സമാധാന പ്രതീക്ഷയിൽ എണ്ണവില കുത്തനെ ഇടിയുന്നു; ഹുർമുസ് കടലിടുക്കും തുറക്കുന്നു

ലണ്ടൻ/ജിനീവ: അമേരിക്കയും ഇസ്രായേലും ഇറാനുമായി ഏർപ്പെട്ട യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷകൾ ശക്തമായതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ്. യുദ്ധത്തെത്തുടർന്ന് തടസ്സപ്പെട്ട ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ധാരണയായതാണ് വിപണിക്ക് ആശ്വാസമായത്.

വെള്ളിയാഴ്ച ഒപ്പുവെക്കാനിരിക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന് മുന്നോടിയായി എണ്ണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ആഗസ്റ്റിൽ വിതരണം ചെയ്യേണ്ട ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ബുധനാഴ്ച ഒരു ശതമാനത്തോളം കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം എണ്ണവില അഞ്ച് ശതമാനത്തോളമാണ് കുറഞ്ഞത്.

നിലവിൽ ഒരു ബാരൽ എണ്ണക്ക് 78.24 ഡോളറാണ് വില. യുദ്ധം തുടങ്ങിയ മാർച്ച് മൂന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. യുദ്ധകാലത്ത് എണ്ണവില 50 ശതമാനത്തിലധികം ഉയർന്നിരുന്നു. എന്നാൽ, നിലവിൽ ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേൽ ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള നിരക്കിനേക്കാൾ ഏഴ് ശതമാനം മാത്രമാണ് വിലക്കൂടുതൽ.

ഇറാൻ ഏർപ്പെടുത്തിയിരുന്ന ഉപരോധം നീക്കുന്നതിലൂടെ ഹുർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് പകരമായി ഇറാനിലെ തുറമുഖങ്ങളിലെ ഉപരോധം അമേരിക്ക പിൻവലിക്കും. ഇറാനും ഒമാനും ഇടയിലുള്ള ഈ കടലിടുക്കിലൂടെയുള്ള ഗതാഗതം സ്തംഭിച്ചത് ദിവസേന 1.4 കോടി ബാരൽ എണ്ണയുടെ കുറവാണ് ആഗോള വിപണിയിൽ ഉണ്ടാക്കിയത്.

യുദ്ധം അവസാനിച്ചാലും ആഗോള എണ്ണ വിതരണം പൂർവസ്ഥിതിയിലാകാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഗൾഫ് മേഖലയിൽ മാത്രം അഞ്ഞൂറിലധികം കപ്പലുകളാണ് കടലിടുക്ക് തുറക്കുന്നതും കാത്ത് കെട്ടിക്കിടക്കുന്നത്.

കപ്പൽച്ചാലിൽ വിന്യസിച്ചിരിക്കുന്ന നാവിക മൈനുകൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾക്ക് ആഴ്ചകളോളം സമയം വേണ്ടിവരുമെന്ന് ഇന്റർനാഷണൽ ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സ്റ്റീഫൻ കോട്ടൺ മുന്നറിയിപ്പ് നൽകി. ജിനീവയിൽ നടക്കാനിരിക്കുന്ന കരാർ ഒപ്പുവെക്കൽ ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Oil Prices Plunge Sharply on Peace Hopes; Strait of Hormuz Set to Reopen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.