്നും റുബിയോ പറഞ്ഞു. മയക്കുമരുന്നുമായി യു.എസിനെ ലക്ഷ്യമാക്കി വരുന്ന ബോട്ടുകൾ പിടിച്ചെടുക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെനസ്വേല ചെയ്യുന്നതെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കും. ഇതിനൊപ്പം യു.എസിന്റെ നയങ്ങളെ സംരക്ഷിക്കാനുള്ള നീക്കങ്ങളുമുണ്ടാവും. വെനസ്വേലയിലെ സർക്കാറും പൊലീസും സൈന്യവും മയക്കുമരുന്ന് കച്ചവടക്കാർക്ക് പരസ്യമായ പിന്തുണ നൽകുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത് യു.എസിന് ഭീഷണിയാണെന്ന് മാർക്കോ റുബിയോ പറഞ്ഞു.
വെനസ്വേലയിൽ ശരിയായ അധികാരകൈമാറ്റം യാഥാർഥ്യമാകുന്നത് വരെ രാജ്യം യു.എസ് ഭരിക്കുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.ഒരു രാജ്യത്തിനും സ്വന്തമാക്കാനാവാത്ത നേട്ടമാണ് യു.എസ് സൈന്യം കഴിഞ്ഞ ദിവസം വെനസ്വേലയിൽ സ്വന്തമാക്കിയത്.
ചെറിയ സമയത്തിനുള്ളിൽ വെനസ്വേലൻ സൈന്യത്തെ യു.എസ് നിരായുധരാക്കി. വെനസ്വേലൻ ആക്രമണത്തിൽ യു.എസിന് ആയുധങ്ങൾ നഷ്ടമാവുകയോ സൈനികരെ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.എന്നാൽ, ട്രംപിന്റെ മുൻ പ്രസ്താവനയിൽ നിന്ന് യുടേണടിക്കുന്ന സമീപനമാണ് ഇപ്പോൾ റുബിയോയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.