ഡബ്ല്യു.എം.എയിൽ നിന്ന് ഇസ്രായേൽ മെഡിക്കൽ അസോസിയേഷനെ സസ്പെൻഡ് ചെയ്യണം; നിവേദനവുമായി ആയിരത്തിലധികം ആരോഗ്യപ്രവർത്തകരും സംഘടനകളും

പാരീസ്: വേൾഡ് മെഡിക്കൽ അസോസിയേഷനിൽ നിന്ന് (ഡബ്ല്യു.എം.എ) ഇസ്രായേൽ മെഡിക്കൽ അസോസിയേഷനെ (ഐ.എം.എ) സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 1,150-ലധികം ആരോഗ്യ വിദഗ്ധരും ആരോഗ്യ സംരക്ഷണ സംഘടനകളും രംഗത്ത്. മെഡിക്കൽ ധാർമ്മികത പാലിക്കുന്നതിൽ ഐ.എം.എ പരാജയപ്പെട്ടുവെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ കാറ്റിൽപറത്തി ഗസ്സക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ പങ്കാളിയായി തുടരുന്നുവെന്നും സംഘം ഡബ്ല്യു.എം.എക്ക് സമർപ്പിച്ച നിവേദനത്തിൽ പറയുന്നു. ഒക്ടോബർ 7 മുതൽ 10 വരെ നെതർലാൻഡ്‌സിലെ റോട്ടർഡാമിൽ നടക്കാനിരിക്കുന്ന ഡബ്ല്യു.എം.എ ജനറൽ അസംബ്ലിക്ക് മുന്നോടിയായാണ് "മെഡിക്കൽ ധാർമ്മികത ഉയർത്തിപ്പിടിക്കുക; ഇസ്രായേൽ മെഡിക്കൽ അസോസിയേഷനെ വേൾഡ് മെഡിക്കൽ അസോസിയേഷനിൽ നിന്ന് സസ്‌പെൻഡ് ചെയ്യുക" എന്ന തലക്കെട്ടിലുള്ള നിവേദനം സമർപ്പിച്ചത്.

ഡബ്ല്യു.എം.എയുടെ ജനീവയിലെയും ടോക്കിയോയിലെയും പ്രഖ്യാപനങ്ങളിൽ ഉൾപ്പെട്ട അടിസ്ഥാന ധാർമ്മിക തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഐ.എം.എ പരാജയപ്പെട്ടുവെന്നും ഫലസ്തീനിലെ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യസംരക്ഷണ സ്ഥാപനങ്ങൾക്കും നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങളിൽ മൗനം പാലിച്ചുവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.ഫലസ്തീൻ, ലബനാൻ, ഇറാൻ എന്നിവിടങ്ങളിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ രേഖപ്പെടുത്തുന്ന ഫലസ്തീൻ ആരോഗ്യ പ്രവർത്തകർ, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ, അക്കാദമിക് ഗവേഷണങ്ങൾ എന്നിവയിൽ നിന്നുള്ള വിപുലമായ തെളിവുകളും തങ്ങളുടെ വാദങ്ങൾക്ക് ബലമേകാൻ ഹർജിയിൽ ഉദ്ധരിച്ചിട്ടുണ്ട്.

ആശുപത്രികൾ തകർത്തു, ബോംബാക്രമണങ്ങളിൽ ആംബുലൻസുകൾ ലക്ഷ്യം വെച്ചു, ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു, ആരോഗ്യ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു, പീഡിപ്പിച്ചു, വൈദ്യസഹായം നൽകുന്നത് തടഞ്ഞു എന്നിങ്ങനെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണങ്ങളും നിവേദനത്തിൽ അക്കമിട്ട് നിരത്തിയിട്ടുണ്ടെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഇന്ധനം, മാനുഷിക പ്രവർത്തകർ എന്നിവയുൾപ്പെടെയുള്ള മാനുഷികവും വൈദ്യപരവുമായ സഹായങ്ങൾ ഗാസയിലേക്ക് എത്തിക്കുന്നത് ഇസ്രായേൽ തടസ്സപ്പെടുത്തി, അതുവഴി അവശ്യ ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയതായും ഹർജിയിൽ ആരോപിക്കുന്നു.

മൂന്ന് പതിറ്റാണ്ടുകളായി ഇസ്രായേലി മെഡിക്കൽ പ്രൊഫഷണലുകൾ പീഡനങ്ങളിലും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിലും പങ്കാളികളാണെന്ന് സൂചിപ്പിക്കുന്ന വിശ്വസനീയമായ റിപ്പോർട്ടുകൾ ഉണ്ടെന്ന് ഹർജിയിൽ അവകാശപ്പെടുന്നു. കൂടാതെ അത്തരം രീതികൾ വേണ്ടത്ര രേഖപ്പെടുത്താനോ അന്വേഷിക്കാനോ എതിർക്കാനോ ഐ.എം.എ പരാജയപ്പെട്ടുവെന്നും വാദിക്കുന്നു. ഇസ്രായേലി നയങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ഫലസ്തീനികൾക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു.

"2023 നവംബറിൽ ഗസ്സയിലെ ആശുപത്രികളിൽ ബോംബാക്രമണം നടത്താൻ 80 ഇസ്രായേലി ഡോക്ടർമാർ പരസ്യമായി ആഹ്വാനം ചെയ്തിരുന്നുവെന്നും ഇതിലൂടെ ഐ.എം.എ വംശഹത്യക്ക് പച്ചക്കൊടി കാണിക്കുകയായിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.ഗസ്സാൻ അബുസിത്ത, നിക്ക് മെയ്‌നാർഡ്, ഗഡ കർമി, ഡെറക് സമ്മർഫീൽഡ്, ആങ് സ്വീ ചായ്, കരാമെ കുമ്മെർലെ, രൂപ മരിയ, ഹന്നെ ബോസെലേഴ്‌സ്, പാബ്ലോ സൈമൺ ലോർഡ എന്നിവരാണ് നിവേദനത്തിൽ ഒപ്പുവച്ച പ്രമുഖ ആരോഗ്യ സംരക്ഷണ വിദഗ്ധരിൽ ചിലർ.

പീപ്പിൾസ് ഹെൽത്ത് മൂവ്‌മെന്റ്, ഡോക്‌ടേഴ്‌സ് എഗെയിൻസ്റ്റ് ജെനോസൈഡ് (യു.എസ്.എ), ജൂത വോയ്‌സ് ഫോർ പീസ് ഹെൽത്ത് അഡ്വൈസറി കൗൺസിൽ (യു.എസ്.എ), ഗ്ലോബൽ ഹെൽത്ത് ബിഡിഎസ് (യുകെ), ആർട്‌സെൻ വൂർ ഗാസ (നെതർലാൻഡ്‌സ്), ഡിജിയുനോ ഗാസ (ഇറ്റലി), ലക്കാരെ മോട്ട് റാസിസം (സ്വീഡൻ), ഹെൽത്ത് അലയൻസ് ഫോർ ഡെമോക്രസി (ഫിലിപ്പീൻസ്), മെഡിക്കൽ അസോസിയേഷൻ ഫോർ ദി പ്രിവൻഷൻ ഓഫ് വാർ (ഓസ്‌ട്രേലിയ) എന്നിവയും നിവേദനത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

Tags:    
News Summary - Over 1,150 health professionals, groups demand Israel’s suspension from World Medical Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.