20 മാസം പിന്നിടുന്ന വംശഹത്യ; ഇസ്രായേൽ ക്രൂരതയിൽ ഗസ്സയിൽ പൊലിഞ്ഞത് 55,000 ജീവനുകൾ

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേലിന്‍റെ ആക്രമണം 20 മാസം പൂർത്തിയാകുന്നതിനിടെ മരണസംഖ്യ 55,104 ആയെന്ന് ഫലസ്തീനിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ പകുതിയിലേറെ സ്ത്രീകളും കുട്ടികളുമാണ്. 1,27,394 പേർക്കാണ് യുദ്ധത്തിൽ പരിക്കേറ്റത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 120 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി മരിച്ചവരുടെ കണക്കുകൾ ലഭ്യമല്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലെ വലിയ പ്രദേശം പൂർണമായും തകർന്നടിഞ്ഞു. ഗസ്സയിലെ 90 ശതമാനം ജനങ്ങളും പലയാനം ചെയ്തു. സമുദ്രാതിർത്തിയിൽ പകുതിയിലേറെയും സൈന്യം ബഫർ സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കൻ നഗരമായ റഫ ഉൾപ്പെടെ ഇസ്രായേൽ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണുള്ളത്.

വെടിനിർത്തൽ അവസാനിച്ചതിനു പിന്നാലെ ഗസ്സ അതിർത്തികൾ രണ്ടര മാസത്തോളം ഇസ്രായേൽ അടച്ചിരുന്നു. ഇതോടെ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങിയ ഗസ്സയിലേക്ക് അന്താരാഷ്ട്ര ഇടപെടലിന്‍റെ ഫലമായി മേയ് അവസാനത്തോടെ മാനുഷിക സഹായങ്ങൾ എത്തിത്തുടങ്ങി. അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തിയ ഇസ്രായേൽ നടപടികൾക്കു പിന്നാലെ യു.എൻ ഏജൻസികൾക്കു പോലും അടിസ്ഥാന സഹായങ്ങൾ എത്തിച്ചുനൽകാൻ കഴിയാത്ത സ്ഥിതിവിശേഷമാണ് ഗസ്സയിലുള്ളത്.

അന്താരാഷ്ട്ര സമൂഹത്തിൽ ഇസ്രായേലിനെതിരെ വ്യാപക വിമർശനം ഉയരുമ്പോഴും, ഗസ്സയിലെ സാധാരണക്കാർക്കു നേരെയല്ല, ഹമാസിനു നേരരെയാണ് ആക്രമണം നടത്തുന്നതെന്നാണ് ഇസ്രായേലിന്‍റെ വാദം. എന്നാൽ ലക്ഷക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രായേലിന്‍റെ നടപടി വംശഹത്യയാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി അന്താരാഷ്ട്ര സംഘടനകളാണ് രംഗത്തുവന്നിട്ടുള്ളത്. മാനുഷിക സഹായം എത്തിക്കാൻ യു.എൻ ഏജൻസിയെ അനുവദിക്കാത്ത ഇസ്രായേൽ നടപടിക്കെതിരെയും വിമർശനം ശക്തമാണ്. ഭക്ഷ്യക്ഷാമം കുട്ടികളെ ഉൾപ്പടെ ബാധിക്കുന്ന വിധത്തിലുള്ള നടപടിയാണ് ഇസ്രായേൽ സ്വീകരിച്ചത്.

Tags:    
News Summary - Over 55,000 Palestinians have been killed in Israel-Hamas war: Gaza health officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.