തെഹ്റാൻ: ആണവകേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ആൾനാശമുണ്ടായിട്ടില്ലെന്ന് ഇറാൻ. അറ്റോമിക് എനർജി ഓർഗനൈസേഷൻ വക്താവ് ബെഹ്‌റൂസ് കമൽവണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ ആക്രമണങ്ങൾ ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാതാൻസ്, ഫോർഡോ, ഇസ്ഫഹാൻ, തുടങ്ങിയ സ്ഥലങ്ങളിലൊന്നും വലിയ നാശനഷ്ടമുണ്ടാക്കാൻ ഇസ്രായേലിന് സാധിച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. ആണവകേന്ദ്രങ്ങൾക്ക് ഉണ്ടായ ചെറിയ തകരാറുകൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലിന്റെ ആക്രമണത്തോടുള്ള പ്രതികാരമായി ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) ആസ്ഥാനത്തിനുനേരെ മിസൈലുകൾ അയച്ച് ഇറാൻ കനത്ത പ്രഹരം നൽകിയിരുന്നു. ഇസ്രായേലിന്റെ പെന്റഗൺ എന്നറിയപ്പെടുന്ന ‘കിരിയ’യിൽ ഇറാൻ നടത്തിയ ആക്രമണത്തോടെ പശ്ചിമേഷ്യൻ സംഘർഷം പുതിയ വഴിത്തിരിവിലേക്കു കടക്കുകയാണ്.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇസ്രായേലിന്റെ പ്രധാന സൈനിക ആസ്ഥാനമായ സെൻട്രൽ ടെൽ അവീവിലെ ‘കിരിയ’ കോമ്പൗണ്ടിനെ ഇറാൻ പ്രത്യേകമായി ലക്ഷ്യമിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൃത്യമായ ആക്രമണങ്ങളിലൂടെ ഐ.ഡി.എഫ് ഇറാന്റെ ഉന്നത സൈനിക നേതൃത്വത്തെ തുടച്ചുനീക്കിയതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് പ്രത്യാക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.