ഫ്രാൻസ്: ജി7 ഉച്ചകോടിയുടെ സമാപന വേദിയിൽ വീമ്പുപറഞ്ഞ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോക നേതാക്കൾക്കുമുമ്പിൽ താൻ തന്നെയാണ് 'ബോസ്' എന്ന് തമാശരൂപേണ പറയുന്ന വിഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉച്ചകോടിയുടെ അവസാന ദിവസത്തെ നിർണായക യോഗത്തിന് മുന്നോടിയായി, നേതാക്കൾക്ക് അരികിലേക്ക് നടന്നെത്തിയ ട്രംപ് "ഐ ആം ദി ബോസ്" എന്ന് പറഞ്ഞ് സദസ്സിലേക്ക് കടന്നുവരുകയായിരുന്നു. ട്രംപിന്റെ പെട്ടെന്നുള്ള ഈ തമാശയെ ചിരിയോടെയാണ് മറ്റു രാഷ്ട്രത്തലവന്മാർ സ്വീകരിച്ചത്.
വളരെ ഔപചാരികമായ നയതന്ത്ര അന്തരീക്ഷത്തിൽ ട്രംപിന്റെ വരവ് ഉച്ചകോടിയുടെ അവസാന ദിനത്തിലെ ഏറ്റവും ശ്രദ്ധേയമായ ചർച്ചാവിഷയമായി മാറി. ഫ്രഞ്ച് റിസോർട്ട് നഗരമായ എവിയാൻ ലെ ബെയ്ൻസിൽവെച്ചാണ് 52ാമത് ജി7 ഉച്ചകോടി സമാപിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ അന്താരാഷ്ട്ര സുരക്ഷ, ആഗോള സാമ്പത്തിക സഹകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഊർജ സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്.
റഷ്യക്കെതിരെയുള്ള ഉപരോധങ്ങൾ ശക്തമാക്കാനും യുക്രെയ്നുള്ള പിന്തുണ തുടരാനും ഉച്ചകോടിയിൽ തീരുമാനമായി. പ്രത്യേക ക്ഷണിതാവായി എത്തിയ യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി ജി7 രാജ്യങ്ങളുടെ ഐക്യത്തെ സ്വാഗതം ചെയ്തു. ആഗോള വികസന പങ്കാളിത്തം, കുടിയേറ്റക്കാരുടെ കള്ളക്കടത്ത് തടയൽ, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിൽ സംയുക്ത പ്രസ്താവനകളോടെയാണ് ഉച്ചകോടി സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.