ന്യൂഡൽഹി: വെനിസ്വേലൻ പ്രസിഡന്റ് നികോളസ് മദുറോയെ പിടികൂടിയതിനു പിന്നാലെ, രാജ്യത്തെ എണ്ണ ശേഖരങ്ങൾ അമേരിക്ക വരുതിയിലാക്കുന്നത് ഇന്ത്യക്ക് ഗുണകരമാകുമെന്ന് വിലയിരുത്തൽ. വെനിസ്വേലയിൽനിന്ന് ഇന്ത്യക്ക് ലഭിക്കാനുള്ള ഏകദേശം 100 കോടി ഡോളർ കുടിശ്ശിക തിരിച്ചുപിടിക്കാൻ ഈ സാഹചര്യം വഴിതെളിക്കുമെന്ന് വ്യവസായ വൃത്തങ്ങൾ കണക്കുകൂട്ടുന്നു. വെനിസ്വേലൻ ഹെവി ക്രൂഡിന്റെ പ്രധാന സംസ്കരണ കേന്ദ്രമായിരുന്നു ഇന്ത്യ. കിഴക്കൻ വെനിസ്വേലയിലെ സാൻ ക്രിസ്റ്റൊബാൽ എണ്ണപ്പാടം സംയുക്തമായി പ്രവർത്തിപ്പിക്കുന്നത് ഇന്ത്യയുടെ ഒ.എൻ.ജി.സി വിദേശ് ലിമിറ്റഡാണ്.
എന്നാൽ, സാങ്കേതികവിദ്യ, ഉപകരണങ്ങൾ, സേവനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം യു.എസ് ഉപരോധംമൂലം തടസ്സപ്പെട്ടതിനാൽ ഉൽപാദനം ഗണ്യമായി കുറഞ്ഞിരുന്നു. 2014 വരെയുള്ള ഈ മേഖലയിലെ 40 ശതമാനം ഓഹരികളിൽ ഒ.എൻ.ജി.സി വിദേശ് ലിമിറ്റഡിന് (ഒ.വി.എൽ) ലഭിക്കേണ്ട 536 മില്യൻ യു.എസ് ഡോളർ ലാഭവിഹിതം നൽകാൻ വെനിസ്വേലക്ക് കഴിഞ്ഞിരുന്നില്ല.
ഉപരോധങ്ങൾ ലഘൂകരിച്ചാൽ, ഗുജറാത്തിലെ ഒ.എൻ.ജി.സിയുടെ എണ്ണപ്പാടങ്ങളിൽനിന്ന് റിഗുകളും മറ്റ് ഉപകരണങ്ങളും സാൻ ക്രിസ്റ്റൊബാലിലേക്ക് മാറ്റാൻ ഒ.എൻ.ജി.സിക്ക് കഴിയുമെന്ന് വിദഗ്ധർ പറയുന്നു. ഒ.വി.എല്ലിനും മറ്റ് ഇന്ത്യൻ സ്ഥാപനങ്ങൾക്കും വെനിസ്വേലയിൽ കൂടുതൽ എണ്ണപ്പാടങ്ങൾ ഏറ്റെടുക്കാനും ഇന്ത്യക്ക് താൽപര്യമുള്ള മറ്റൊരു വെനിസ്വേലൻ ഹെവി ഓയിൽഫീൽഡായ കാരബോബോ വണ്ണിലെ ഉൽപാദനം പുനരുജ്ജീവിപ്പിക്കാനും കഴിയും. നിലവിൽ വെനിസ്വേലൻ എണ്ണയുടെ പ്രധാന ഗുണഭോക്താവ് ചൈനയാണ്. അമേരിക്കൻ ഇടപെടലോടെ എണ്ണ വിപണിയിൽ ചൈനക്കുള്ള സ്വാധീനം കുറയുകയും ഇന്ത്യക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.