ലോകമെമ്പാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർഥികൾക്കുമെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 2024-2025 വർഷങ്ങളിൽ മാത്രം ആഗോളതലത്തിൽ 8,500ലധികം ആക്രമണങ്ങളാണ് വിദ്യാഭ്യാസ മേഖലക്ക് നേരെ ഉണ്ടായത്. തൊട്ടുമുമ്പത്തെ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് 40 ശതമാനത്തിലധികം വർധനവാണ് ഇതിലുണ്ടായിരിക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര കൂട്ടായ്മയായ ഗ്ലോബൽ കോയലിഷൻ ടു പ്രൊട്ടക്റ്റ് എഡ്യൂക്കേഷൻ ഫ്രം അറ്റാക്ക്'പുറത്തുവിട്ട എഡ്യൂക്കേഷൻ അണ്ടർ അറ്റാക്ക് 2026 റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ആക്രമണങ്ങളിൽ ഏറ്റവും ക്രൂരമായ ആഘാതം നേരിട്ടത് ഫലസ്തീനിലാണ്. ഫലസ്തീനിൽ മാത്രം വിദ്യാഭ്യാസ മേഖലയെ ലക്ഷ്യമിട്ട് രണ്ടായിരത്തിലധികം ആക്രമണങ്ങളാണ് നടന്നത്. 2025 അവസാനത്തോടെ ഗസ്സയിലെ എല്ലാ സ്കൂളുകളും പൂർണ്ണമായോ ഭാഗികമായോ തകർക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
യുക്രെയ്നിൽ 900ലധികം സ്കൂളുകൾ ആക്രമിക്കപ്പെട്ടു. ഹെയ്തിയിൽ നാനൂറിലധികം ആക്രമണങ്ങളാണ് ഉണ്ടായത്. കാമറൂൺ, മ്യാൻമർ, നൈജീരിയ, യെമൻ എന്നീ രാജ്യങ്ങളിലാണ് ആക്രമണങ്ങളിൽ ഏറ്റവുമധികം ആളുകൾക്ക് ജീവഹാനിയോ പരിക്കോ സംഭവിച്ചത്. ഇവിടെങ്ങളിലെ 1700-ഓളം വിദ്യാർഥികളും അധ്യാപകരും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി റിപ്പോർട്ട് പറയുന്നു. നൈജീരിയയിൽ എഴുന്നൂറിലധികം വിദ്യാർഥികളെയും ജീവനക്കാരെയുമാണ് തട്ടിക്കൊണ്ടുപോയത്.
റിപ്പോർട്ട് പ്രകാരം ഇന്ത്യയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർഥികൾക്കും നേരെ അക്രമസംഭവങ്ങൾ വർധിച്ചിട്ടുണ്ട്. റിപ്പോർട്ടിങ് കാലയളവിൽ സ്കൂളുകൾക്ക് നേരെ 17 ആക്രമണങ്ങളും, വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ 64 ആക്രമണങ്ങളും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരെ 154 ആക്രമണങ്ങളും ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മണിപ്പൂരിലെ വംശീയ കലാപം, ബോംബ് ഭീഷണികൾ, തീവെപ്പ്, വിദ്യാർഥി-അധ്യാപക പ്രക്ഷോഭങ്ങൾക്ക് നേരെയുണ്ടായ പൊലീസ് നടപടികൾ എന്നിവയാണ് ഇന്ത്യയിലെ പല സംഭവങ്ങൾക്കും കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കശ്മീരിലെ പഹൽഗാം ആക്രമണത്തിന് ശേഷം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഉയർന്ന പ്രകോപനപരമായ പ്രചാരണങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ കശ്മീരി വിദ്യാർഥികൾക്കും തൊഴിലാളികൾക്കും നേരെയുള്ള ആക്രമണങ്ങൾക്ക് കാരണമായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുപ്രീം കോടതി ഉത്തരവ് മറികടന്നുള്ള ബുൾഡോസർ രാജും വിദ്യാഭ്യാസത്തെ ബാധിച്ചതായി റിപ്പോർട്ട് നിരീക്ഷിക്കുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങളും പ്രളയവും ലക്ഷക്കണക്കിന് കുട്ടികളുടെ പഠനം തടസ്സപ്പെടുത്തുകയും സ്കൂളുകൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.
ആയുധധാരികളായ സൈന്യവും മറ്റ് ഗ്രൂപ്പുകളും വിദ്യാലയങ്ങൾ കയ്യേറി സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പ്രവണതയും ഇക്കാലയളവിൽ ഇരട്ടിയായി വർധിച്ചു. കൊളംബിയ, കോംഗോ, എത്യോപ്യ എന്നീ രാജ്യങ്ങളെയാണ് ഇത് കൂടുതലും ബാധിച്ചത്. ഇത് കുട്ടികളെ നിർബന്ധിതമായി സായുധ സംഘങ്ങളിൽ ചേർക്കുന്നതിനും ലൈംഗിക അതിക്രമങ്ങൾക്കും കാരണമായി.
യുദ്ധങ്ങളും വിവരസാങ്കേതികവിദ്യ വിലക്കലുകളും കാരണം യഥാർത്ഥ ആക്രമണങ്ങളുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. സ്കൂളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അന്താരാഷ്ട്ര തലത്തിൽ ശക്തമായ നിയമപരമായ പരിരക്ഷയും കൂട്ടായ പ്രവർത്തനങ്ങളും അടിയന്തരമായി വേണമെന്ന് യുനിസെഫും GCPEA-യും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.