തെൽഅവീവ്: താൽകാലിക വെടിനിർത്തൽ അവസാനിച്ചയുടൻ ഗസ്സയിൽ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇസ്രായേൽ സൈനിക സന്നാഹം വിലയിരുത്താനായി ഗസ്സ മുനമ്പിലെത്തിയതായിരുന്നു നെതന്യാഹു. ''ഒന്നിനും ഞങ്ങളെ തടഞ്ഞുനിർത്താനാകില്ല. ഞങ്ങൾക്ക് അധികാരവും ശക്തിയുമുണ്ടെന്ന് തെളിയിച്ചുകഴിഞ്ഞു. യുദ്ധത്തിൽ ലക്ഷ്യം നേടാതെ പിൻവാങ്ങില്ല. അതിനു വേണ്ടി എന്തും ചെയ്യും.''-നെതന്യാഹു വ്യക്തമാക്കി.
വെടിനിർത്തൽ നീട്ടുന്നതിനെ അനുകൂലിക്കുന്നതായും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. വെടിനിർത്തൽ നീട്ടിയാൽ ഓരോ ദിവസവും 10 വീതം ബന്ദികളെ മോചിപ്പിക്കാൻ സാധിക്കുമെന്ന് നെതന്യാഹു പറഞ്ഞു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഞായറാഴ്ച 39 ഫലസ്തീനികളെയാണ് ഇസ്രായേൽ മോചിപ്പിച്ചത്. 14 ഇസ്രായേൽ പൗരൻമാരും മൂന്ന് വിദേശികളുമടങ്ങുന്ന ബന്ദികളെ ഹമാസും വിട്ടയച്ചു. ബന്ദികളുടെ കൂട്ടത്തിൽ നാലുവയസുള്ള അമേരിക്കൽ പെൺകുട്ടിയുമുണ്ടായിരുന്നു.
വെടിനിർത്തൽ നീട്ടാൻ സാധിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഫലസ്തീനികൾക്കും ഇസ്രായേലികൾക്കും ശ്വാശ്വത സമാധാനവും സുരക്ഷിതത്വവും വേണമെങ്കിൽ ദ്വിരാഷ്ട്ര പരിഹാരം മാത്രമേയുള്ളൂവെന്നും ബൈഡൻ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ തടവുകാരുടെ മോചനത്തിനായിയും ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനും വെടിനിർത്തൽ നീട്ടാൻ സമ്മർദം ചെലുത്തുമെന്നും ബൈഡൻ വ്യക്തമാക്കി. അതിനിടെ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ ഫലസ്തീനികൾക്കു നേരെ ആക്രമണം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.