യോഷിത രജപക്സെ
കൊളംബോ: ശ്രീലങ്കയിൽ നാവികസേന നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ പ്രസിഡന്റ് മഹിന്ദ രജപക്സെയുടെ മകൻ യോഷിത രജപക്സെ അറസ്റ്റിൽ. ശ്രീലങ്കൻ അഴിമതി വിരുദ്ധ കമീഷൻ ബുധനാഴ്ചയാണ് യോഷിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൊഴി നൽകാൻ കമീഷന് മുന്നിൽ ഹാജരായ യോഷിതയെ ചോദ്യം ചെയ്യലിനുശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ, കൊളംബോ കോടതി പിന്നീട് കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
2006ൽ യോഷിത രജപക്സെയെ നേവി കേഡറ്റായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് നിലവിലെ അന്വേഷണം. സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ആവശ്യമായ അടിസ്ഥാന യോഗ്യതകൾ ഇല്ലാതിരുന്നിട്ടും യോഷിതയെ നിയമിക്കാൻ നാവികസേനയുടെ ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയോ പ്രത്യേക ഇളവുകൾ നൽകുകയോ ചെയ്തുവെന്നാണ് കമീഷന്റെ കണ്ടെത്തൽ.
യോഷിതയുടെ വിദേശത്തെ സൈനിക പരിശീലനവും അന്വേഷണ പരിധിയിലുണ്ട്. ശ്രീലങ്കൻ സർക്കാറിന്റെ പൂർണ ചെലവിൽ ബ്രിട്ടനിലെ റോയൽ നേവൽ കോളജിൽ ഇദ്ദേഹത്തിന് വിദേശ പരിശീലനം നൽകിയതിൽ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.
ബുധനാഴ്ച രാവിലെ മൊഴി രേഖപ്പെടുത്താനായി അഴിമതി വിരുദ്ധ കമീഷന് മുമ്പാകെ യോഷിത സ്വയം ഹാജരാവുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. കൊളംബോ കോടതി സമുച്ചയത്തിലേക്ക് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ അകമ്പടിയോടെ കൊണ്ടുപോകുന്ന ചിത്രങ്ങൾ ശ്രീലങ്കൻ മാധ്യമങ്ങൾ പുറത്തുവിട്ടു. കേസിൽ നിലവിൽ ഔദ്യോഗികമായി കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
2005 മുതൽ 2015 വരെ ശ്രീലങ്കൻ പ്രസിഡന്റായിരുന്ന മഹിന്ദ രജപക്സെയുടെ ഭരണകാലത്ത് നടന്ന ക്രമവിരുദ്ധമായ നിയമനങ്ങളും അധികാര ദുർവിനിയോഗങ്ങളും വീണ്ടും ചർച്ചയാക്കുന്നതാണ് ഈ അറസ്റ്റ്. രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ കുടുംബങ്ങളിലൊന്നായ രജപക്സെ കുടുംബത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് പുതിയ അഴിമതി അന്വേഷണം വരുത്തിവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.