ഇറാനിൽ ഇനിയും പ്രതിഷേധക്കാർ കൊല്ലപ്പെട്ടാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും -ഭീഷണി ആവർത്തിച്ച് ട്രംപ്

വാഷിങ്ടൺ: ഇറാനെതിരെ വെല്ലുവിളിയും ഭീഷണിയും തുടർന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനിൽ രണ്ടാം ആഴ്ചയിലേക്ക് കടന്ന പ്രക്ഷോഭത്തിൽ കൂടുതൽ പ്രതിഷേധക്കാർ ഇനിയും കൊല്ലപ്പെട്ടാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അത് ഇറാനെ വളരെ കഠിനമായി ബാധിക്കുമെന്നും ട്രംപ് പറഞ്ഞു. യു.എസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിൽവെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

ഞങ്ങൾ കാര്യങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മുൻകാലങ്ങളിലേതുപോലെ അവർ ആളുകളെ കൊല്ലാൻ തുടങ്ങിയാൽ, അമേരിക്കയിൽ നിന്ന് അവർക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഞാൻ കരുതുന്നു -വെള്ളിയാഴ്ച ഉന്നയിച്ച അതേ ഭീഷണി ആവർത്തിച്ച് ട്രംപ് പറഞ്ഞു.

അതേസമയം, ശത്രുവിന്റെ മൃദുയുദ്ധത്തിനും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനുമെതിരെ പൊതുജന അവബോധവും പ്രതിരോധവും വേണമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പറഞ്ഞു. ലെഫ്റ്റനന്റ് ജനറൽ ഖാസിം സുലൈമാനിയുടെ മരണത്തിന്‍റെ ആറാം വാർഷികത്തിൽ ഇറാനിയൻ രക്തസാക്ഷികളുടെ കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് ഖാംനഈ ഇക്കാര്യം പറഞ്ഞത്. പ്രതിഷേധം ന്യായമാണ്, പക്ഷേ കലാപം പ്രതിഷേധത്തിൽനിന്ന് വ്യത്യസ്തമാണ്. നമ്മൾ പ്രതിഷേധക്കാരോട് സംസാരിക്കുന്നു, അവർ അവരുടെ ആശങ്കകൾ കേൾക്കുന്നു. പക്ഷേ, കലാപകാരികളോട് സംസാരിക്കുന്നതുകൊണ്ട് കാര്യമില്ല -അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ സംഘടനകളുടെ കണക്കനുസരിച്ച് ഇറാനിലെ പ്രതിഷേധങ്ങളിൽ ഇതുവരെ കുറഞ്ഞത് 16 പേർ കൊല്ലപ്പെട്ടതായാണ് വിവരം. തെഹ്റാനിൽനിന്ന് 130 കിലോമീറ്റർ അകലെ, ഖൂമിലാണ് ഏറ്റവും വലിയ പ്രക്ഷോഭം നടക്കുന്നത്.

യു.എസും ഇസ്രായേലും രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഭരണ അട്ടിമറിക്കായി സമരക്കാരെ പിന്തുണക്കുകയാണെന്നും മുൻ പാർല​മെന്റ് സ്പീക്കർ അലി ലറിജാനി പറഞ്ഞു. തങ്ങളുടെ ആഭ്യന്തര വിഷയത്തിൽ യു.എസും ഇസ്രായേലും ഇടപെടുന്നു എന്ന് കാണിച്ച് യു.എൻ രക്ഷാ സമിതിക്ക് ഇറാൻ യു.എൻ വക്താവ് പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - Iran will get hit very hard if it continues killing protesters says Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.