ഡോണൾഡ് ട്രംപ്,ജോ ബൈഡൻ

‘സാധുവല്ല, റദ്ദാക്കുന്നു’ പൊതുമാപ്പടക്കം ബൈഡൻ ഒപ്പിട്ട ഔദ്യോഗിക രേഖകൾ അസാധുവാക്കി ട്രംപ്

വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഓട്ടോപെൻ ഉപയോഗിച്ച് ഒപ്പിട്ട എല്ലാ ഔദ്യോഗിക രേഖകളും അസാധുവായി പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. ഒപ്പുകൾ കൃത്യതയോടെ പകർത്താൻ സഹായിക്കുന്ന ഉപകരണമാണ് ഓട്ടോപെൻ. റിപ്പബ്ളിക്കൻ, ഡെമോക്രാറ്റിക് പ്രസിഡന്റുമാർ മുമ്പും ഔദ്യോഗിക രേഖകളിൽ ഒപ്പിടാൻ ഓട്ടോപെൻ ഉപയോഗിച്ചിട്ടുണ്ട്.

‘കുപ്രസിദ്ധവും അനധികൃതവുമായ ഓട്ടോപെൻ ഉപയോഗിച്ച് ജോസഫ് ആർ ബൈഡൻ ജൂനിയർ ഒപ്പിട്ട എല്ലാ രേഖകളും, പ്രഖ്യാപനങ്ങളും, എക്സിക്യൂട്ടിവ് ഉത്തരവുകളും, മെമോറാണ്ടങ്ങളും കരാറുകളും അസാധുവായി പ്രഖ്യാപിക്കുന്നു, ഇവ ഇനിമുതൽ നിലനിൽക്കില്ല’ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ‘പൊതുമാപ്പും ഇളവുകളുമടക്കം കാര്യങ്ങൾ ഇത്തരത്തിൽ ഒപ്പിട്ട രേഖകൾ പ്രകാരം ലഭിച്ചവർക്കും നിലവിലെ നടപടി ബാധകമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Full View

പ്രായവും മാനസികമായ പ്രശ്നങ്ങളും മൂലം ​ബൈഡന് ഓഫീസ് കാര്യക്ഷമമായി നിയന്ത്രിക്കാനായിരുന്നില്ലെന്ന ആരോപണം ആവർത്തിക്കുകയാണ് ട്രംപ്. നേരത്തെയും ഓട്ടോപെൻ ഉപയോഗിച്ച് രേഖകളിൽ ഒപ്പിടുന്നതിൽ ബൈഡനെതിരെ ട്രംപ് കടുത്ത വിമർശനമുന്നയിച്ചിരുന്നു.

വൈറ്റ്ഹൗസിൽ ആയിരക്കണക്കിന് ഔദ്യോഗിക രേഖകളിൽ തുടർച്ചയായി ഒപ്പിടേണ്ടി വരുന്നത് എളുപ്പമാക്കാൻ ഓട്ടോപെൻ സംവിധാനമാണ് പ്രസിഡന്റുമാർ പൊതുവെ ഉപയോഗിക്കാറ്. എന്നാൽ,​ ബൈഡൻ അമിതമായി ഓട്ടോപെന്നിനെ ആശ്രയിച്ചത് അദ്ദേഹത്തിന്റെ ഓഫീസിലെ നിയന്ത്രണമില്ലായ്മ വ്യക്തമാക്കുന്നതാണെന്നാണ് ട്രംപിന്റെ ആരോപണം. ബൈഡന്റെ അറിവുപോലുമില്ലാതെ ഒപ്പമുണ്ടായിരുന്നവർ പല നിർണായക തീരുമാനങ്ങളും എടുത്തിരുന്നുവെന്നടക്കം മുമ്പും ട്രംപ് വിമർശനമുന്നയിച്ചിട്ടുണ്ട്.

​പ്രസിഡന്റ് പദവി ഒഴിയുന്നതിന് മുമ്പ്, മുൻ പ്രസിഡന്റ് ജോ ബൈഡൻ നിരവധി കുടുംബാംഗങ്ങൾക്കും രാഷ്ട്രീയ നേതാക്കൾക്കും മുൻകൂർ മാപ്പ് നൽകിയിരുന്നു. ഡോണൾഡ് ട്രംപിന്റെ കടുത്ത വിമർശകരായ വ്യക്തി​കൾ വേട്ടയാടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടായിരുന്നു നടപടി. സ്ഥാന​മൊഴിയുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ബൈഡൻ ഉത്തരവുകളിൽ ഒപ്പിട്ടത്.

ജനുവരി ആറിലെ കാപ്പിറ്റോൾ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിറ്റിയുടെ ഭാഗമായിരുന്ന ജനറൽ മാർക്ക് മില്ലി, ആന്റണി ഫൗസി, കോൺഗ്രസ് അംഗങ്ങൾ തുടങ്ങിയവർക്ക് ഇത്തരത്തിൽ മാപ്പ് നൽകിയിരുന്നു. ഇവർക്ക് പുറമെ, സഹോദരന്മാരായ ജെയിംസ്, ഫ്രാങ്ക്, സഹോദരി വലേരി എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും ബൈഡൻ മാപ്പ് നൽകി. നിലവിലെ ട്രംപിന്റെ ഉത്തരവോടെ ഈ രേഖകളുടെ സാധുത ഇല്ലാതായി. ആവശ്യമെങ്കിൽ ട്രംപി​ന് ഇവർക്കെതി​രെ നടപടി പുനഃരാരംഭിക്കാനാവുന്ന സാഹചര്യമാണെന്നും നിരീക്ഷകർ വിലയിരുത്തുന്നു. 

Tags:    
News Summary - Null And Void: Trump Declares Bidens Autopen-Signed Documents Terminated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.