തകർന്നടിഞ്ഞ് പാക് രൂപ; വൻ പ്രതിസന്ധിയിൽ രാജ്യം

ഇസ്‌ലാമാബാദ്: കറൻസി മൂല്യം ഇടിഞ്ഞ് പാകിസ്താൻ വൻ പ്രതിസന്ധിയിൽ. ഡോളറിനെതിരെ വ്യാഴാഴ്ച 24.54 രൂപയും വെള്ളിയാഴ്ച 7.17 രൂപയുമാണ് ഇടിഞ്ഞത്. ഡോളറിന് 262 ആണ് വെള്ളിയാഴ്ചത്തെ നിരക്ക്. രൂപയുടെ മേലുള്ള നിയന്ത്രണം അവസാനിപ്പിക്കണമെന്നും വിപണി സ്വയം വിനിമയനിരക്ക് നിര്‍ണയിക്കുമെന്നുമുള്ള ഐ.എം.എഫ് നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് രൂപ തകര്‍ന്നടിഞ്ഞത്.

വിലക്കയറ്റവും ഗ്രിഡ് തകരാർ മൂലമുള്ള വൈദ്യുതി തടസ്സവും രാഷ്ട്രീയ അസ്ഥിരതയും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. അതിനിടെ അന്താരാഷ്ട്ര നാണയനിധിയുമായുള്ള വായ്പ കരാർ ഈ മാസം തന്നെ ഒപ്പിടാൻ കഴിയുമെന്ന് പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ് പ്രതീക്ഷ പ്രകടിപ്പിച്ചു.

വിദേശനാണ്യ കരുതൽ ശേഖരം കുറഞ്ഞ് പാകിസ്താൻ വൻ തകർച്ചയുടെ വക്കിലാണ്. 370 കോടി ഡോളർ മാത്രമാണ് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം. വിദേശനാണ്യം ഇല്ലാതായാൽ ഇറക്കുമതി തടസ്സപ്പെടുകയും ഭക്ഷ്യ പ്രതിസന്ധി ഉൾപ്പെടെ രൂക്ഷമാകുകയും ചെയ്യും. ഇപ്പോൾതന്നെ ആളുകൾ ഭക്ഷണത്തിനായി തർക്കത്തിലേർപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

വൈദ്യുതി തടസ്സം ഫാക്ടറികളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. കഴിഞ്ഞ വർഷമുണ്ടായ പ്രളയം രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗം വെള്ളത്തിൽ മുക്കിയിരുന്നു. റെക്കോഡ് മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം 3.3 കോടിയിലേറെ ജനങ്ങളെയാണ് ബാധിച്ചത്. രണ്ടേകാൽ ലക്ഷം വീട് തകർന്നു. നൂറുകണക്കിന് പാലങ്ങളും റോഡുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. ശ്രീലങ്ക അനുഭവിച്ച പോലെയുള്ള സാമ്പത്തിക തകർച്ചയുടെ വക്കിൽ നിൽക്കെ പരസ്പരം കുറ്റപ്പെടുത്തുകയാണ് രാഷ്ട്രീയ നേതൃത്വം.

ഭരണകൂടത്തിന്റെ പിടിപ്പുകേടാണെന്ന് ഇംറാൻ ഖാൻ ആരോപിക്കുമ്പോൾ മുൻ ഭരണകൂടത്തിന്റെ പ്രശ്നമാണെന്നും തങ്ങൾ സമ്പദ് വ്യവസ്ഥയെ തിരികെ ട്രാക്കിലെത്തിക്കാൻ ശ്രമിക്കുകയാണെന്നുമാണ് ധനമന്ത്രി ഇസ്ഹാഖ് ദർ പറയുന്നത്. ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയർന്നു. ഒരു പാക്കറ്റ് ധാന്യപ്പൊടിക്ക് 3,000 പാക് രൂപ നൽകണം. ഒരു കിലോ സവാളക്ക് 220 രൂപയാണ് വില. ഭക്ഷ്യവസ്തുക്കളുമായി പോവുന്ന ട്രക്കുകള്‍ ജനങ്ങള്‍ പിടിച്ചെടുക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പാകിസ്താന്‍ അമേരിക്കയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

Tags:    
News Summary - Pak rupee slumps to record low

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.