ഇന്ത്യയുമായുള്ള സംഘർഷത്തിന് പിന്നാലെ പാക് സൈനിക മേധാവിക്ക് സ്ഥാനക്കയറ്റം

ന്യൂഡൽഹി: പാകിസ്താൻ സൈനിക​ മേധാവി അസീം മുനീറിന് പ്രൊമോഷേൻ. ഫീൽഡ് മാർഷലായാണ് പ്രൊമോഷൻ. റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി ഓഫീസാണ് പ്രമോഷൻ നൽകിയ വിവരം അറിയിച്ചത്.

പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭ യോഗത്തിനൊടുവിലാണ് മുനീറിന് പ്രമോഷൻ നൽകാൻ തീരുമാനിച്ചത്. പാകിസ്താൻ സൈനിക മേധാവിയായി എത്തുന്നതിന് മുമ്പ് മുനീർ പാകിസ്താന്റെ ഇന്റലിജൻസ് ഏജൻസിയായ ഇന്റർ-സർവീസ് ഇന്റലിജൻസിന്റെ തലവനായിരുന്നു. 2019ൽ പുൽവാമ ആക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷമുണ്ടായപ്പോൾ അസിം മുനീറായിരുന്നു ഐ.എസ്.ഐ തലവൻ. 2022 നവംബറിലാണ് ഖമർ ജാവേദ് ബജ്‍വക്ക് പകരക്കാരനായി അസീം മുനീറിനെ നിയമിച്ചത്.

2024 നവംബറിൽ അസിം മുനീറിന്റെ കാലാവധി നാല് വർഷം നീട്ടിനൽകിയിരുന്നു. ഇന്ത്യയുമായുള്ള സംഘർഷത്തിൽ പാകിസ്താൻ സൈന്യത്തെ നയിച്ചതിനാണ് മുനീറിന് പ്രമോഷൻ നൽകിയതെന്ന് പാകിസ്താൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഓപറേഷൻ സിന്ദൂറിന്‍റെ ഭാഗമായി പാകിസ്താനിലെയും പാക് അധിനിവേശ പ്രദേശങ്ങളിലെയും സൈനിക, ഭീകര കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ കരസേന പുറത്തുവിട്ടിരുന്നു. നീതി നടപ്പാക്കി എന്ന അടിക്കുറിപ്പോടെയാണ് കരസേനയുടെ വെസ്റ്റേൺ കമാൻഡ് എക്സിലൂടെ വിഡിയോ പുറത്തുവിട്ടത്. ആസൂത്രണം ചെയ്തു, പരിശീലിപ്പിച്ചു, നടപ്പിലാക്കി എന്നും കരസേന എക്സിൽ കുറിച്ചിട്ടുണ്ട്.

മേയ് ഒമ്പതാം തീയതി മുതൽ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സേന പങ്കുവെച്ചിട്ടുള്ളത്. പ്രതികാരമല്ലെന്നും കനത്ത തിരിച്ചടിയിലൂടെ ശത്രുക്കൾക്ക് കൃത്യമായ മറുപടി നൽകുകയാണ് ലക്ഷ്യമിട്ടതെന്നും വിഡിയോയിൽ സൈനികർ വ്യക്തമാക്കുന്നുണ്ട്.

Tags:    
News Summary - Pakistan Army chief Gen Asim Munir promoted to Field Marshal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.