പാകിസ്താനിൽ പുതിയ സർക്കാർ രൂപവത്കരണത്തിന് ഒരുങ്ങി പ്രതിപക്ഷം

ഇസ്‍ലാമാബാദ്: പാകിസ്താനിൽ ഭരണമാറ്റത്തിന് തകൃതിയായ നീക്കവുമായി പ്രതിപക്ഷം. ശനിയാഴ്ച ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതോടെ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ വിക്കറ്റ് തെറിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ.

പുതിയ സർക്കാർ രൂപവത്കരണത്തിന്റെ പ്രാഥമിക ചർച്ച പ്രതിപക്ഷം പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്. ഇംറാൻ പുറത്താകുന്നതോടെ ലണ്ടനിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് രാജ്യത്ത് മടങ്ങിയെത്താനും കളമൊരുങ്ങും. പാകിസ്താൻ മുസ്‍ലിം ലീഗ്-എൻ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ ശഹബാസ് ശരീഫ് (70) ആണ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് എക്സ്പ്രസ് ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു. പുതിയ സർക്കാറിൽ എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും ആനുപാതിക പ്രാതിനിധ്യം നൽകാനും സാധ്യതയുണ്ട്. ആറുമാസമോ ഒരു വർഷമോ ആയിരിക്കും സർക്കാറിന്റെ കാലാവധി. അടുത്ത വർഷമാണ് പാകിസ്താനിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

ദേശീയ അസംബ്ലി പിരിച്ചുവിട്ട് നേരത്തേ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്ന ഇംറാന്റെ നീക്കത്തിനുകൂടിയാണ് സുപ്രീംകോടതി വിധി തിരിച്ചടിയായത്. തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ സമയം അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് അനുകൂല രാഷ്ട്രീയ സാഹചര്യം സംജാതമാകുന്നതോടെ നവാസ് ശരീഫിനൊപ്പം മുൻ ധനകാര്യ മന്ത്രി ഇസ്ഹാഖ് ദറും മടങ്ങിയെത്തും. കാലാവധി തീർന്ന ജാമ്യവ്യവസ്ഥയുടെ പുറത്താണ് ചികിത്സയുടെ പേരിൽ ശരീഫ് ലണ്ടനിൽ കഴിയുന്നത്.

പാനമ പേപ്പേഴ്സ് പുറത്തുവിട്ട അഴിമതിക്കേസിൽ 2017ൽ സുപ്രീംകോടതി അയോഗ്യനാക്കിയതോടെയാണ് നവാസ് ശരീഫിന് രാജിവെക്കേണ്ടി വന്നത്. നവാസ് ശരീഫിന്റെ ഇളയ സഹോദരനാണ് ശഹബാസ്.

Tags:    
News Summary - Opposition is all set to form new government in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.