ഇസ്‍ലാമാബാദ്: പാക് സൈന്യവും അഫ്ഗാനിസ്ഥാന്റെ താലിബാൻ സേനയും തമ്മിൽ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടലുകൾ പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട്. ഇതിനകം നിലവിലുണ്ടായിരുന്ന ദുർബലമായ വെടിനിർത്തൽ ലംഘിച്ചതായി ഇരുവിഭാഗവും പരസ്പരം ആരോപിച്ചു.
വെടിവെപ്പുകൾ ആരംഭിച്ചതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തി മേഖലയിൽ സ്ഥിതി ചെയ്യുന്ന അഫ്ഗാൻ നഗരമായ സ്പിൻ ബോൾഡാക്കിൽ നിന്ന് താമസക്കാർ രാക്കുരാമാനം പലായനം ചെയ്തു. കാൽനടയായും വാഹനങ്ങളിലുമായി നിരവധി അഫ്ഗാനികൾ പലായനം ചെയ്യുന്നതായി പ്രദേശത്തു നിന്നുള്ള ദൃശ്യങ്ങൾ കാണിക്കുന്നു. നാല് മൃതദേഹങ്ങൾ ഒരു പ്രാദേശിക ആശുപത്രിയിൽ എത്തിച്ചു. മറ്റ് നാല് പേർക്ക് പരിക്കേറ്റു. പാകിസ്താനിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
സമീപ മാസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷങ്ങൾ നടന്നിരുന്നു. അതേസമയം, അഫ്ഗാനിസ്താന്റെ താലിബാൻ സർക്കാറും പാകിസ്താൻ രാജ്യത്തിനുള്ളിൽ വ്യോമാക്രമണം നടത്തിയതായി ആരോപിച്ചു.
രാത്രി മുഴുവൻ വെടിവെപ്പ് നടത്തിയതായി ഇരുപക്ഷവും സ്ഥിരീകരിച്ചു. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സൈദി താലിബാൻ പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തിയതായി ആരോപിച്ചു. അതേസമയം, പാകിസ്താൻ വീണ്ടും ആക്രമണങ്ങൾക്ക് തുടക്കമിട്ടതായും പ്രതികരിക്കാൻ നിർബന്ധിതരായെന്നും ഒരു താലിബാൻ വക്താവ് പറഞ്ഞു.
പാകിസ്താൻ സൈന്യം ലൈറ്റ് ആൻഡ് ഹെവി പീരങ്കികൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും സാധാരണക്കാരുടെ വീടുകൾക്ക് നേരെ മോർട്ടാർ വെടിവെപ്പ് നടത്തിയെന്നും കാണ്ഡഹാർ ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റ് മേധാവി അലി മുഹമ്മദ് ഹഖ്മൽ പറഞ്ഞു. ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ ഇരുപക്ഷവും വെടിനിർത്തലിന് സമ്മതിച്ച് രണ്ട് മാസത്തിനുള്ളിലാണ് ഏറ്റവും പുതിയ ഏറ്റുമുട്ടൽ. ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ട ഒരു ആഴ്ചയിലധികം നീണ്ടുനിന്ന സംഘർഷത്തിന് വെടിനിർത്തലോടെ താൽക്കാലിക വിരാമമായിരുന്നു. 2021ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം പാകിസ്താനും താലിബാനും തമ്മിലുള്ള ഏറ്റവും മോശം ഏറ്റുമുട്ടലായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.