ജെ-10സി ഫൈറ്റർ വിമാനം (File Photo)

റഫാലിനുള്ള മറുപടിയെന്ന്; ചൈനയിൽ നിന്ന് 25 ഫൈറ്റർ ജെറ്റുകൾ വാങ്ങി പാക് സൈന്യം

ഇസ്​ലാമാബാദ്: ചൈനയിൽ നിന്നും 25 ജെ-10സി ഫൈറ്റർ വിമാനങ്ങൾ വാങ്ങി പാകിസ്താൻ. ഫ്രാൻസിൽ നിന്ന് ഇന്ത്യ അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ സ്വന്തമാക്കി സൈനികശേഷി വർധിപ്പിച്ചതിനുള്ള മറുപടിയായാണ് പാകിസ്താൻ ചൈനീസ് യുദ്ധവിമാനങ്ങൾ സൈനിക സന്നാഹത്തിലെത്തിച്ചത്.

മാർച്ച് 23ന് നടക്കുന്ന പാക് ദിനാചരണത്തിൽ 25 യുദ്ധവിമാനങ്ങളും അണിനിരക്കുമെന്ന് പാക് ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞു. ഇന്ത്യയുടെ റഫാലിനുള്ള മറുപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനീസ് ആർമിയുടെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നാണ് ജെ-10സി. തങ്ങളുടെ ഏറ്റവും വിശ്വസ്ത സഖ്യകക്ഷിയായ പാകിസ്താന് വിമാനം കൈമാറാൻ ചൈന ധാരണയിലെത്തുകയായിരുന്നു.

ഡിസംബർ ആദ്യം നടന്ന പാക്-ചൈന സംയുക്ത സൈനികാഭ്യാസത്തിൽ ജെ-10സി വിമാനങ്ങൾ അണിനിരന്നിരുന്നു. ഇരുപക്ഷവും തങ്ങളുടെ അത്യാധുനിക വിമാനങ്ങളെ സൈനികാഭ്യാസത്തിൽ ഉൾപ്പെടുത്തിയിരുന്നു.

ഇന്ത്യ ഫ്രാൻസിൽ നിന്ന് റഫാൽ വിമാനങ്ങൾ സ്വന്തമാക്കിയത് മുതൽ ഇതിനൊപ്പം നിൽക്കുന്ന വിമാനം സ്വന്തമാക്കാൻ പാക് ശ്രമം തുടങ്ങിയിരുന്നു. റഫാലിനൊപ്പം പരിഗണിക്കുന്ന യു.എസ് നിർമിത എഫ്-16 വിമാനങ്ങൾ പാക് നിരയിലുണ്ടെങ്കിലും എല്ലാ കാലാവസ്ഥയിലും പ്രയോഗിക്കാവുന്നതും വ്യത്യസ്ത ഉപയോഗവുമുള്ള യുദ്ധവിമാനം കൂടി സ്വന്തമാക്കാനായിരുന്നു പാക് പദ്ധതി.

ഫ്രാൻസിൽ നിന്നും 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ സ്വന്തമാക്കുന്നത്. 59,000 കോടിക്കാണ് കരാർ. റഫാൽ കരാറിലെ അഴിമതി വൻ രാഷ്ട്രീയ വിവാദമായിരുന്നു. 30 വിമാനങ്ങളാണ് ഫ്രാൻസ് ഇന്ത്യക്ക് കൈമാറിയിട്ടുള്ളത്. ശേഷിക്കുന്ന ആറെണ്ണം ഏപ്രിലോടെ കൈമാറും. 

Tags:    
News Summary - Pak buys 25 China-made J-10C fighter jets in response to India’s Rafale aircraft acquisition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.