മെൽബൺ: ആസ്ട്രേലിയൻ നഗരമായ മിൽദുരയെ ആശങ്കയിലാഴ്ത്തി ആകാശത്തിന് പിങ്ക് നിറം. ബുധനാഴ്ച വൈകുന്നേരമാണ് അസാധാരണമായി ആകാശത്ത് പിങ്ക് നിറം ദൃശ്യമായത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
മേഘാവൃതമായ ആകാശത്തിൽ പിങ്ക് നിറത്തിലുള്ള സർക്കിളാണ് പ്രത്യക്ഷപ്പെട്ടത്. താഴെ നിന്നും ഒരു ലൈറ്റ് മുകളിലേക്ക് പോകുന്നതും കാണാമായിരുന്നു. അതുകൊണ്ട് പിങ്ക് നിറത്തിന്റെ കാരണം ഭൂമിയിൽ നിന്നുള്ള എതോ ഒരു സ്രോതസാണെന്ന നിഗമനത്തിലേക്ക് പലരുമെത്തി. അന്യഗ്രഹ ജീവികൾ എത്തിയതാണെന്ന് വരെ ചില വിരുതൻമാർ കണ്ടെത്തി.
അതേസമയം, ചർച്ചകൾ മുന്നേറുന്നതിനിടെ പിങ്ക് നിറത്തിന്റെ യഥാർഥ കാരണം വെളിപ്പെടുത്തി നഗരത്തിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കാൻ ഗ്രൂപ്പ് രംഗത്തെത്തി. തങ്ങളുടെ ഉടമസ്ഥതയിലുള്ള കഞ്ചാവ് ഫാമാണ് വെളിച്ചത്തിന്റെ ഉറവിടമെന്ന് കമ്പനി അറിയിച്ചു.
കഞ്ചാവ് ചെടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും വിവിധ നിറത്തിലുള്ള ലൈറ്റുകൾ ഉപയോഗിക്കാറുണ്ട്. ചെടി നന്നായി വളരുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത്തരത്തിൽ ഉപയോഗിച്ച ഒരു ലൈറ്റായിരുന്നു ആകാശത്തിലെ വിസ്മയത്തിന് പിന്നിൽ.
പ്രാദേശിക ജനങ്ങൾക്ക് കഴിഞ്ഞ രാത്രി ഒരു ലൈറ്റ് ഷോ കാണാൻ സാധിച്ചു. ഞങ്ങൾ പുതിയ ഒരു കൃഷിയിടത്തിൽ പരീക്ഷണം നടത്തുകയായിരുന്നുവെന്ന് കമ്പനി ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.