ഗ്രോക്ക്
വാഷിങ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിൽ ആയിരക്കണക്കിന് മിസൈലുകൾ തൊടുത്തുവിടാൻ ഇലോൺ മസ്കിന്റെ എ.ഐ ചാറ്റ്‌ബോട്ടായ 'ഗ്രോക്ക്' ഉപയോഗിച്ചതായി അമേരിക്കൻ സർക്കാർ വെളിപ്പെടുത്തി. ഇലോൺ മസ്കിന്റെ എ.ഐ കമ്പനിയായ 'എക്സ്.എഐ' യുമായി ബന്ധപ്പെട്ട ഒരു കോടതി കേസിലാണ് യു.എസ് നീതിന്യായ വകുപ്പ് നിർണായകമായ ഈ വിവരങ്ങൾ പുറത്തുവിട്ടത്. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ സൈനിക ആവശ്യങ്ങൾക്കായി എ.ഐ സംവിധാനങ്ങൾ പിന്തുണക്കുന്നതിനാൽ, ഈ ഡാറ്റാ സെന്ററുകൾ ദേശീയ സുരക്ഷക്ക് അത്യാവശ്യമാണെന്നാണ് ട്രംപ് ഭരണകൂടം കോടതിയിൽ വാദിച്ചത്.
പെന്റഗണിന്റെ ചീഫ് ഡിജിറ്റൽ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫീസറായ കാമറൂൺ സ്റ്റാൻലി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ദേശീയ സുരക്ഷാ ആവശ്യങ്ങളെ പിന്തുണക്കാൻ ശേഷിയുള്ള ചുരുക്കം ചില എ.ഐ മോഡലുകളിൽ ഒന്നാണ് 'ഗ്രോക്ക്' എന്ന് വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് സൈന്യത്തിന്റെ കൃത്രിമബുദ്ധി അധിഷ്ഠിത ലക്ഷ്യനിർണ്ണയ പ്രോഗ്രാമായ 'പ്രൊജക്റ്റ് മാവൻ' പദ്ധതിയിലാണ് ഗ്രോക്കിന്റെ ഗവൺമെന്റ് പതിപ്പ് ഉപയോഗിക്കുന്നത്.
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിനിടയിൽ വെറും 96 മണിക്കൂറിനുള്ളിൽ 2,000 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 2,000ത്തിലധികം സ്ഫോടകവസ്തുക്കൾ വിന്യസിക്കാൻ ഈ സംവിധാനം യു.എസ് സേനയെ സഹായിച്ചതായി സ്റ്റാൻലി വെളിപ്പെടുത്തി. മസ്കിന്റെ സാങ്കേതികവിദ്യ സൈന്യത്തിന്റെ പ്രവർത്തനക്ഷമത വൻതോതിൽ വർധിപ്പിച്ചതായും അദ്ദേഹം പ്രശംസിച്ചു. പെന്റഗൺ തങ്ങളുടെ സൈനിക നീക്കങ്ങൾക്കായി മസ്കിന്റെ എ.ഐ സാങ്കേതികവിദ്യ നേരിട്ട് ഉപയോഗിക്കുന്നു എന്നതിന്റെ ഏറ്റവും വ്യക്തമായ തെളിവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
യുദ്ധങ്ങളിൽ എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിച്ചുവരുന്നതിനെച്ചൊല്ലി വലിയ തർക്കങ്ങളും ആശങ്കകളും നിലനിൽക്കുന്നുണ്ട്. യു.എസ് നടത്തുന്ന വ്യോമാക്രമണങ്ങളിൽ വൻതോതിൽ സാധാരണക്കാർ കൊല്ലപ്പെടുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. പൂർണ്ണമായും മനുഷ്യസഹായമില്ലാതെ തനിയെ ആക്രമണം നടത്തുന്ന എ.ഐ സംവിധാനങ്ങൾക്കും ജനങ്ങളെ കൂട്ടത്തോടെ നിരീക്ഷിക്കുന്നതിനും തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പ്രമുഖ എ.ഐ കമ്പനിയായ ആന്ത്രോപിക് നിലപാട് എടുത്തിരുന്നു. ഇതേത്തുടർന്ന് ഫെബ്രുവരി അവസാനത്തോടെ ആന്ത്രോപിക്കുമായുള്ള കരാറുകൾ യു.എസ് സർക്കാർ റദ്ദാക്കിയിരുന്നു.
ഇതിനുശേഷമാണ് പെന്റഗൺ ഗൂഗ്ൾ, ഓപ്പൺ എ.ഐ, എക്സ്.എ.ഐ തുടങ്ങിയ മറ്റ് എതിരാളികളായ കമ്പനികളെ സൈനിക ആവശ്യങ്ങൾക്കായി സമീപിച്ചത്. രഹസ്യ സൈനിക നീക്കങ്ങൾക്കായി എ.ഐ സാങ്കേതികവിദ്യ വിട്ടുനൽകരുതെന്ന് ആവശ്യപ്പെട്ട് അറുന്നൂറിലധികം ഗൂഗ്ൾ ജീവനക്കാരാണ് രംഗത്തെത്തിയിട്ടുള്ളത്. കൃത്രിമബുദ്ധി ലോകത്തിന് വരുത്തിവെക്കാവുന്ന വലിയ ഭീഷണികളെക്കുറിച്ച് മറ്റ് പല പ്രമുഖരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.