ഒരു കക്ഷിക്കും ഭൂരിപക്ഷമില്ല; മലേഷ്യയിൽ തൂക്കുസഭ; സർക്കാർ രൂപവത്കരിക്കുമെന്ന് അൻവർ ഇബ്രാഹീമും മുഹ്‍യുദ്ദീൻ യാസീനും

ക്വലാലംബൂർ: മലേഷ്യ ചരിത്രത്തിൽ ആദ്യമായി കൂട്ടുകക്ഷി ഭരണത്തിലേക്ക്. സ്വാതന്ത്ര്യം നേടി 60 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിലാണ് ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ മലേഷ്യ രാഷ്ട്രീയ അനിശ്ചിതത്വത്തിലായത് എന്നതും ശ്രദ്ധേയം. 222 അംഗ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽപ്രധാനമന്ത്രി ഇസ്മാഈൽ സാബ്രി യഅ്ഖൂബിന്റെ ബാരിസാൻ നാഷനൽ(ബി.എൻ) സഖ്യത്തിന് വൻ തിരിച്ചടിയാണ് ഏറ്റത്. ഭരണകക്ഷിയായ ബി.എൻ സഖ്യം 30 സീറ്റിലേക്ക് ഒതുങ്ങി.

പ്രതിപക്ഷ നേതാവ് അൻവർ ഇബ്രാഹീമിന്റെ പകതൻ ഹരപൻ(പി.എച്ച്) സഖ്യമാണ് മുന്നേറ്റമുണ്ടാക്കിയത്. 82 സീറ്റ് സ്വന്തമാക്കിയെങ്കിലും കേവല ഭൂരിപക്ഷത്തിലേക്ക് അത് എത്തില്ല. മുൻ പ്രധാനമന്ത്രി മുഹ്‍യുദ്ദീൻ യാസീന്റെ നേതൃത്വത്തിൽ മലായ് കേന്ദ്രമായുള്ള പെരികതൻ നാഷനൽ(പി.എൻ) പാർട്ടി 73 സീറ്റുമായി തൊട്ടുപിന്നിലുമുണ്ട്.

മലേഷ്യൻ രാഷ്ട്രീയത്തിലെ കരുത്തനായ മുൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിന് അരനൂറ്റാണ്ട് നീണ്ട തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി സ്വന്തം തട്ടകത്തിൽ അടിപതറുകയും ചെയ്തു.

അതിനിടെ, സർക്കാർ രൂപീകരിക്കാനുള്ള പിന്തുണ ഉറപ്പാക്കിയെന്ന് അവകാശപ്പെട്ട് അൻവർ ഇബ്രാഹീമും മുഹ്‌യുദ്ദീൻ യാസീനും രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ രൂപീകരിക്കാൻ വേണ്ട 111 സീറ്റ് ഉറപ്പായിട്ടുണ്ടെന്ന് അൻവർ അവകാശപ്പെട്ടു. ഏതൊക്കെ പാർട്ടികളാണ് പിന്തുണക്കുന്നതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. കൂട്ടുകക്ഷി സർക്കാർ രൂപവത്കരിക്കാനുള്ള തിരക്കിട്ട ചർച്ചകളിലാണ് ഇരുവരും.

Tags:    
News Summary - No clear winner as malaysia election ends in hung parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.