ന്യൂഡൽഹി: സിന്തറ്റിക് ഒപിയോയിഡ് വിഭാഗത്തിൽ പെട്ട ഫെന്റനൈൽ രാജ്യത്തേക്ക് അനധികൃതമായി കടത്തുന്ന ഇന്ത്യൻ ബിസിനസുകാരുടെയും കുടുംബാംഗങ്ങളുടെയും വിസകൾ മരവിപ്പിച്ചതായി യു.എസ് ഭരണകൂടം. ഇവർക്ക് ഭാവിയിൽ വീണ്ടും വിസക്ക് അപേക്ഷിക്കാൻ കഴിയില്ലെന്നും അമേരിക്കൻ സർക്കാർ വ്യക്തമാക്കി.
അതേസമയം, വിസ മരവിപ്പിച്ച ഇന്ത്യക്കാരുടെ പേരു വിവരങ്ങൾ യു.എസ് പുറത്തുവിട്ടിട്ടില്ല. ഇത്തരം ആളുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്ക് യു.എസിലേക്ക് യാത്ര ചെയ്യാൻ യാതൊരു അർഹതയുമില്ലെന്ന് ഡൽഹിയിലെ അമേരിക്കൻ എംബസി വ്യകതമാക്കുകയും ചെയ്തു.
''മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിനുള്ള പ്രതിബദ്ധതയിൽ യു.എസും ഇന്ത്യയും ഉറച്ചുനിൽക്കുന്നു. അമേരിക്കയിലേക്കുള്ള നിയമവിരുദ്ധ മയക്കുമരുന്ന് ഉൽപ്പാദനത്തിലും കടത്തിലും ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും അവരുടെ കുടുംബങ്ങൾക്കും യു.എസിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നത് ഉൾപ്പെടെയുള്ള അനന്തരഫലങ്ങൾ നേരിടേണ്ടിവരും''- എംബസി മുന്നറിയിപ്പ് നൽകി.
ഹെറോയിനേക്കാൾ 50 മടങ്ങ് പ്രഹരശേഷിയുള്ള ഒരു സിന്തറ്റിക് ഒപിയോയിഡ് വേദനസംഹാരിയാണ് ഫെന്റനൈൽ. ഇത്തരം മരുന്നുകളുടെ ഉപയോഗം രാജ്യത്തെ 18നും 45നും ഇടയിലുള്ള ആളുകളിൽ വ്യാപകമായ മരണകാരണമാകുന്നുവെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യു.എസ് അധികൃതർ കണ്ടെത്തിയിരുന്നു. ചൈനയാണ് യു.എസിലേക്ക് ഈ മരുന്ന് ഏറ്റവും കൂടുതൽ കയറ്റി അയക്കുന്നതെന്നും ആരോപണമുയർന്നു. ഫെന്റനൈലിന്റെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായി ഫെബ്രുവരി ഒന്നുമുതൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയിൽ നിന്ന് യു.എസിലേക്കുള്ള ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം തീരുവയും മെക്സിക്കോ, കാനഡ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും ചുമത്തിയിരുന്നു.
വേദന സംഹാരി എന്ന നിലയിൽ 1960കളിൽ ഫെന്റനൈൽ ഉപയോഗിക്കാൻ അമേരിക്ക അനുമതി നൽകിയിരുന്നു. 2024 ൽ 48,000 ത്തിലധികം പേർ ഈ മരുന്നിന്റെ ഉപയോഗം മൂലം മരിച്ചുവെന്നാണ് കണക്ക്. രണ്ട് മില്ലീഗ്രാം മുതലുള്ള ചെറിയ അളവിൽ കഴിച്ചാൽ പോലും മാരകമായ പാർശ്വഫലങ്ങളാണ് ഫെന്റനൈൽ ശരീരത്തിലുണ്ടാക്കുന്നത്.
18 നും 45നും ഇടയിൽ പ്രായമുള്ള അമേരിക്കക്കാർക്കിടയിൽ ഒപിയോയിഡ് ലഹരിയുപയോഗമാണ് പ്രധാന മരണകാരണം. 2024ൽ മാത്രം പ്രതിദിനം ശരാശരി 200 പേരാണ് രാജ്യത്ത് ഇത്തരം ലഹരിമരുന്നുകളുടെ ഉപയോഗം മൂലം മരിച്ചത്. യു.എസിലേക്കുള്ള ലഹരിയൊഴുക്കിനെതിരെ നടപടി സ്വീകരിക്കാത്ത രാജ്യങ്ങൾക്ക് ശക്തമായ നടപടി നേരിടേണ്ടി വരുമെന്നു യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.